ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കാറിലെത്തിയ മുഖംമൂടി സംഘം ആക്രമിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഉദിനൂർ തെക്കുപുറത്താണ് സംഭവം നടന്നത്. മഴയും ഇടിമിന്നലുമുണ്ടായതിനെത്തുടർന്ന് വൈദ്യുതി നിലച്ച സമയത്താണ് ആക്രമണമുണ്ടായത്. കാഞ്ഞങ്ങാട് അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് മെക്കാനിക്കും ഉദിനൂർ തെക്കുപുറത്ത് താമസക്കാരനുമായ തൈവളപ്പിൽ രാജനാണ് 53, മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിനിരയായത്.
ചെറുത്തുനിൽക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഇരുമ്പ് വടി കൊണ്ട് അടിയേൽക്കുകയും തോളിന് കത്തി കൊണ്ട് വെട്ടേൽക്കുകയും ചെയ്തു. ആക്രമം തടയാനെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവിനും 43, പരിക്കേറ്റു. ഏപ്രിൽ 17-ന് ഇദ്ദേഹത്തിന്റെ മകളുടെ വിവാഹമായതിനാൽ അതിന്റെ ഒരുക്കങ്ങളിലായിരുന്നു രാജൻ. അർധ രാത്രി കാറിൽ വീട്ടുമുറ്റത്തെത്തിയത് പാലക്കാട്ട് നിന്നുള്ള അതിഥികളാണെന്നായിരുന്നു രാജൻ കരുതിയിരുന്നത്.
കാറിന്റെ വാതിൽ തുറന്ന് പുറത്തെത്തിയ മുഖംമൂടി സംഘം അദ്ദേഹത്തിന്റെ മേൽ ചാടി വീണ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയതോടെ ആക്രമികൾ കാറിൽ രക്ഷപ്പെട്ടു.പിടിവലിക്കിടെ നിലത്ത് വീണ രാജൻ കാറിന്റെ നമ്പർ ശ്രദ്ധിച്ചിരുന്നു. കെ.എൽ. 60 പി. 6731 നമ്പർ കാറിലെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് രാജൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സഹപ്രവർത്തകരാണ് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. കാറിലെത്തിയവർ മുഖംമറച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു.