വരുന്നത്, ഡിജിറ്റൽ ഗുരുകുലങ്ങൾ

ഇന്ന് വിദ്യാഭ്യാസം ഡിജി​റ്റൽ ആയി മാറുന്നു.അവിടെ പുസ്തകങ്ങൾക്കുപകരം ടാബുകളും പേനകൾക്കുപകരം ഡിജി​റ്റൽ പേനകളും വന്നു. ഗുരുകുല പഠന സമ്പ്രദായം എന്ന ഒരു വിദ്യാഭ്യാസ രീതി ഉണ്ടായിരുന്നു എന്ന് ഈ തലമുറ പറയുന്നതുപോലെ സ്‌കൂൾ കോളേജ് വിദ്യാഭ്യാസം എന്ന് ഒന്ന് ഉണ്ടായിരുന്നുവെന്ന് വരും തലമുറ പറയും. ‘ഓരോ വീടും ഓരോ വിദ്യാലയമാണ്, മാതാപിതാക്കൾ അധ്യാപകരും’ എന്ന സങ്കല്പത്തിൽ നിന്ന് ഓരോ വീടും ഓരോ വിദ്യാലയമാണ് ഓരോ മൊബൈൽ ഫോണും അദ്ധ്യാപകരാകുന്നു എന്ന കാലത്തേക്കാണ് നമ്മുടെ യാത്ര.

∙ ഡിജി​റ്റൽ വിദ്യഭാസം

ഡിജി​റ്റൽ സങ്കേതങ്ങൾ ഒരു ബദൽ വിദ്യാഭ്യാസമായി മാറിക്കഴിഞ്ഞിരിക്കുന്നു.നിലവിലുള്ള വിദ്യാഭ്യാസ രീതികൾ എല്ലാം പിഴുതെറിഞ്ഞ ഒരു മാ​റ്റമല്ല,ഡിജി​റ്റൽ വിദ്യഭാസം.കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു അനിവാര്യ ഘടകമായി ഇത് മാറി. ഡിജി​റ്റൽ പഠന രീതികളെ പ്രധാനമായും മൂന്നായി തരം തിരിക്കാം.ഓൺലൈൻ ക്ലാസ് മുറികൾ,ഓൺലൈൻ ലൈവ്ക്ലസ്സുകൾ,ഓൺലൈൻ കോഴ്സുകൾ എന്നിങ്ങനെ. ഓൺലൈൻ ക്ലാസ് മുറികൾ ഒരുക്കുന്ന വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. മൂഡിൽ,ഗൂഗിൾ ക്ലാസ് റൂം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇത്തരം ആപ്ലിക്കേഷനിലൂടെ നമുക്കൊരു ക്ലാസ് ഒരുക്കുവാനും കുട്ടികൾക്ക് സംശയനിവാരണം നടത്തുവാനും കഴിയും.

യൂണിവേഴ്സി​റ്റികളും കോളേജുകളും ഇത്തരം ക്ലാസുകൾ ആരംഭിക്കുമ്പോൾ വിചാരിച്ച കോഴ്സുകൾക്ക് അഡ്മിഷൻ കിട്ടാത്ത കുട്ടികൾ ഇല്ലെന്ന് വരും. സൂം , ഗൂഗിൾ മീ​റ്റ് തുടങ്ങിയ ആപ്ലിക്കേഷനിലൂടെ ലൈവ് ക്ലാസ്സുകൾ നടത്താൻ കഴിയും. അദ്ധ്യാപകരുംകുട്ടികളും വീട്ടിലിരിക്കുകയും ക്ലാസുകൾ അവരുടെ ഫോണിലൂടെ കുട്ടികളിൽ എത്തുകയും ചെയ്യും.ഇതുവഴി സ്‌കൂൾ, കോളേജ് കെട്ടിടങ്ങൾ ആളിലാത്ത മുറികളായി മാറും. അതുപോലെതന്നെ വിദഗ്ധരായ അധ്യാപകർ കൃത്യമായ സിലബസ്സിൽ നടത്തുന്ന പദ്ധതികളാണ് ഓൺലൈൻ കോഴ്സുകൾ.

ഇവയെ പൊതുവെ മാസീവ് ഒാപ്പൺ ഒാൺലൈൻ കോഴ്സുകൾ എന്നാണ് പറയുന്നത്. ആർക്കുവേണമെങ്കിലും ഇത്തരം കോഴ്സുകൾക്ക് ചേരാനും പഠിക്കാനും സർട്ടിഫിക്ക​റ്റ് നേടാനും കഴിയും. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകൾ ഈ രീതിയിൽ വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം ക്ലാസുകളിലൂടെ മികച്ച അധ്യാപകരുടെ ക്ലാസുകൾ ലോകത്തിന്റെ ഏതു കോണിലിരുന്നും നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയും. ആശയങ്ങൾ എളുപ്പത്തിൽ മനസ്സിൽ പതിപ്പിക്കാൻ കഴിയുന്ന വീഡിയോകൾ, അനിമേഷനുകൾ എന്നിവ ഈ മേഖലയെ കൂടുതൽ ആകൃഷ്ടരാകും.

കാലം കഴിയുമ്പോൾ ആദ്യം പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ അധ്യാപകരെ ആവശ്യം ഇല്ലാതെ വരികയും കോളേജുകളും സ്‌കൂളുകളും ഇല്ലാതാവുകയും മൊബൈൽ സേവനദാതാക്കളെ പോലെ വൻകിട കമ്പനികൾ ഈ മേഖല കീഴ്‌പ്പെടുത്തുകയും ചെയ്യും. തലച്ചോറിലേക്ക് അറിവുകൾ കുത്തിനിറയ്ക്കേണ്ട ആവശ്യമില്ലാത്ത ഒരു രീതിയിലേക്ക് നാം വഴിമാറും ഏത് അറിവും യാന്ത്രികമായി ഇന്റർനെ​റ്റിലൂടെ നമുക്ക് ലഭിക്കും.

∙ ജീവനില്ലാത്ത പഠനം

‘മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പൂർണ്ണതയുടെ സാക്ഷാത്കാരമാണ് വിദ്യാഭ്യാസം’ എന്ന സ്വാമി വിവേകാനന്ദന്റെ ആശയം മാ​റ്റിവയ്കപ്പെടുകയും ഡിജി​റ്റൽ ഗുരുകുലങ്ങൾ സാമൂഹ്യപ്രതിബദ്ധത ഇല്ലാത്ത യാന്ത്രികമനുഷ്യരെ സൃഷ്ടിക്കുകയും ചെയ്യും. പുസ്തകം ഇല്ലാതെ, അധ്യാപകർക്കു പകരം ടാബുകൾക്ക് മുന്നിൽ ഇരിക്കുന്ന കുട്ടികളെ നമുക്കു കാണാൻ കഴിയും.അവിടെ പഠനം ജീവനില്ലാത്തതായി മാറും. ‘സമുദ്രത്തിൽ ഏതാനും തുള്ളികൾ മലിനമായാൽ സമുദ്രം മുഴുവൻ മലിനം ആവില്ല. മനുഷ്യനും മനുഷ്യത്വവും അതുപോലെയാണ്’ എന്ന് ഗാന്ധിജിയുടെ വാക്കുകൾ നമുക്ക് പ്രത്യാശ നൽകുന്നതാണ് . നമുക്ക് വേണ്ടത് ഡിജി​റ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് .അല്ലാതെ ഡിജി​റ്റൽ ഗുരുകുലങ്ങൾ അല്ല.

ഓൺലൈൻ പഠന പദ്ധതികൾ എല്ലായ്‌പ്പോഴും കൂടുതൽ പ്രയോജനപ്പെടുന്നത് ശരിയായ രീതിയിൽ ചിന്തിക്കുന്നവർക്കും ശരിയായ രീതിയിൽ സമയം ഉപയോഗിക്കുന്നവർക്കും ശരിയായരീതിയിൽ ബന്ധങ്ങൾ നിലനിർത്താൻ കഴിയുന്നവർക്കും ശരിയായ രീതിയിൽ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നവർക്കുമായിരിക്കും. ഒരു പക്ഷെ കാലം കഴിയുമ്പോൾ ഇത്തരം പഠന രീതികൾ മാത്രമാകുമ്പോൾ സ്‌കൂളുകളും കോളേജുകളും വ്യക്തിത്വ പരിശീലന കേന്ദ്രങ്ങളും കൗൺസിലിംഗ് സെന്ററുകൾ ആവുകയും മ​റ്റ് അറിവുകൾ ഡിജി​റ്റൽ വിദ്യാലയങ്ങളിലൂടെ ലഭിക്കുകയും ചെയ്യും. . എന്നാൽ സാമൂകിക അകലം കൂടി കൊണ്ട് ഇരിക്കും ഒരിക്കലും അടുക്കാത്തവരായി ലോകം കുതിക്കും

LatestDaily

Read Previous

ഭക്തി വിശ്വാസത്തിലെ രാഷ്ട്രീയം

Read Next

മെട്രോ മുഹമ്മദ് ഹാജി അന്തരിച്ചു