തോമസ് വിഷയത്തിൽ കെ.സുധാകരന് ക്ഷീണം

കാഞ്ഞങ്ങാട് : കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ തട്ടകത്തിൽ നടക്കുന്ന  സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിലേക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പ്രഫ. കെ.വി.തോമസിനെ സിപിഎം ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചതോടെ കെ.സുധാകരന് കിട്ടിയത് അതിശക്തമായ തിരിച്ചടി. സിപിഎമ്മിനോട് തീർത്താൽ തീരാത്ത പകയുള്ള കോൺഗ്രസ് നേതാവാണ് കെ.സുധാകരൻ.

ഈ പകയാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് ശശി തരൂരിനെയുംകെ.വി.തോമസിനെയും വിലക്കിയതിന് പിന്നിൽ. സ്വന്തം തട്ടകത്തിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ്സിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്താലുണ്ടാകുന്ന ക്ഷീണം മനസ്സിലാക്കിയാണ് കെ.സുധാകരൻ കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനെ  പല്ലും നഖവുമുപയോഗിച്ച് എതിർത്തത്. ശശി തരൂരും കെ.വി.തോമസും പലവിഷയങ്ങളിലും എൽഡിഎഫ് സർക്കാറിന്റെ നയങ്ങളോടൊപ്പമാണ്.

കെ.റെയിൽ വിഷയത്തിലടക്കം ശശി തരൂരും കെ.വി.തോമസും കെപിസിസിയുടെ നയങ്ങൾക്കെതിരുമാണ്. സ്വന്തം തട്ടകത്തിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് ശശി തരൂരും ,കെ.വി.തോമസും ഇടതുപക്ഷത്തിനും സിപിഎമ്മിനും അനുകൂലമായി എന്തെങ്കിലും പറഞ്ഞാൽ കെ.സുധാകരൻ കെട്ടിപ്പൊക്കിയ സെമികേഡർ പ്രതിഛായ തകർന്ന് വീഴും. ഇത് ചെറുക്കാനാണ് കെ.സുധാകരൻ ഹൈക്കമാന്റിനെ പിടിച്ച് ശശി  തരൂരിനും കെ.വി. സുധാകരനും വിലക്കേർപ്പെടുത്തിയത്.

കോൺഗ്രസിനെ ഉരുക്കുമുഷ്ടിയുപയോഗിച്ച് നിയന്ത്രിക്കുന്നയാളാണ് കെ.സുധാകരനെന്ന പ്രതീതി അദ്ദേഹം സ്വന്തം പാർട്ടിക്കുള്ളിൽ സൃഷ്ടിച്ചിരുന്നു. ഈ പ്രതിഛായയെ പാടെ തകർക്കാൻ കഴിഞ്ഞുവെന്നതാണ് കെ.വി.തോമസ്സിനെ പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലെത്തിച്ചത് വഴി സിപിഎമ്മിനുണ്ടായ നേട്ടം. കോൺഗ്രസിൽ നിന്നും പുറത്താക്കിയാലും കെ.വി.തോമസ് വഴിയാധാരമാകില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെയും എം.വി.ജയരാജന്റെയും പ്രസ്താവനകൾ സിപിഎം എന്തൊക്കെയോ ഉറപ്പിച്ചിട്ടുണ്ടെന്നതിന്റെ സൂചന തന്നെയാണ്.

പാർട്ടി കോൺഗ്രസ് സെമിനാറിൽ  പങ്കെടുക്കാനെത്തിയ കെ.വി.തോമസിനെ ചുവപ്പ് ഷാളണിയിച്ചാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഇന്നലെ സ്വീകരിച്ചത് രാഷ്ട്രീയ കേരളം ഉറ്റുനേക്കുകയാണ്. ഇതിൽ നിന്ന് തന്നെ സന്ദേശം വ്യക്തമാണ്. കെ.വി.തോമസിനെ സിപിഎമ്മിന്റെ വേദിയിലെത്തിക്കുകയെന്നത് സിപിഎം ജില്ലാ ഘടകത്തിന്റെ കൂടി വാശിയായിരുന്നു. അതിൽ സിപിഎം വിജയിച്ചതോടെ കെ.സുധാകരന് ശക്തമായ രാഷ്ട്രീയ തിരിച്ചടി നൽകാനും സിപിഎമ്മിന് കഴിഞ്ഞു.

കെ.വി.തോമസ് പാർട്ടി കോൺഗ്രസ് വേദിയിൽ പങ്കെടുക്കാൻ തീരുമാനമെടുത്താൽ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച ആവേശം കെ.സുധാകരന് ഇപ്പോഴില്ലെന്നതും കൗതുകമാണ്. കെ.വി.തോമസിന്റെ രാഷ്ട്രീയ ഭാവി എന്തായിരിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയാൽ കെ.വി.തോമസിനെ സിപിഎം  രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. അദ്ദേഹത്തിന് അർഹമായ സ്ഥാനമാനങ്ങൾ സിപിഎം നൽകുകയും ചെയ്യും

LatestDaily

Read Previous

സിപിഎം സെമിനാർ ദേശീയ ശ്രദ്ധ പിടിച്ചു പറ്റി

Read Next

ഷമ്മാസിന്റെ ജഡം സംസ്കരിച്ചു