ബാലകൃഷ്ണൻ മരിച്ചത് മകന്റെ ചവിട്ടേറ്റ്

ആദൂർ: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ പാണ്ടി വെള്ളരിക്കയയിൽ ബാലകൃഷ്ണന്റെ 55, മരണം ചവിട്ടേറ്റെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഏപ്രിൽ 5-ന് പുലർച്ചെയാണ് ബാലകൃഷ്ണനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 4-ന് അർധരാത്രിയോടെ ബാലകൃഷ്ണനും മകൻ നരേന്ദ്രപ്രസാദുമായി വീട്ടിനുള്ളിൽ വഴക്കുണ്ടായിരുന്നു. കലഹത്തിനിടെ നരേന്ദ്രപ്രസാദ് പിതാവ് ബാലകൃഷ്ണന്റെ വയറ്റത്തും നെഞ്ചത്തും ചവിട്ടി. ശക്തമായ ചവിട്ടേറ്റ് ബോധരഹിതനായ ഇദ്ദേഹം പുലരും വരെ അബോധാവസ്ഥയിൽ വീട്ടുമുറ്റത്ത് കിടന്ന് മരിക്കുകയായിരുന്നു.

നരേന്ദ്രപ്രസാദിന്റെ ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് ബാലകൃഷ്ണന്റെ മരണത്തിന് കാരണമെന്ന് പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ മകൻ നരേന്ദ്രപ്രസാദിനെതിരെ ആദൂർ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആദൂർ എസ്ഐ, ഇ. രത്നാകരനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. യുവാവിനെ കോടതി റിമാന്റ് ചെയ്തു.

മദ്യലഹരിയിലുണ്ടായ തർക്കമാണ് ഇരുവരും  തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചതും, കൊലപാതകത്തിന് കാരണമായതും. ഇവരുടെ വീട്ടിനുള്ളിൽത്തന്നെ വ്യാജച്ചാരായം നിർമ്മിച്ചിരുന്നതായി സൂചനയുണ്ട്. ഇന്നലെയാണ് ബാലകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ജഢം ഏറ്റുവാങ്ങി സംസ്കരിച്ചു.

മകന്റെ ചവിട്ടേറ്റ ബാലകൃഷ്ണന്റെ വാരിയെല്ലുകൾക്ക് ക്ഷതമേറ്റതായും ഇതേത്തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തിൽ രക്തം ശ്വാസകോശത്തിൽ കട്ടകെട്ടിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ഇതാണ് മരണകാരണം. കേസിന്റെ തുരന്വേഷണം ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും നടത്തും.

LatestDaily

Read Previous

ലീഗ് ഓഫീസിലെ ജനറേറ്റർ മോഷണത്തിന് പിന്നിൽ യൂത്ത് ലീഗ് നേതാവ്

Read Next

വിദ്യാർഥിനിയെ പീഡിപ്പിച്ച സംഗീതാധ്യാപകന് ജീവപര്യന്തം