ലീഗ് ഓഫീസിലെ ജനറേറ്റർ മോഷണത്തിന് പിന്നിൽ യൂത്ത് ലീഗ് നേതാവ്

കാസർകോട് : ഏറെ നാളത്തെ അന്വേഷണത്തിനും  അഭ്യൂഹങ്ങൾക്കുമൊടുവിൽ കാസർകോട് നഗരത്തിലുള്ള ലീഗ് ഓഫീസിലെ ജനറേറ്റർ കട്ടു കടത്തിയ യഥാർത്ഥ മോഷ്ടാവ് പാർട്ടി നേതാവ് കൂടിയായ എടനീർ സ്വദേശിയാണെന്ന് കണ്ടെത്തി. 2020-ലാണ് ലീഗിന്റെ പോഷക സംഘടനയായ സ്വതന്ത്ര കർഷക സംഘത്തിന്റെ ഒരു പരിപാടിക്കായി ഉപയോഗിച്ച ശേഷം തിരിച്ച് വെക്കാൻ നേരത്ത് ജനറേറ്റർ അപ്രത്യക്ഷമായത്. 

ജനറേറ്റർ എങ്ങനെ നഷടപ്പെട്ടുവെന്നറിയാതെ അന്നത്തെ കർഷക സംഘം ജില്ലാ നേതാക്കൾ ഈ മോഷണം സംബന്ധിച്ച് കാസർകോട് ടൗൺ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിന് ശേഷം പാർട്ടിയുടെ നിരവധി പരിപാടികൾക്ക് ജനറേറ്റർ വാടകക്കെടുക്കുകയാണ് പതിവ്. ദുബായ് കാസർകോട് മുനിസിപ്പൽ കെഎംസിസി കാസർകോട്ടെ ലീഗ് കമ്മറ്റിക്ക് സ്പോൺസർ ചെയ്ത ജനറേറ്ററായിരുന്നു മോഷണം പോയത്.

ഒന്നര വർഷത്തോളമായി യാതൊരു വിവരവുമില്ലാതിരുന്ന ജനറേറ്റർ മോഷണത്തെക്കുറിച്ച് ഈ അടുത്ത കാലത്താണ് ടൗൺ പോലീസിന് ചില സൂചനകൾ ലഭിച്ചതും കള്ളൻ കപ്പലിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞതും. സംഭവ ദിവസം കർഷകസംഘത്തിന്റെ പരിപാടിക്ക് ശേഷം സംഘാടകർ പരിസരത്ത് നിന്നും പോയ തക്കത്തിൽ അന്നത്തെ യൂത്ത് ലീഗ് ജില്ലാ ഭാരവാഹി കൂടിയായ എടനീർ സ്വദേശിയാണ് പാർട്ടി ഓഫീലെ ജനറേറ്റർ കടത്തിക്കൊണ്ട് പോയി മറിച്ച് വിൽക്കാൻ ഒളിപ്പിച്ചത്. 

ഒന്നര വർഷം കഴിഞ്ഞിട്ടും ജനറേറ്ററിനെക്കുറിച്ച് കർഷക സംഘം നേതാക്കൾ വിടാതെ അന്വേഷിച്ചതിനൊടുവിലാണ് ജനറേറ്റർ സൂക്ഷിക്കാനേൽപിച്ച നേതാവിന്റെ സുഹൃത്ത് ഗത്യന്തരമില്ലാതെ തന്റെ നിരപരാധിത്വവും മോഷണത്തിന് പിന്നിൽ  യൂത്ത് ലീഗ് നേതാവായ എടനീർ സ്വദേശിയാണെന്നും പോലീസിനോട് സമ്മതിച്ചത്.  ഇതോടെ ഇപ്പോൾ സ്റ്റേറ്റ് യൂത്ത് ലീഗ് ഭാരവാഹി കൂടിയായ എടനീർ സ്വദേശിയെ പോലീസ് ടൗൺ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.   ഇതോടെ ഒരു ജില്ലാ ലീഗ് ഭാരവാഹി ഇടപെട്ട് സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെങ്കിലും, കർഷക സംഘം നേതാക്കൾ ഇതിന് തയ്യാറായില്ല.

കണ്ടെടുത്ത ജനറേറ്റർ തങ്ങളെ തന്നെ തിരിച്ചേൽപിക്കണമെന്നും മോഷ്ടാവിന്റെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും പോലീസിനോട് കർഷക സംഘം ഭാരവാഹികൾ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.  കാസർകോട്ടെ മുസ്ലീം ലീഗ് പാർട്ടി വൃത്തത്തിനുള്ളിൽ ഏറെ ചർച്ചാ വിഷയമായിരിക്കുകയാണ് യൂത്ത് ലീഗ് നേതാവിന്റെ ജനറേറ്റർ മോഷണം.

LatestDaily

Read Previous

ഷോക്കേറ്റ് മരിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെ മൃതദേഹം സംസ്കരിച്ചു

Read Next

ബാലകൃഷ്ണൻ മരിച്ചത് മകന്റെ ചവിട്ടേറ്റ്