ഷോക്കേറ്റ് മരിച്ച ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടിന്റെ മൃതദേഹം സംസ്കരിച്ചു

കാഞ്ഞങ്ങാട് : പൊട്ടിവീണ ഇലക്ട്രിക് കമ്പിയിൽ സ്കൂട്ടർ കയറി ഷോക്കേറ്റു മരിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കൊവ്വൽപ്പള്ളി മന്ന്യോട്ടെ ഡി. വി. ബാലകൃഷ്ണന്റെ മൃതദേഹം സംസ്ക്കരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാൽ മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മന്ന്യോട്ട് അമ്പലത്തിന് മുന്നിലൂടെ  കിഴക്കോട്ടു പോകുന്ന ഇടവഴിയിൽ ഇലക്ട്രിക് കമ്പി പൊട്ടിവീണത്.

എട്ടുവയസ്സുള്ള മകളുടെ മകനെ ലക്ഷ്മി നഗറിലുള്ള ട്യൂഷൻ കേന്ദ്രത്തിൽ നിന്ന് വൈകുന്നേരം  സ്കൂട്ടറിൽ കയറ്റി മന്ന്യോട്ടുള്ള വീട്ടിലേക്ക് ഒാടിച്ചുവരുമ്പോൾ വഴിയിലാണ് അപകടം. മൂന്നാംതരം വിദ്യാർത്ഥിയായ ആൺകുട്ടി ഷോക്കേറ്റപ്പോൾ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു.  ഗുരുവനം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ കുട്ടിയുടെ മാതാവ് നവ്യ ജില്ലാ ആശുപത്രിയിൽ നഴ്സാണ്. ഷോക്കേറ്റുവീണ ബാലകൃഷ്ണന്റെ ദേഹത്ത് സ്കൂട്ടർ മറിഞ്ഞുവീണു കിടന്നു. നാട്ടുകാർ എത്തി ഉടൻ ബാലകൃഷ്ണനെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണവാർത്തയറിഞ്ഞ് നിരവധി കോൺഗ്രസ് പ്രവർത്തകരും മറ്റും ജില്ലാ ആശുപത്രിയിൽ  എത്തിയിരുന്നു. ആശുപത്രി മോർച്ചറിയിലെ ശീതീകരണിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടുകാർക്ക് ദർശിക്കാൻ വീണ്ടും പുറത്തെടുത്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ഡിസിസി ജനറൽ  സിക്രട്ടറി  പി.വി.സുരേഷ്, മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി സിക്രട്ടറി എം.അസിനാർ, രാജൻ പെരിയ, വിനോദ് കുമാർ പള്ളയിൽ വീട് തുടങ്ങി കോൺഗ്രസ് പ്രാദേശിക നേതാക്കളടക്കം നിരവധി കോൺഗ്രസ്  പ്രവർത്തകരും മറ്റും മരണ വിവരമറിഞ്ഞ് വൈകീട്ട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.

ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബാലകൃഷ്ണന്റെ  മൃതദേഹം കോൺഗ്രസ് പ്രവർത്തകർ ഏറ്റുവാങ്ങി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് പരിസരത്ത് പൊതുദർശനത്തിന് വെച്ചു. ബാലകൃഷ്ണൻ ഹൊസ്ദുർഗ്ഗ് ബാങ്ക് ഡയറക്ടറാണ്. മരണത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മന്ന്യോട്ടെ ധാരവളപ്പിൽ കുടുംബാംഗമാണ് ബാലകൃഷ്ണൻ. ഭാര്യ : ഗൗരി, മക്കൾ :നവ്യ, ദിവ്യ. മരുമക്കൾ: വസന്തൻ, സൂരജ്.  സഹോദരങ്ങൾ: മീനാക്ഷി, ഒാമന, ദാമോദരൻ.

LatestDaily

Read Previous

ശീതള പാനീയത്തിൽ ലഹരി മരുന്ന് കലർത്തി പീഡനം

Read Next

ലീഗ് ഓഫീസിലെ ജനറേറ്റർ മോഷണത്തിന് പിന്നിൽ യൂത്ത് ലീഗ് നേതാവ്