വ്രത വിശുദ്ധിയുടെ രാപ്പകലുകൾ മസ്ജിദുകൾ ഭക്തിസാന്ദ്രം

കാഞ്ഞങ്ങാട്: റമദാൻ മാസപ്പിറവി ഉറപ്പിച്ച് കൊണ്ടുള്ള ഖാസിമാരുടെ പ്രഖ്യാപനം ശനിയാഴ്ച രാത്രി ഒമ്പത് കഴിഞ്ഞ് വന്നതിന് പിന്നാലെ വ്രതവിശുദ്ധിയുടെ രാപ്പകലുകൾക്ക് മലബാറിലും തുടക്കമായി. കന്യാകുമാരിയിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായതിനെതുടർന്ന് തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം വി.പി. ശുഹൈബ് മൗലവിയും ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഞായറാഴ്ച റമദാൻ വ്രതാരംഭമായിരിക്കുമെന്ന് അറിയിച്ചിരുന്നു.

ഇപ്രകാരം കർണ്ണാടകയുടെ ചില ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനാൽ കർണ്ണാടകയിലും റമദാൻ ഞായറാഴ്ചയായിരിക്കുമെന്ന അറിയിപ്പുകൾ വന്നു. എന്നാൽ പരപ്പനങ്ങാടിയിലെ ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതായ പ്രഖ്യാപനം വന്നത് രാത്രി ഒമ്പത് കഴിഞ്ഞായിരുന്നു. ഇതോടെ മലബാറിലെ മസ്ജിദുകളിൽ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരത്തിന് വിശ്വാസികൾ എത്തിത്തുടങ്ങി. തുടർന്ന് മസ്ജിദുകൾ ഭക്തി സാന്ദ്രമായി. കേരളത്തിലും കർണ്ണാടകയിലും തമിഴ്നാട്ടിലുമടക്കം ദക്ഷിണേന്ത്യയിൽ മുഴുക്കെ  ഞായറാഴ്ച റമദാൻ വ്രതത്തിന് തുടക്കമായി. ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച തൊട്ട് തന്നെ റമദാൻ വ്രതം ആരംഭിക്കുകയുണ്ടായി.

ഇനിയുള്ള ഒരു മാസത്തെ രാപ്പകലുകൾ വിശ്വാസികൾക്ക് വ്രതവിശുദ്ധിയിൽ ചാലിച്ച  പുണ്യങ്ങളുടെ പൂക്കാലമായിരിക്കും. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളുപേക്ഷിച്ച് കൊണ്ടാണ് വിശ്വാസികൾ വ്രതമെടുക്കുന്നത്. രാത്രിയിൽ മസ്ജിദുകളും വിശ്വാസി ഭവനങ്ങളും പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും കൊണ്ട് മുഖരിതമാവും. പോയ രണ്ട് വർഷങ്ങളിൽ കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു റമദാനിലെ പ്രാർത്ഥനകൾ. ഇത്തവണ അനുഗ്രഹീതമാസം കടന്ന് വരുമ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നാമമാത്രമായിരിക്കുന്നു. ഇതോടെ പള്ളികളിലെ രാത്രികാലം  വിശ്വാസികളുടെ വസന്തോത്സവത്തിന് വഴിമാറുകയാണ്.

LatestDaily

Read Previous

വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം

Read Next

മദ്യലഹരിയിൽ മകൻ പിതാവനെ തള്ളിയിട്ട് കൊന്നു