വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം

കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ പോഷക സംഘടനയായ ഐഎൻടിയുസിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിപ്പറഞ്ഞതിനെച്ചൊല്ലി കോൺഗ്രസിൽ കടുത്ത ആഭ്യന്തര കലഹം. സംയുക്ത തൊഴിലാളി സംഘടനകൾ മാർച്ച് 28, 29 തീയ്യതികളിൽ നടത്തിയ സംയുക്ത സമരത്തിന്  പിന്നാലെയാണ് ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിവാദ പരാമർശം വി.ഡി. സതീശൻ നടത്തിയത്.

രൂപീകരണ കാലം മുതൽ കോൺഗ്രസിന്റെ കൊടിക്കീഴിൽ അണിനിരന്ന തൊഴിലാളി സംഘടനയാണ് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസെന്ന ഐഎൻടിയുസി. പ്രതിപക്ഷ നേതാവ് സംഘടനയെ തള്ളിപ്പറഞ്ഞതോടെ കോട്ടയം ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെതിരെ തൊഴിലാളികൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചിരുന്നു.

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം രാജിവെക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നേതാവിനെ കയ്യിൽ കിട്ടിയാൽ കരണത്ത് രണ്ടെണ്ണം പൊട്ടിക്കുമെന്നും തൊഴിലാളികൾ തുറന്നടിച്ചിരുന്നു. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രതിപക്ഷ നേതാവിനെതിരെ നടന്ന ഐഎൻടിയുസി പ്രകടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം രമേശ് ചെന്നിത്തലയാണെന്നാണ് സൂചന. തന്നെ പാർട്ടിയിൽ മൂലയ്ക്കിരുത്തിയ വി.ഡി. സതീശനെ രാഷ്ട്രീയമായി അടിക്കാൻ രമേശ് ചെന്നിത്തല തൊഴിലാളികളെ ഇളക്കി വിടുകയായിരുന്നുവെന്നാണ് സൂചന.

ചങ്ങനാശ്ശേരിയിലെ കുഴപ്പങ്ങൾക്ക് പിന്നിൽ കുത്തിത്തിരിപ്പ് സംഘമാണെന്നാണ് വി.ഡി. സതീശന്റെ ആക്ഷേപം. ഐഎൻടിയുസിക്കെതിരെ നടത്തിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറായിട്ടുമില്ല. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയാണെന്ന് പ്രഖ്യാപിച്ച് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയതോടെ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന്  വ്യക്തമായിക്കഴിഞ്ഞു.

ഐഎൻടിയുസിയും കോൺഗ്രസും തമ്മിലുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അതേസമയം, കോൺഗ്രസിലെ മറ്റ് നേതാക്കൾ വിഷയത്തിൽ തുറന്ന പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കോൺഗ്രസിന് വേണ്ടി മുദ്രാവാക്യം  വിളിക്കുകയും ജാഥകളിൽ  പങ്കെടുക്കുകയും ചെയ്യുന്ന തങ്ങളെ പ്രതിപക്ഷ നേതാവ് അവഗണിച്ചതിൽ ഐഎൻടിയുസി പ്രവർത്തകർക്കിടയിൽ ശക്തമായ രോഷമുണ്ട്.

ഈ രോഷമാണ് തൊഴിലാളി സംഘടന ചങ്ങനാശ്ശേരിയിൽ പരസ്യമായി പ്രകടിപ്പിച്ചത്. അഖിലേന്ത്യാ പണിമുടക്കിൽ ഐഎൻടിയുസിയും സിഐടിയുവുമടക്കമുള്ള സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് സതീശനെ പ്രകോപിച്ചതെന്ന് കരുതുന്നു. എളമരം കരീം, എംപിക്കെതിരെ മാധ്യമ പ്രവർത്തകൻ നടത്തിയ അധിക്ഷേപത്തെ ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ ശക്തമായി എതിർത്തിരുന്നു. ഇതൊക്കെയാണ് വി.ഡി. സതീശന് ഐഎൻടിയുസിയെ തള്ളിപ്പറയാൻ പ്രേരകമായതെന്ന് ആക്ഷേപമുണ്ട്.

ഐഎൻടിയുസിയെ പരസ്യമായി തള്ളിപ്പറയുന്നതിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ട നിലയിലാണ്. സതീശന്റെ പ്രസ്താവന കടന്നുപോയെന്ന അഭിപ്രായമാണ് പാർട്ടിയിൽ പല നേതാക്കൾക്കുമുള്ളത്. ഈ അവസരം മുതലെടുത്ത് പാർട്ടിയിൽ ശക്തി നേടാമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷ. ചങ്ങനാശ്ശേരിയിലെ കുഴപ്പങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന തരത്തിൽ വി.ഡി. സതീശൻ ഇന്നലെ ഒളിയമ്പെയ്തിരുന്നു.

1947ൽ സർദാർ വല്ലഭായി പട്ടേലാണ് ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് രൂപീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  തൊഴിലാളി വിഭാഗമെന്ന നിലയിലാണ് സംഘടനയ്ക്ക് രൂപം നൽകിയത്. കോൺഗ്രസിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച തൊഴിലാളി സംഘടനയാണ് ഐഎൻടിയുസി.  കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലടക്കം സംഘടനയുടെ പേരുണ്ട്. ഇതെല്ലാം മറന്നാണ് വി.ഡി. സതീശൻ ഐഎൻടിയുസിയെ പരസ്യമായി തള്ളിപ്പറഞ്ഞത്. വി.ഡി. സതീശനെതിരെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന പടയൊരുക്കത്തിന്റെ സൂചനയാണ് ചങ്ങനാശ്ശേരിയിലെ ഐഎൻടിയുസി പ്രകടനമെന്ന് വിലയിരുത്തപ്പെടുന്നു.

LatestDaily

Read Previous

പാർട്ടി കോൺഗ്രസിന് കണ്ണൂർ ഒരുങ്ങി

Read Next

വ്രത വിശുദ്ധിയുടെ രാപ്പകലുകൾ മസ്ജിദുകൾ ഭക്തിസാന്ദ്രം