ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോവിഡ് 19 ന്റെ ഈ കാലത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ലോകാരോഗ്യ സംഘടനക്കെതിരെ നിരന്തരം പ്രസ്താവനകൾ ഇറക്കുകയും അവർക്കു നൽകേണ്ട അംഗത്വ സംഭാവനയും വരിസംഖ്യയും നിറുത്തിവയ്ക്കാനും തീരുമാനിച്ചിരുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻവാങ്ങുന്നുവെന്നും പ്രഖ്യാപിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ തീരുമാനത്തെ മാനവരാശിക്കെതിരായ യുദ്ധപ്രഖ്യാപനമായിട്ടേ കാണാനാവൂ. ഒരു അന്താരാഷ്ട്ര ജനാധിപത്യ സംഘടനയോടുള്ള അവരുടെ മനോഭാവവും മനസ്സിലാക്കാം. എന്നാൽ ലോകം അതിൽ ആകുലപ്പെടേണ്ട കാര്യമില്ല. അമേരിക്ക ഇല്ലാതിരിക്കുന്നതാവും ലോകാരോഗ്യ സംഘടനക്ക് അഭികാമ്യം. കാലാകാലങ്ങളായി അമേരിക്ക അനുവർത്തിക്കുന്ന നയങ്ങൾ ഐക്യരാഷ്ട്രസഭയുടെ ജനാധിപത്യ വേദികളെ ശ്വാസം മുട്ടിക്കുന്നവയാണ്. കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായി അമേരിക്ക മാറിയ പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടത്തിന്റെ പരാജയവും ഒപ്പം അവിടത്തെ വാണിജ്യവൽക്കരിക്കപ്പെട്ട ആരോഗ്യരംഗവും ലോകത്തിനു മുൻപിൽ അനാവൃതമായിരിക്കുകയാണ്.
സ്വന്തം തെറ്റുകൾക്ക് ബലിയാടുകളെ കണ്ടെത്തുന്നതിൽ മിടുക്കനായ ട്രംപ്, അമേരിക്കകാരോട് ചെയ്ത മാപ്പർഹിക്കാത്ത കുറ്റത്തിന് പഴി ലോകാരോഗ്യ സംഘടനയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ ലോകാരോഗ്യ സംഘടന ചെയ്ത തെറ്റെന്താണെന്ന് എടുത്തു പറയാൻ അദ്ദേഹത്തിന് സാധിക്കുന്നുമില്ല. 2020 ജനുവരി 24 ന് അമേരിക്കയിൽ ആദ്യമായി രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ച ശേഷവും ‘ചൈനയുടെ പ്രതിരോധപ്രവർത്തനങ്ങളെയും സുതാര്യതയെയും’ പ്രശംസിച്ചു ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്തുന്ന അദ്ദേഹത്തിന് ആകെ പറയാനുണ്ടായിരുന്നത് ജനുവരി 31 ന് വൈറസ് ബാധിതമായ ചൈനയിൽ നിന്നുള്ള വ്യോമഗതാഗതം നിരോധിച്ചുള്ള തന്റെ തീരുമാനത്തെ പിന്താങ്ങിയില്ല എന്നതുമാത്രമാണ്.
ഫെബ്രുവരി 27 ന് അന്താരാഷ്ട്ര യാത്രകൾ സംബന്ധിച്ച് ലോകരാഷ്ട്രങ്ങൾക്ക് ഡബ്ല്യുഎച്ച്ഒ നൽകിയ നിർദ്ദേശങ്ങളെയാണ് ട്രംപ് എതിർത്തത്. ‘സാമാന്യേന, തെളിവുകളുടെ വെളിച്ചത്തിൽ നോക്കിയാൽ യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം ഇങ്ങനെയുള്ള ആരോഗ്യ അടിയന്തരാവസ്ഥ നിലനിൽക്കുന്ന ഘട്ടത്തിൽ തടയുന്നത് അത്ര ഗുണമുള്ള ഒരു തീരുമാനമല്ല. പലപ്പോഴും അത് ആവശ്യമായ വിഭവ സമാഹരണത്തിനും ക്രിയാത്മക ഇടപെടലുകൾക്കും തടസ്സമായേക്കാം’-ഇതായിരുന്നു ഡബ്ല്യുഎച്ച്ഒ പറഞ്ഞത്. യാത്രാനിരോധനം ഇങ്ങനെയൊരു പകർച്ചവ്യാധിയുടെ തുടക്കത്തിൽ ഗുണം ചെയ്തേക്കാം എന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾക്ക് ഇത് ഉപകരിക്കും എന്നതിനാൽ ഈ നിർദ്ദേശങ്ങൾ അമേരിക്കയ്ക്കു മാത്രമായിട്ടായിരുന്നില്ല ഡബ്ല്യുഎച്ച്ഒ നൽകിയത്. മറിച്ച് എല്ലാ ലോകരാഷ്ട്രങ്ങൾക്കും വേണ്ടിയായിരുന്നു. അമേരിക്ക, ചൈനയിൽ നിന്നുള്ള യാത്രകൾ തടഞ്ഞു ഏകദേശം ഒരു മാസം കഴിഞ്ഞാണ് ലോകാരോഗ്യ സംഘടന ഈ നിർദ്ദേശങ്ങൾ ഇറക്കിയത്. ട്രംപ് വീണ്ടും ഒരു വ്യക്തതയും ഇല്ലാതെ, ലോകാരോഗ്യ സംഘടന ചൈന‑കേന്ദ്രീകൃത നിലപാടുകൾ സ്വീകരിക്കുന്നു എന്ന ഒരു പ്രസ്താവനയുമായി എത്തി. ലോകാരോഗ്യസംഘടനയുടെ നയതീരുമാനങ്ങൾ എടുക്കുന്നത് 194 അംഗരാഷ്ട്രങ്ങളുടെ ലോകാരോഗ്യ അസംബ്ലിയാണ്. അതാകട്ടെ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ചട്ടങ്ങൾ അനുസരിച്ചും.
ലോകാരോഗ്യ അസംബ്ലിയുടെ തീരുമാനങ്ങൾ വികസ്വര രാജ്യങ്ങളുടെ ഭൂരിപക്ഷം കാരണം മിക്കപ്പോഴും നീതിയുക്തമായിരിക്കും. ഇതുകൊണ്ടുതന്നെ അമേരിക്കയ്ക്ക് ഐക്യരാഷ്ട്രസഭയോടും യുഎൻ ഏജൻസികളോടും തികഞ്ഞ അനിഷ്ടം ആണുള്ളത്. ലോകാരോഗ്യസംഘടനയോടും അങ്ങനെ തന്നെ. എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥവൃന്ദം ഏതെങ്കിലും രാജ്യത്തോട് പ്രത്യേകിച്ച് കൂറുപുലർത്തുന്നെങ്കിൽ, അത് അമേരിക്കയോടാണ്. ഐക്യരാഷ്ട്ര സഭയെയും അതിന്റെ വിവിധ വിഭാഗങ്ങളെയും ആദ്യമായല്ല അമേരിക്ക സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നത്.
ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, ഐക്യരാഷ്ട്രസഭയ്ക്ക് കൊടുക്കാനുള്ള പണം തടഞ്ഞുവയ്ക്കുന്നത് അമേരിക്കയുടെ സ്ഥിരം രീതിയാണ്. ദരിദ്രരാഷ്ട്രങ്ങൾ മിക്കതും ഐക്യരാഷ്ട്രസഭക്ക് കൊടുക്കാനുള്ള തുക മുഴുവനായും കൊടുത്തുകഴിഞ്ഞെങ്കിലും അമേരിക്ക 2018 ലെ തുകയിൽ 381 മില്യൺ ഡോളറും 2019 ൽ അതിനേക്കാൾ ഉയർന്ന തുകയും ബാക്കിനിർത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടനയെ മാത്രമല്ല അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. യുനസ്കോയിൽ നിന്ന് 2018 ൽ അവർ പിൻവാങ്ങിയിരുന്നു. 1984 ലും യുനസ്കോയെ ബഹിഷ്കരിച്ചു. ആ ബഹിഷ്കരണം സംഘടനക്ക് ഒരു പ്രശ്നമല്ല എന്ന് മനസ്സിലായപ്പോൾ 2003ൽ അമേരിക്ക മടങ്ങിവന്നു.
ലോകാരോഗ്യ സംഘടനയുടെ ചെലവിന്റെ 22 ശതമാനമാണ് അമേരിക്ക കൊടുക്കുന്നതെങ്കിലും അവർ ചെലവാക്കുന്ന തുകയുടെ 35 ശതമാനവും അമേരിക്കയുടെ കയ്യിലാണ് എത്തുന്നത്. ഡബ്യുഎച്ച്ഒയിൽ ജോലി ചെയ്യുന്നവരിൽ 18 ശതമാനവും അമേരിക്കക്കാരാണ്. ഡബ്യുഎച്ചഒ വാങ്ങുന്ന മരുന്നിന്റെയും ഉപകരണങ്ങളുടെയും സേവനങ്ങളുടെയും 32 ശതമാനവും അമേരിക്കയിൽ നിന്നാണ്. അതായത് അമേരിക്ക ലോകാരോഗ്യ സംഘടനക്ക് കൊടുക്കുന്നതിനേക്കാൾ കൂടുതൽ അവർക്ക് തിരികെ ലഭിക്കുന്നു.
ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് ഗെബ്രിയോസിന് എതിരായി ട്രംപ് നടത്തുന്ന ഏകപക്ഷീയമായ അധിക്ഷേപങ്ങൾ അദ്ദേഹത്തിന്റെ വംശീയ വെറിയുടെ ഭാഗമാണ്. ‘ലാൻസെറ്റ്’ ജേർണൽ ഏറ്റവും സുതാര്യം എന്ന് വിശേഷിപ്പിച്ച ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പൊതുജനാരോഗ്യ വിദഗ്ദ്ധനും എത്യോപ്യയുടെ മുൻ ആരോഗ്യ മന്ത്രിയുമായ ടെഡ്റോസ് 2017 ൽ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ആകുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ ആഗോളതലത്തിൽ ഡബ്ല്യുഎച്ച്ഒ നിർണായകമായ പ്രവർത്തനമാണ് നടത്തുന്നത്. വിവിധ രാജ്യങ്ങളെ കൂട്ടിയിണക്കി പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടാക്കുന്നു, ഗവേഷണം പ്രോത്സാഹിപ്പിക്കുന്നു. തങ്ങളുടെ കഴിവിനും അതീതമായി അംഗരാജ്യങ്ങൾക്ക് മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പൊതുനിർദ്ദേശങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു. ഈ ആപൽഘട്ടത്തിൽ ലോകാരോഗ്യ സംഘടന പോലെ ഒരു പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ ലോകത്തിന് അത് കൂടുതൽ വിനാശകരം ആകുമായിരുന്നു. ട്രംപാകട്ടെ ആഗോളതയുടെ പേരിൽ ചെയ്തത് തികഞ്ഞ കൊള്ളയും. ചൈന തമിഴ്‌നാടിനയച്ച 4,00,000 വരുന്ന സുരക്ഷാ ഉപകരണങ്ങൾ ട്രംപ് ഭീഷണിപ്പെടുത്തി അമേരിക്കയിലേക്ക് തിരിച്ചുവിടുവിച്ചു. ജർമ്മനി, ഫ്രാൻസ്, കാനഡ, തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കോവിഡ് സുരക്ഷാ ഉപകരണങ്ങളും നിർബന്ധിച്ച് സമാനമായി ട്രംപ് കൈക്കലാക്കി. ഈ രാജ്യങ്ങളെല്ലാം ട്രംപിന്റെ കുടില തന്ത്രങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചെങ്കിലും ഇന്ത്യാ ഗവണ്മെന്റ് അർത്ഥഗർഭമായ നിശ്ശബ്ദത പാലിച്ചു. ഫെബ്രുവരി 24 ന് അന്താരാഷ്ട്ര യാത്രകൾക്ക് ഡബ്ല്യുഎച്ച്ഒ വിലക്കേർപ്പെടുത്തി ഒരാഴ്ചക്ക് ശേഷം മോഡി തന്റെ ആരാധനാ പാത്രമായ ട്രംപിന്റെ സന്തോഷത്തിനുവേണ്ടി ഗുജറാത്തിൽ ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ ‘നമസ്തേ ട്രംപ്’ കൊണ്ടുണ്ടായ ഹാനിയാണ് അദ്ദേഹം നമുക്ക് നൽകിയ സംഭാവന.
ഗുജറാത്തിൽ ഇതെഴുതുമ്പോൾ 1,007 മരണങ്ങളും 16,356 രോഗികളും ആണുള്ളത്. അമേരിക്കൻ പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും പറയുന്നു, കോവിഡ് 19 വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണെന്നും അതിനാൽ ഒരു സ്വതന്ത്ര സംവിധാനത്തെ കൊണ്ട് അതന്വേഷിപ്പിക്കണമെന്നും. ചൈനീസ് നയതന്ത്രജ്ഞർ പറയുന്നത് വൈറസിന്റെ ഉത്ഭവം അമേരിക്കയാണെന്നാണ്. ശാസ്ത്രീയമായ പുതിയ പഠനങ്ങളും പുതിയ അനുമാനങ്ങൾ ഉരുത്തിരിയാൻ ഉതകുന്ന അന്താരാഷ്ട്ര അന്വേഷണങ്ങളും ഉണ്ടായാൽ മാത്രമേ ഈ വിവാദം അവസാനിപ്പിക്കാൻ സാധിക്കൂ.