ഹജ്ജ് യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും

സൗദി ഭരണകൂടം ഹജ്ജ് നടപടികൾ നിർത്തിവെച്ചു

കാഞ്ഞങ്ങാട്: 2020 ലെ വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ട് യാത്ര റദ്ദാക്കുന്നവർക്ക് പണമടച്ച മുഴുവൻ തുകയും തിരിച്ച് നൽകുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഖ്സൂദ് അഹ്മദ് അറിയിച്ചു. സൗദി ഭരണകൂടം കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിലാണ് കേന്ദ്രഹജ്ജ് കമ്മിറ്റി ഹജ്ജ് യാത്ര റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരിച്ച് നൽകാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ഹജ്ജ് വിമാനസർവ്വീസ് ഈ മാസം മധ്യത്തോടെ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ സൗദി ഹജ്ജ് മന്ത്രാലയത്തിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് മാസങ്ങളായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു എന്നാണ് മാർച്ച് 15 ന് ലഭിച്ച അവസാന അറിയിപ്പിൽ സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയത്. പിന്നീട് യാതൊരു വിവരവും ഇതേവരെയായി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 2020 – ൽ ഹജ്ജ് നടക്കാനിടയില്ലെന്ന് ബോധ്യമായതിനാൽ തുക മടക്കി നൽകുന്നത്. യാത്ര റദ്ദാക്കുന്നതായി അറിയിക്കുന്നവർക്ക് അപേക്ഷയിൽ നൽകിയ അക്കൗണ്ടിലേക്കാണ് പണം മടക്കി നൽകുന്നത്. റദ്ദാക്കൽ അപേക്ഷ നൽകുന്നതിനുള്ള ഫോറം ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലുണ്ട്.

രണ്ട് ലക്ഷം രൂപ വീതമാണ് ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ അടച്ചത്. എന്നാൽ റദ്ദാക്കാൻ അപേക്ഷ നൽകാത്തവരുടെ സംഖ്യ എന്ത് ചെയ്യുമെന്ന് ഇത് സംബന്ധിച്ച ഉത്തരവിൽ ഇല്ല. ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. ഇതിൽ കേരളത്തിൽ നിന്ന് പതിനൊന്നായിരം പേരാണുള്ളത്. അതേസമയം 2020 ലെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേർക്കും 2021- ലെ ഹജ്ജിന് അവസരം നൽകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടതായി ചെയർമാൻ മുഹമ്മദ് ഫൈസി പറഞ്ഞു.

LatestDaily

Read Previous

ഒഴിഞ്ഞവളപ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രം കണ്ടെത്തി

Read Next

ഒരു മാസത്തെ വാടക ഇളവ് അനുവദിക്കും: ബിൽഡിങ് അസോസിയേഷൻ