വറചട്ടിയിൽ നിന്നും എരിതീയിലേക്ക്

ബസ്, ഓട്ടോ യാത്രാനിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ പൊതുജനം വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണ അവസ്ഥയിലായിരിക്കുകയാണ്. ഇന്ധനവില റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് യാത്രാ നിരക്കുകളുടെ വർദ്ധനയെന്നത് ദുരിതം ഇരട്ടിയാക്കുന്നു. യാത്രാനിരക്ക് വർദ്ധനയുടെ ദുരിതഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് മഹാഭൂരിപക്ഷമായ സാധാരണ ജനങ്ങൾക്കാണെന്നതാണ് യാഥാർത്ഥ്യം.

ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാതെ വഴിയില്ലെന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ ബസ് വ്യവസായം നാട്ടുകാരെ സേവിക്കാനുള്ള ജീവകാരുണ്യ പ്രവർത്തനമല്ലാത്തതിനാൽ നിരക്ക് വർദ്ധനയിൽ ന്യായവുമുണ്ട്. പക്ഷേ പാഷാണം വാങ്ങാൻ കീശയിൽ കാൽകാശെടുക്കാനില്ലാത്ത ദരിദ്ര നാരായണൻമാരെ യാത്രാനിരക്ക് വർദ്ധന എത്രമാത്രം ബാധിക്കുമെന്ന കാര്യത്തിൽ ഗവേഷണം നടത്തേണ്ട കാര്യമൊന്നുമില്ല.

പാചക വാതകത്തിന്റെ വില വർദ്ധനവ് മൂലം നിത്യ വരുമാനക്കാരായ പൊതുജനം പാചകത്തിനായി പരമ്പരാഗത മാർഗ്ഗങ്ങൾ തേടേണ്ട ഗതികേടിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിപണി തീപിടിച്ച അവസ്ഥയിലായതിനാൽ കുടുംബ ബജറ്റ് താളം തെറ്റിയതോടെ പാചക വാതക സിലിണ്ടറുകൾ പതിയെ അടുക്കളകളിലെ കാഴ്ച വസ്തുവാകും. ജനങ്ങളുടെ വരുമാനം സ്ഥിരമായിരിക്കുകയും ചെലവ് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്ത് പട്ടിണി നിരക്ക് പതിന്മടങ്ങ് വർധിച്ചാലും അതിശയിക്കാനൊന്നുമില്ല. കുത്തനെയുള്ള ഇന്ധനവിലക്കയറ്റം മൂലം രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ ഭരണകൂടം നിശ്ശബ്ദതയിലുമാണ്.

ഇന്ധനവിലയിൽ നിലവിലെ സംവിധാനം തുടർന്നാൽ രാജ്യം താമസിയാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകുമെന്നതിൽ സംശയമില്ല. ബസ്സ് ചാർജ്ജ് വർധന പൊതുജനത്തിന്റെ നടുവൊടിക്കുമെന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ല. കോവിഡാനന്തര സമ്പദ്് വ്യവസ്ഥ മുട്ടിലിഴയുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേലുണ്ടാകുന്ന അമിതഭാരം സമ്പദ്് വ്യവസ്ഥയെ നിവർന്ന് നിൽക്കാൻ സഹായിക്കുകയുമില്ലെന്ന് വ്യക്തം. എണ്ണിച്ചുട്ട അപ്പം പോലെ കയ്യിൽക്കിട്ടുന്ന വരുമാനം കൊണ്ട് തീപ്പിടിച്ച ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനുമാകില്ല.

ഇന്ധന വിലയുടെ പേരിൽ സ്വകാര്യ എണ്ണക്കമ്പനികൾ നടത്തുന്ന കൊള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ കായംകുളം കൊച്ചുണ്ണിയൊക്കെ എത്രയോ ഭേദമാണെന്ന് പറയേണ്ടി വരും. നിർഭാഗ്യവശാൽ ഇന്ധനക്കൊള്ള സംഘത്തിന് കവർച്ചയ്ക്ക്  ചൂട്ട് പിടിക്കുന്ന പണിയാണ് ഭരണകൂടം ചെയ്ത് കൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പ്രത്യേക സഹായമെന്ന നിലയിൽ സ്വകാര്യ ബസ്സുടമകൾക്ക് സർക്കാർ നിരക്ക് വർദ്ധനവ് അനുവദിച്ചിരുന്നു. പുര കത്തുമ്പോൾ വാഴവെട്ടുന്ന രീതിയിൽ നടപ്പാക്കിയ നിരക്ക് വർദ്ധനവിന് പുറമെയാണ് യാത്രാക്കൂലി വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്.

ദിവസവും ഇന്ധനവില കൂട്ടിക്കൊണ്ടിരിക്കുകയും നടത്തിപ്പ് ചെലവ് വർദ്ധിക്കുകയും ചെയ്യുമ്പോൾ നിരക്ക് വർദ്ധനയല്ലാതെ പരിഹാരമാർഗ്ഗങ്ങളൊന്നുമില്ലെന്ന് സർക്കാരിന് ന്യായീകരിക്കാമെങ്കിലും നിരക്ക് വർദ്ധനവിന്റെ  ഭാരം താങ്ങുന്നവരുടെ  ആവലാതികൾ ആര് കേൾക്കും.

LatestDaily

Read Previous

പുണ്യങ്ങളുടെ പൂക്കാലം റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി

Read Next

എണ്ണ വില വർധന നാളെ 2000 കേന്ദ്രങ്ങളിൽ സിപിഎം ധർണ്ണ