കോവിഡ്: ദ്രുതപരിശോധനയ്ക്ക് ഇന്ന് തുടക്കം: ആദ്യം ആരോഗ്യപ്രവർത്തകരിൽ

തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനമുണ്ടോയെന്നറിയാന്‍ പതിനായിരം പേരില്‍ നടത്തുന്ന ദ്രുതപരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. ആദ്യ ദിനം ആരോഗ്യപ്രവര്‍ത്തകരിലാണ്  രക്ത പരിശോധനയിലൂടെ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന റാപ്പിഡ് ടെസ്ററ് നടത്തുന്നത്. ഉറവിടമറിയാത്തതുള്‍പ്പെടെ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം നൂറ്റിയമ്പത് ആയി ഉയര്‍ന്നത് ആശങ്കയാകുന്നതിനിടെയാണ് സമൂഹ വ്യാപനത്തോത് അളക്കുന്നത്.  വിരല്‍ത്തുമ്പില്‍ നിന്ന് രക്തമെടുത്ത് പരിശോധിച്ച് ഇരുപതു മിനിറ്റിനുളളില്‍ കോവിഡ് ബോധ ഉണ്ടോയെന്നറിയാം. വൈറസിനെതിരെ ശരീരത്തില്‍ രൂപപ്പെട്ടിട്ടുള്ള ആന്റിബോഡിയുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. ആന്റിബോഡി ദീര്‍ഘകാലം ശരീരത്തില്‍ നിലനില്‍ക്കുമെന്നതിനാല്‍ മുമ്പ് രോഗം ബാധിച്ചോയെന്നും അറിയാം. ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിററഡിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. 

ആദ്യം ആരോഗ്യപ്രവര്‍ത്തകരിലും തുടര്‍ന്നുളള ദിവസങ്ങളില്‍ പോലീസുകാര്‍, റേഷന്‍കടക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍,ചുമട്ടുതൊഴിലാളികള്‍, അതിഥിത്തൊഴിലാളികള്‍,  തുടങ്ങി പൊതു സമൂഹവുമായി അടുത്തിടപഴകുന്നവരെയും പരിശോധിക്കും. മുതിര്‍ന്ന പൗരന്മാരെയും പരിശോധിക്കും.  പ്രവാസികളെത്തിത്തുടങ്ങിയ മേയ് ഏഴ് മുതല്‍ കണക്കാക്കുന്ന മൂന്നാംഘട്ട രോഗവ്യാപനത്തില്‍ സമ്പ‍ര്‍ക്ക രോഗബാധിതരുടെ എണ്ണം 150 ആയി ഉയര്‍ന്നു. 31 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. മാത്രമല്ല ഒരുലക്ഷത്തി തൊണ്ണൂററിയൊന്നായിരം പേര്‍ നിരീക്ഷത്തിലുണ്ട്. കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍  ക്വാറന്റീന്‍ ലംഘനങ്ങളും അതുവഴിയുള്ള സമ്പര്‍ക്ക രോഗബാധയും വെല്ലുവിളിയാകും. കഴിഞ്ഞ ഘട്ടത്തില്‍ 499 രോഗികളില്‍ 165 പേര്‍  സമ്പര്‍ക്കരോഗബാധിതരായി. എന്നാല്‍ 1415 രോഗികളുണ്ടായ മൂന്നാം ഘട്ടത്തില്‍ അതിന്റ 11 ശതമാനം മാത്രമേ സമ്പര്‍ക്ക ബാധിതരുളളു എന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്നുണ്ട്.

LatestDaily

Read Previous

കോട്ടച്ചേരി ബദരിയ ജുമാമസ്ജിദ് ഉടന്‍ തുറക്കില്ല

Read Next

ഒഴിഞ്ഞവളപ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രം കണ്ടെത്തി