ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കോൺഗ്രസ് അംഗത്വ ക്യാമ്പയിനിൽ ലക്ഷ്യം പൂർത്തിയാക്കാനാകാതെ കേരള ഘടകം. അംഗത്വ ക്യാമ്പയിൻ പൂർത്തീകരിക്കാനുള്ള സമയം പിന്നിടുമ്പോൾ കെ.പി.സി.സി.യുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ നാലയലത്ത് പോലും അംഗത്വ ക്യാമ്പയിൻ എത്തിയില്ല. അമ്പത് ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരളത്തിൽ കോൺഗ്രസിന്റെ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചത്. സമയപരിധി കഴിയുമ്പോൾ 3 ലക്ഷം അംഗങ്ങളെ മാത്രമാണ് അംഗത്വ ക്യാമ്പയിനിലൂടെ ചേർക്കാൻ കഴിഞ്ഞത്.
അംഗത്വ വിതരണത്തിനായി ഏർപ്പെടുത്തിയ ഡിജിറ്റൽ ക്യാമ്പയിൻ തുടക്കത്തിൽ തന്നെ പരാജയപ്പെട്ടു. മാർച്ച് 31 ആയിരുന്നു അഗത്വം ചേർക്കാനുള്ള അവസാന ദിവസം. അംഗത്വ ക്യാമ്പയിൻ ലക്ഷ്യത്തിലെത്താത്തതിനാൽ ഏപ്രിൽ 15 വരെ ഹൈക്കമാന്റ് സമയം നീട്ടി നൽകിയിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ 50 ലക്ഷമെന്ന ലക്ഷ്യം കോൺഗ്രസിന് വിദൂര സ്വപ്നം മാത്രമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഡിസിസി ഭാരവാഹി പ്രഖ്യാപനം കീറാമുട്ടിയായി കെപിസിസിയുടെ മുന്നിൽക്കിടക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിലുണ്ടായ ഐക്യം പതിയെ ഇല്ലാതാകുന്നതിന്റെ സൂചനകളാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, കെപിസിസി പ്രസിഡണ്ട് കെ. സുധാകരനും ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്ന സാഹചര്യം മാറുകയും രണ്ട് നേതാക്കളും വിരുദ്ധ ധ്രുവങ്ങളിലാകുകയും ചെയ്തതോടെ കോൺഗ്രസിൽ നാഥനില്ലാത്ത അവസ്ഥയായെന്ന് അണികൾക്കിടയിൽ ആക്ഷേപമുണ്ട്.
കോൺഗ്രസിനെ സെമി കേഡറാക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരൻ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നോമിനിയായി കെ. ലിജുവിനെ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിനെ ബാധിച്ച ഗ്രൂപ്പ് ഭൂതം വീണ്ടും തല പൊക്കിയത്. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള ഗ്രൂപ്പ് തർക്കങ്ങൾക്കൊടുവിൽ കെ.സി. വേണുഗോപാലിന്റെ നോമിനിയായ ജെബിമേത്തർ സ്ഥാനാർത്ഥിയായതോടെ കെ. സുധാകരന്റേതടക്കമുള്ള ഗ്രൂപ്പുകൾ മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന അവസ്ഥയിലായി.
കോൺഗ്രസിനകത്ത് വീണ്ടും തലപൊക്കിയ ഗ്രൂപ്പ് യുദ്ധങ്ങളിൽ ഘടക കക്ഷിയായ മുസ്്ലീം ലീഗ് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ യുഡിഎഫ് ഘടക കക്ഷി നേതാവായ മാണി.സി. കാപ്പൻ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. യുഡിഎഫിന് നാഥനില്ലാത്ത അവസ്ഥയിലായെന്നാണ് മാണി.സി. കാപ്പൻ പറയാതെ പറഞ്ഞത്. യുഡിഎഫിലെ മുഖ്യഘടക കക്ഷിയായ കോൺഗ്രസിൽ ആരാണ് വലിയവനെന്ന തരത്തിലുള്ള പ്രസ്താവനാ യുദ്ധങ്ങളാണ് നടക്കുന്നത്.
എൽഡിഎഫ് സർക്കാരിനെതിരെയുള്ള സമരങ്ങളിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, വി.ഡി. സതീശനും രണ്ട് ധ്രുവങ്ങളിലാണ്. ചെന്നിത്തലയുടെ പ്രസ്താവനകളെ പരസ്യമായി തള്ളിപ്പറയുന്ന വി.ഡി. സതീശൻ യുഡിഎഫിന്റെ അഭിപ്രായം പറയേണ്ടത് താൻ മാത്രമാണെന്ന നിലപാടിലാണ്. ചേക്കേറാൻ മറ്റൊരിടമില്ലാത്തതിനാലാണ് മുസ്്ലിം ലീഗ് ഇപ്പോഴും യുഡിഎഫിൽ തുടരുന്നത്. മറ്റുള്ള ഘടക കക്ഷികളുടെ അവസ്ഥയും ഇതുതന്നെ. മുന്നണിയിലെ ഘടകകക്ഷി നേതാക്കളായ ഷിബു ബേബി ജോണിന്റെയും, സി.പി. ജോണിന്റെയും അവസ്ഥയും ഇതിൽ നിന്നും വിഭിന്നമല്ല. യുഡിഎഫിൽ നിലവിലെ സ്ഥിതി തുടർന്നാൽ മുന്നണി സംവിധാനം അനതിവിദൂരഭാവിയിൽ തന്നെ തകരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.