കോവിഡ് ബാധിതന്റെ പരിശോധനാ ഫലം നെഗറ്റീവായി: മലയോരം ആശ്വാസത്തിൽ

ചിറ്റാരിക്കാൽ: കോവിഡ് സ്ഥിരീകരിച്ച കരിന്തളം സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ മലയോരം ആശ്വാസത്തിൽ. ഈസ്റ്റ് എളേരി കടുമേനിയിലെ പട്ടയങ്ങാനം കോളനിയിൽ താമസിക്കുന്ന കരിന്തളം സ്വദേശിക്കാണ് ഒരാഴ്ച മുമ്പ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഗർഭിണിയായ ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായി ജില്ലാശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തിയ കരിന്തളം സ്വദേശിക്കാണ് കോവിഡ് ബാധയുണ്ടായത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 13 പേർ ഇതോടെ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലാണ് കരിന്തളം സ്വദേശിയായ യുവാവിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ചത്. ഇതോടെ ഇദ്ദേഹം കരിന്തളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങി.യുവാവ് ഇനി 14 ദിവസം ക്വാറന്റൈനിൽ കഴിയണം. കരിന്തളം സ്വദേശിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി പട്ടയങ്ങാനത്തും പരിസരങ്ങളിലും രോഗഭീതി അകന്നു. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പട്ടയങ്ങാനം, കടുമേനി പ്രദേശങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

കടുമേനിയിലും പരിസരങ്ങളിലും കടകൾ തുറക്കുന്നതിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണം കുറച്ചു ദിവസം കൂടി തുടരും. കരിന്തളം സ്വദേശിയായ യുവാവ് പട്ടയങ്ങാനത്തെ ഭാര്യാ ഗൃഹത്തിലായിരുന്നു താമസിച്ചിരുന്നത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കത്തിലായിരുന്ന ബന്ധുക്കളുടെയടക്കം പരിശോധനാ ഫലമാണ് നെഗറ്റീവായത്.

LatestDaily

Read Previous

ഭർതൃമതിയോട് കടം വാങ്ങിയ പണം തിരിച്ചു കൊടുത്തില്ല

Read Next

സ്വകാര്യബസ്സുകൾ സർവ്വീസ് നിർത്തി കടക്കെണിയിലായി ബസ്സുടമകൾ