നീലേശ്വരം പള്ളി ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തു

നീലേശ്വരം :  നീലേശ്വരം തർബ്ബീയത്തുൽ ഇസ്്ലാം  സഭ കമ്മിറ്റി ഭരണം വഖഫ് ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണമെന്ന് വഖഫ് ട്രൈബ്യൂണൽ  ഉത്തരവിട്ടു . തർബ്ബീയത്തുൽ ഇസ്്ലാംസഭ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് നിവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നീലേശ്വരം തർബ്ബീയത്തുൽ ഇസ്്ലാം സഭയുടെ ഭരണ സമിതി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് നടത്തിയെന്നാരോപിച്ച് ജമാഅത്ത് നിവാസികളായ ഇ.പി. നൗഫൽ 37, മുഹമ്മദ് ഇർഷാദ് 28, എൻ. നബീർ 38, പി. ഫൈസൽ 32, പി. ഷംസീർ 36 എന്നിവർ വഖഫ് ട്രൈബ്യൂണലിന് പരാതി നൽകിയിരുന്നു.

തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. പ്രസിഡണ്ട് സി.കെ. അബ്ദുൾ ഖാദർ, സിക്രട്ടറി ടി. സുബൈർ തുടങ്ങിയ ഇരുപത്തൊന്നംഗ ഭരണ സമിതി, വഖഫ് ബോർഡ് എന്നിവരാണ് എതിർകക്ഷികൾ. ഇരു ഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വഖഫ് ട്രൈബ്യൂണൽ  നീലേശ്വരം തർബ്ബീയത്തുൽ ഇസ്ലാം സഭയുടെ ഭരണ വഖഫ്  ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണമെന്ന് ഉത്തരവിട്ടത്.

കമ്മിറ്റി തെരഞ്ഞെടുപ്പ് അസാധുവാക്കാൻ ട്രൈബ്യൂണൽ  വിസമ്മതിച്ചു. ഇരു വിഭാഗവും സമർപ്പിച്ച രേഖകളും  ട്രൈബ്യുണൽ വിശദമായി പരിശോധിച്ചു. തർബ്ബീയത്തുൽ ഇസ്്ലാംസഭയുടെ നേരിട്ടുള്ള മേൽനോട്ടത്തിന് വഖഫ് ബോർഡ് ഒരാളെ നിയമിക്കണമെന്നാണ് ട്രൈബ്യൂണൽ വിധി . കമ്മിറ്റിയുടെ അക്കൗണ്ടുകളടക്കം വഖഫ് ബോർഡ് നിയമിച്ച ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്ന് ഉത്തരവിൽ  ട്രൈബ്യൂണൽ  പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഇനിയുള്ള പള്ളി നിർമ്മാണ പ്രവർത്തനങ്ങൾക്കും വഖഫ് ബോർഡിന്റെ അനുമതി വേണം.

രാജൻ തട്ടിൽ അധ്യക്ഷനും, എം. ഹാഷിൽ, ടി.കെ. ഹസ്സൻ എന്നിവർ അംഗങ്ങളുമായുള്ള വഖഫ് ട്രൈബ്യൂണലാണ് നീലേശ്വരം തർബ്ബീയത്തുൽ ഇസ്്ലാം സഭ വഖഫ് ബോർഡ് നിയമിക്കുന്നയാളുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ഇനിയുള്ള നാളുകൾ നീലേശ്വരം തർബിയത്തുൽ ജുമാ മസ്ജിദിന്റെ മൊത്തം നിയന്ത്രണം വഖഫ് ട്രിബൂണലിനായിരിക്കും. പള്ളി കേന്ദ്രീകരിച്ച് പ്രാർത്ഥനയല്ലാതെ പൊതുപരിപാടികൾ ഒന്നും നടത്തരുതെന്നും ഉത്തരവിലുണ്ട്.

LatestDaily

Read Previous

പോലീസ് തോറ്റു; അശോകൻ ജയിച്ചു

Read Next

മടിക്കൈ സിപിഎമ്മിൽ ജാതി തിരിച്ച് ജോലി