കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടി

ദല്‍ഹി ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മല്‍ സെക്ടര്‍ ആന്റ് ലേബര്‍ സ്റ്റഡീസില്‍ സാമ്പത്തികശാസ്ത്ര പ്രൊഫസര്‍ സ്ഥാനം വഹിക്കുന്ന ഡോ. സന്തോഷ് കെ മെഹ്ഗോത്ര ഈയിടെ ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ ശോഭന കെ നായരുമായി ദീര്‍ഘമായൊരു കൂടിക്കാഴ്ചയിലേര്‍പ്പെടുകയുണ്ടായി. കൂടിക്കാഴ്ചയിലെ മുഖ്യവിഷയം കോവിഡ് 19 എന്ന മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ ഏല്പിച്ചിരിക്കുന്ന ഗുരുതരമായ ആഘാതത്തിന്റെ ഏതാനും ചില വശങ്ങളായിരുന്നു. ഇ­തില്‍ പ്രധാനം കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം നാടുകളിലേക്കുള്ള മടക്കയാത്രയും ബന്ധപ്പെട്ട പ്രശ്നങ്ങളും. കേരളം അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കപ്പെട്ടുവരുന്ന ഇവരുടെ കൂട്ടപലായനത്തിനും സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ പുനരുദ്ധാരണത്തിനും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് എത്രമാത്രം സഹായകമാകുമെന്നതും ചർച്ചയാ­യി.

തുടക്കത്തില്‍ പ്രൊഫ. മെഹ്ഗോത്ര തുറന്നു പറഞ്ഞു, ഇക്കാര്യം മോഡി സര്‍ക്കാരിന്റെ ഈ ഉത്തേജക പാക്കേജ് 2008 ല്‍ ആഗോള ധനകാര്യ പ്രതിസന്ധി മറികടക്കുന്നതിനായി അന്ന് ഇ­ന്ത്യ­യില്‍ അധികാരത്തിലിരുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുമായി തുലനം ചെയ്യുമ്പോള്‍ ഒരു തരത്തിലുള്ള പ്രശംസയും അര്‍ഹിക്കുന്ന ഒന്നല്ല എന്ന്. അതിഥി തൊഴിലാളികളുടെ കാര്യമെടുത്താല്‍ അവരുടെ മടക്കയാത്ര അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സമതുലിത വികസനത്തിന് കനത്ത ആഘാതമായിരിക്കും. സ്വന്തം ജന്മനാടിലെത്തിയ തൊഴിലാളികളെല്ലാം മറ്റു സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുമെന്ന് കരുതുന്നത് അബദ്ധ ധാരണയാകുമെന്നാണ് ഡോ.­ മെഹ്ഗോത്രയുടെ വിലയിരുത്തൽ.

പഴയ തൊഴിലിടങ്ങളിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്നെ ഒരു തീരുമാനത്തിലെത്തുക രണ്ടു വട്ടമെങ്കിലും ചിന്തിച്ചതിനു ശേഷമായിരിക്കും. കാരണമെന്തെന്നോ? അവരുടെ മുന്‍കാല അനുഭവങ്ങള്‍ അത്രകണ്ട് ദുരിതപൂർണ്ണാമായിരുന്നു. താഴ്‌ന്ന വേതന നിരക്കുകള്‍, മോശപ്പെട്ട ജീവിതസാഹചര്യങ്ങള്‍, ആരോഗ്യ‑സാമൂഹ്യ സുരക്ഷയുടെ അഭാവം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്. പൊടുന്നനെയുള്ള ലോക്ഡൗണ്‍ പ്രഖ്യാപനവും തൊഴില്‍ മേഖലയിലെ അനിശ്ചിതത്വങ്ങളും ബന്ധപ്പെട്ട പ്രശ്നങ്ങളും ഉടനെയൊന്നും പരിഹരിക്കപ്പെടുകയില്ലെന്ന ധാരണയാണ് സമ്പദ്‌വ്യവസ്ഥയിലാകെ നിലവിലുള്ളത്.

ഇത്തരമൊരു സ്ഥിതി വിശേഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യത്തേതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഒട്ടും വളച്ചുകെട്ടില്ലാതെ തന്നെ ഏറ്റു പറഞ്ഞിരിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ ജിഡിപി വളര്‍ച്ച നിരക്ക് പൂജ്യം ശതമാനത്തിലും താഴെയായിരിക്കുമെന്നാണല്ലോ. ഇതിന്റെ അര്‍ത്ഥം കോവിഡ് 19 എന്ന പാന്‍ഡമിക്ക് കടന്നാക്രമണം നടത്തുന്നതിന് മുമ്പ് തന്നെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു എന്നാണ്. ഇത്തരമൊരു സ്ഥിതിവിശേഷവുമായി നമുക്ക് താരതമ്യം ചെയ്യാനുള്ളതും താരതമ്യം ചെയ്യേണ്ടതും 2008 ലെ ആഗോള ധനകാര്യ പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പൊതുസ്ഥിതി എന്തായിരുന്നു എന്നാണ്. അന്നത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ചാ സൂചികകള്‍ എല്ലാം ത­ന്നെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. നമ്മുടെ നിക്ഷേപ‑ജിഡിപി അനുപാതം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നതാണ്. ജിഡിപി വളര്‍ച്ചാ നിരക്കാണെങ്കില്‍ എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെയായിരുന്നു. സ്വാഭാവികമായും തൊഴിലവസരങ്ങളിലും വന്‍ വര്‍ധനവാണുണ്ടായിരുന്നത്. കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ നല്ല നിലയില്‍ ലഭ്യമായിരുന്നതിനാല്‍ അഞ്ച് മില്യന്‍ തൊഴിലാളികളാണ് കാര്‍ഷിക‑ഗ്രാമീണ മേഖല വിട്ട് നഗര, അര്‍ധനഗര പ്രദേശങ്ങളിലേക്ക് ഒഴുകി എത്തിയത്.

ഇത്തരമൊരു പൊതുസാഹചര്യം നിലവിലിരിക്കെ ആഗോള ധനകാര്യ പ്രതിസന്ധി തരണം ചെയ്യാന്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരിന് ഏറെ പണിപ്പെടേണ്ടിവന്നില്ല. ഇതെല്ലാം ചരിത്ര വസ്തുതകളാണ്. അതേ അവസരത്തില്‍ കോവിഡ് 19 അനന്തര പ്രതിസന്ധി നേരിടാന്‍ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 20 ലക്ഷം കോടി രൂപയ്ക്കുള്ള ഉത്തേജക പാക്കേജ് 2018–19 ലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ദയനീയാവസ്ഥ പരിഗണിക്കുമ്പോള്‍ ഒട്ടും ഫലപ്രദമാവില്ല എന്ന് പറയേണ്ടിവരും.

ഈ നിഗമനം സാധൂകരിക്കാന്‍ 2012 നും 2018നും ഇടയ്ക്കുള്ള കാലയളവില്‍ സംഭവിച്ചതെന്തെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. 2012 വരെ പ്രതിവര്‍ഷം 7.5 മില്യന്‍ കാര്‍ഷികേതര തൊഴിലവസരങ്ങളാണ് പുതുതായി സൃഷ്ടിക്കപ്പെട്ടു വന്നിരുന്നത്. ഇതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ വള­ര്‍­ച്ചയില്‍ നേരിയൊരു മെല്ലെപ്പോക്ക് ഉണ്ടായി. എന്നിരുന്നാല്‍ തന്നെയും 2004–2014 കാലയളവില്‍ ജിഡിപി വളര്‍ച്ച ശരാശരി എട്ട് ശതമാനം എന്ന നിലയില്‍ തന്നെ തുടർന്നു.

2014–15 ല്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം വരള്‍ച്ചാ പ്രതിസന്ധിയുമുണ്ടായി. 2014 ല്‍ സാമ്പത്തിക നയരൂപീകരണത്തിലെ പാളിച്ചകള്‍ മൂലം തൊഴിലവസര വളര്‍ച്ചയുടെ നിരക്കില്‍ തിരിച്ചടിയുണ്ടാവുകയും പ്രതിവര്‍ഷ കാര്‍ഷികേതര തൊഴിലവസരങ്ങള്‍ 2.9 മില്യനായി ഇടിയുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങള്‍ നടക്കുന്നത് തൊഴില്‍ വിപണി തേടിയെത്തുന്നവരുടെ എണ്ണം അതിവേഗ വര്‍ധനവ് രേഖപ്പെടുത്തിയ അവസരത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2012 വരെ ഇവരുടെ എണ്ണം പ്രതിവര്‍ഷം രണ്ട് മില്യന്‍ എന്ന തോതിലുമായിരുന്നു. ഇതിനുശേഷം ഈ പ്രതിവര്‍ഷ വര്‍ധന അഞ്ച് മില്യനായി കുതിച്ചുയരുകയാണുണ്ടായത്. ഇതിനുള്ള കാരണം വിദ്യാഭ്യാസ സൗകര്യങ്ങള്‍ ക്രമേണ മെച്ചപ്പെടുകയും യുവജനങ്ങള്‍ കാര്‍ഷിക മേഖലയില്‍ നിന്നും ഒഴിഞ്ഞു നില്ക്കുകയും ചെയ്യുന്ന രംഗമാണ് നമുക്ക് കാണാനായതും.

ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു തൊഴിലില്ലായ്മ നിരക്കില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തിയതും 2018 ആയതോടെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ എണ്ണം 45 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന ലെവലില്‍ എത്തിയതും എന്ന് നാം ഓര്‍ക്കണം. ചുരുക്കത്തില്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് താഴോട്ട് പൊയ്ക്കോണ്ടിരുന്നതിനോടൊപ്പം 2019 വര്‍ഷത്തില്‍ തൊഴിലില്ലായ്മ കുതിച്ചുയരുകയും ചെയ്തത് മോഡി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തിലുമായിരുന്നു.

അങ്ങനെ 2020 ആയതോടെ വളര്‍ച്ച നിരക്കിന്റെ തുടര്‍ച്ചയായ ഇടിവിനോടൊപ്പം തന്നെ നിക്ഷേപനിരക്കിലും കയറ്റുമതി നിരക്കിലും ഇതേ പ്രവണത തുടരുകയുമായിരുന്നു. വളര്‍ച്ചയുടെ ഓരോ രംഗവും തളര്‍ച്ച നേരിട്ടപ്പോ­ള്‍ റവന്യു വരുമാന വര്‍ധനവും താഴോട്ടുള്ള ദിശയില്‍ തുടരുകയും ധനക്കമ്മി 2018–19 ആയതോടെ ജിഡിപിയുടെ 5.8 ശതമാനത്തിലേക്ക് കുതിച്ചുയരുകയുമാണുണ്ടായത്. സിഎജി തന്നെയാണ് ഈ പ്രവണത വെളിവാക്കിയത്. എന്നാല്‍, മോഡി സര്‍ക്കാരാണെങ്കില്‍ ഇക്കാലമത്രയും അവകാശപ്പെട്ടിരുന്നത് ധനക്കമ്മി 3.4 ശതമാനമായിരുന്നു എന്നാണ്. മാത്രമല്ല, ഒന്നാം മോഡി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നത് പുതുതായി പ്രതിവര്‍ഷം രണ്ട് കോടി നിരക്കില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു കൂടിയായിരുന്നല്ലോ. ഫലത്തില്‍ ഇതൊന്നുമായിരുന്നില്ല ഉണ്ടായത്.

2019 ന്റെ ആരംഭത്തില്‍ തന്നെ സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനാവശ്യമായ ധനകാര്യ വിഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമില്ലായിരുന്നു. നിക്ഷേപ നിരക്കിലോ കയറ്റുമതി വര്‍ധനവിന്റെ നിരക്കിലോ വര്‍ധനവിനു പകരം കുത്തനെയുള്ള ഇടിവാണുണ്ടായത്. തീര്‍ത്തും ബലഹീനമായൊരു സാമ്പത്തിക കാലാവസ്ഥയിലാണ് കോവിഡ് 19 എന്ന ദുരന്തം പൊട്ടിപ്പുറപ്പെട്ടതിന്റെ ഷോക്കുകൂടി രണ്ടാം മോഡി ഭരണകൂടത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ളത്. എന്തു വിലകൊടുത്തും പൊതുനിക്ഷേപ വര്‍ധനവില്ലാതെ മറ്റ് രക്ഷാമാര്‍ഗമില്ലെന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തരമൊരു സ്ഥിതിവിശേഷം സര്‍ക്കാരിനെക്കൊണ്ടെത്തിച്ചിരിക്കുന്നതും. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2008 ല്‍ സ്ഥിതി ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

കാരണം അന്ന് ആഗോള തലത്തില്‍ ഒരു ധനകാര്യ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ ധനസ്ഥിതി പൊതുവില്‍ മെച്ചമായിരുന്നു. അന്ന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയത് ജിഡിപിയുടെ നാല് ശതമാനം വരുന്ന ഒരു ധനകാര്യ ഉത്തേജക പാക്കേജിനുമായിരുന്നു എന്നത് പ്രസക്തമാണ്. ഇതോടൊപ്പമാണ് ആര്‍ബിഐയുടെ പണ നയത്തിലൂടെയുള്ള ഉത്തേജകവുമുണ്ടായത്. അതേ അവസരത്തില്‍ കോവിഡ് അനന്തര പാക്കേജിന്റെ മൊത്തം വലുപ്പം ജിഡിപിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വന്നിരിക്കുന്നത്. എന്നാല്‍ 2020 ലെ സാമ്പത്തിക മേഖലയുടെ മൊത്തത്തിലുള്ള തകര്‍ച്ചയും തൊഴിലില്ലായ്മാ പ്രതിസന്ധിയും അന്നത്തേതിനെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതല്‍ ഗുരുതരമാണ് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. ഉത്തേജക പാക്കേജെന്ന ലേബലില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒട്ടേറെ കാത്തിരിപ്പിനും തയ്യാറെടുപ്പിനും ശേഷം പുറത്തുവിട്ട പാക്കേജ് സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിനോ, പുതിയ തൊഴിലവസര സൃഷ്ടിക്കോ ഹ്രസ്വകാലയളവില്‍ വഴി തുറക്കാന്‍ പര്യാപ്തമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒന്നല്ല. ഉത്തേജകത്തിന് നേരിട്ട് ധനസഹായം ലഭ്യമാക്കുന്നതിനു പകരം ബാങ്കുകളോട് ഇതിലേക്കായി സംരംഭകര്‍ക്ക് ബാങ്ക് വായ്പകള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

പാക്കേജ് പ്രഖ്യാപനത്തിനുശേഷം വിരലിലെണ്ണാന്‍ കഴിയുന്നത്ര സംരംഭകര്‍ പോലും ബാങ്കു വായ്പയ്ക്കായി അപേക്ഷിച്ചിട്ടില്ലെന്നാണ് അറിയാനാവുന്നത്. കാരണം, നിലവില്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നം പണത്തിന്റെ ലഭ്യത കുറവല്ല, ഡിമാന്‍ഡില്‍ ഉണ്ടായിരിക്കുന്ന ഇടിവാണ്. പ്രചാരത്തിലുള്ള പണത്തിന്റെ അപര്യാപ്തതയാണ് ആഭ്യന്തര-ആഗോള സമ്പദ് വ്യവസ്ഥകളും ഇക്കാര്യത്തില്‍ സമാനമായ വിഷമഘട്ടമാണ് നേരിടുന്നത്. ആഭ്യന്തര-ആഗോള സമ്പദ്‌ വ്യവസ്ഥകളും ഇക്കാര്യത്തില്‍ സമാനമായ വിഷമഘട്ടമാണ് നേരിടുന്നത്. ജനങ്ങളുടെ ഡിമാന്‍ഡ് അഥവാ ക്രയശേഷി ഉയരാതെ ഉല്പാദനം മെച്ചപ്പടുത്തുന്നതില്‍ അര്‍ത്ഥമില്ല. ക്രയശേഷി ഉയരണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടാണ് പണം കിട്ടേണ്ടത്. മാന്ദ്യം നിലവിലിരിക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം ലോകരാജ്യങ്ങള്‍ നേരിടുന്നത് ഈ പ്രശ്നം തന്നെയാണ്.

വാങ്ങാന്‍ വേണ്ടത്ര ആളുകള്‍ ഇല്ലാത്തൊരു സ്ഥിതിയില്‍ എന്തിനാണ് ബാങ്ക് വായ്പ വാങ്ങി നിക്ഷേപം നടത്തണം എന്നതാണ് ഓരോ സംരംഭകന്റെയും മനസില്‍ ഉയരുന്ന ചോദ്യം. പ്രവര്‍ത്തന മൂലധനത്തിനായി പരിമിതമായ തോതില്‍ വായ്പ വാങ്ങിയേക്കാം. എന്നാല്‍, ഉല്പാദനം തുടങ്ങണമെങ്കില്‍ വിപണികളില്‍ ഡിമാന്‍ഡ് ഉണ്ടെന്ന ഉറപ്പു വേണം. ഇതിനാവശ്യം വേണ്ട ചരക്കുകളുടെ സപ്ലൈ വര്‍ധിപ്പിക്കുകയല്ല, ക്രയശേഷി അഥവ ഡിമാന്‍ഡ് ഉണ്ടായിരിക്കുക എന്നതാണ്.

ഇവിടെയാണ് ഉപഭോക്താക്കളുടെ കൈകളില്‍ പണം നേരിട്ടെത്തിക്കാനുള്ള നടപടികള്‍ പ്രസക്തമാകുന്നത്. കേന്ദ്ര മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ പണം ജനങ്ങളുടെ കൈകളില്‍ എത്തിക്കാനുള്ള നടപടികളൊന്നും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

തൊഴിലവസര സൃഷ്ടിക്കായി സംരംഭകര്‍ക്ക് വായ്പ നല്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇതുവഴി ഡിമാന്‍ഡില്‍ വര്‍ധനവുണ്ടാവില്ല. മാത്രമല്ല, തൊഴില്‍രഹിതരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനവാണുണ്ടായിരിക്കുന്നത്. 2018 ഏപ്രില്‍ 2020 ഏപ്രില്‍ കാലയളവില്‍ ഈ വര്‍ധന 30 മില്യനില്‍ നിന്നും 122 മില്യനിലേക്കാണ്. ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യത്തെ അനുഭവമാണ്. തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതനുസരിച്ച് അവരുടെ വരുമാനത്തിലും ക്രയശേഷിയിലും ഇടിവുണ്ടാവുക സ്വാഭാവികമാണല്ലോ. ഇപ്പോള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്ന ഉത്തേജക പാക്കേജ് ഫലത്തില്‍ ഈ പ്രശ്നത്തിനുമേല്‍ നിസാരമായൊരു അനുകൂല ആഘാതം മാത്രമാണ് ഏല്പിക്കുക.

പരിമിതമായ തോതില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. എന്നാല്‍, അതുകൊണ്ടെന്നും ഡിമാന്‍ഡില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായേക്കില്ല. ഒരു കാര്യം നമ്മുടെ ഭരണകര്‍ത്താക്കള്‍ അവഗണിക്കരുത്. 1980 കള്‍ക്കുശേഷം ഇന്ത്യന്‍ ജനസംഖ്യയില്‍ വിദ്യാഭ്യാസ യോഗ്യത നേടിയ യുവാക്കളുടെ എണ്ണത്തില്‍ സ്വാഗതാര്‍ഹമായ വന്‍ വര്‍ധനവുണ്ടായിരിക്കുന്നു എന്നതാണ് തൊഴില്‍ ശക്തിയില്‍ വന്നിട്ടുള്ള ഗുണപരമായ ഈ മാറ്റം വരുന്ന രണ്ടു ദശകക്കാലത്തേക്ക് കൂടി തുടരുമെന്നാണ് കരുതപ്പെടുന്നത്. അതായത് 2040 വരെ. ഇതനുസരിച്ച് പ്രതിവര്‍ഷം പുതുതായി കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ തേടിവരുന്നവരുടെ എണ്ണം അഞ്ച് മില്യന്‍ നിരക്കിലാണ്. ഈ വിഭാഗക്കാര്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. ഇത് സാധ്യമാകണമെങ്കില്‍ വ്യാവസായിക‑സേവന മേഖലകളില്‍ അധിക നിക്ഷേപം കൂടിയേ തീരു. നിര്‍മ്മാണ‑ആന്തര ഘടനാ മേഖലകളും മെച്ചപ്പെടണം. എന്നാല്‍ നിരാശാജനകമെന്ന് പറയട്ടെ, 2012ന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഉല്പാദന മേഖലയില്‍ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിയുന്നൊരു അനുഭവമാണുള്ളത്. കോവിഡ് 19 നെ തുടര്‍ന്ന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പൊതു നിക്ഷേപത്തില്‍ തുടര്‍ച്ചയായ വര്‍ധനവു വരുത്തുക എന്നതു മാത്രമാണ് ഈ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള ഏക മാര്‍ഗം. ഇതോടൊപ്പം അതിഥി തൊഴിലാളികളുടെ ‘റിവേഴ്‌സ് മൈഗ്രേഷന്‍’ പ്രവണതയ്ക്ക് തടയിടുകയും വേണം. മറിച്ചാണെങ്കില്‍ നിര്‍മ്മാണ മേഖലയില്‍ സ്തംഭനമായിരിക്കും നിലവില്‍ വരുക.

x (x)
 
x (x)
 

LatestDaily

Read Previous

മലപ്പുറം തെറ്റിദ്ധരിപ്പിക്കപ്പെടുന്നു

Read Next

കാഞ്ഞിരടുക്കം സത്യസായ് ധർമ്മാശുപത്രിക്ക് തുരങ്കം വെച്ചത് മംഗളൂരു മെഡിക്കൽ ലോബി