വായ്പയെടുത്ത വാഹനം മറിച്ചുവിറ്റു

കാഞ്ഞങ്ങാട് : ധനകാര്യ സ്ഥാപനത്തിൽ നിന്നും വാഹന വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് വഞ്ചനാക്കുറ്റം, ഗൂഢാലോചന മുതലായ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സ്വകാര്യ ധനകാര്യ സ്ഥാപനമായ മണപ്പുറം അസ്സെറ്റ് ഫിനാൻസിൽ നിന്നും വാഹന വായ്പയെടുക്കുകയും, വായ്പ തിരിച്ചടക്കാതെ സ്ഥാപനത്തെ ചതിക്കുകയും ചെയ്തതിനാണ് കേസ്.

വായ്പയെടുത്ത വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ മാറ്റി മറിച്ചു വിറ്റതായും പരാതിയിൽ പറയുന്നു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് ചിറമ്മൽ ഹൗസിൽ മുഹമ്മദിന്റെ മകൻ സി. സിദ്ധിഖ് 39, ചിറമ്മൽ, ഹൗസിൽ മുഹമ്മദലിയുടെ ഭാര്യ സി.എച്ച്. സുഹറ 35, ഹരിപുരം ചാലുങ്കാൽ ഹൗസിൽ അബ്ദുൾ സലാമിന്റെ മകൻ അബ്ദുൾ ഖാദർ 59, എന്നിവർക്കെതിരെയാണ് മണപ്പുറം ഫിനാൻസിന്റെ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.

2011 ഒക്ടോബർ 31-നാണ് ഒഴിഞ്ഞ വളപ്പിലെ സി. സിദ്ധിഖ് സ്ഥാപനത്തിൽ നിന്നും കെ.എൽ 60 ബി 9055 നമ്പർ വാഹനത്തിന് 2 ലക്ഷം രൂപ വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാതെ വന്നതോടെ കടം പലിശയടക്കം 7 ലക്ഷത്തിലധികമായി. 2018-ന് ശേഷമാണ് സിദ്ധിഖ് വാഹനത്തിന്റെ നമ്പർ മാറ്റി മറിച്ച് വിറ്റത്. സുഹ്റ, അബ്ദുൾ ഖാദർ എന്നിവരെ ജാമ്യം നിർത്തിയാണ് സിദ്ദിഖ് വാഹന വായ്പയെടുത്തത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗര ബജറ്റ് : 15 കോടി മിച്ചം

Read Next

മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയില്‍