ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : അണികളെ തെരുവിലിറക്കി കോൺഗ്രസ് നടത്തുന്ന കെ. റെയിൽ വിരുദ്ധ സമരം കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരുടെ ശ്രദ്ധ തിരിക്കാനെന്ന് വിലയിരുത്തൽ. രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദം കോൺഗ്രസിൽ ഗ്രൂപ്പുകൾ തമ്മിലുള്ള തുറന്ന യുദ്ധത്തിന് വഴി വെച്ചതോടെയാണ് അണികളുടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമര നാടകങ്ങൾ നടത്തുന്നതെന്നാണ് ആരോപണം.
ഏ.കെ. ആന്റണിയുടെ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഒഴിവ് വന്ന ഏക രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകൾ അവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡണ്ടിന്റെ നോമിനിയായ എം. ലിജുവിന് വേണ്ടി കെ. സുധാകരനും ശക്തമായി രംഗത്തുണ്ടായിരുന്നു. അതിനിടെയാണ്, തെരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കേണ്ടന്ന വാദവുമായി കെ. മുരളീധരൻ എം.പി. രംഗത്തെത്തിയത്.
കേരളത്തിൽ നിന്നുള്ള സീറ്റ് മോഹികൾക്ക് പുറമെ കേന്ദ്ര നേതൃത്വം ഒരാളെക്കൂടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ കുഴഞ്ഞുമറിഞ്ഞു. ഏറ്റവുമൊടുവിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർക്ക് സീറ്റ് നൽകിയതോടെയാണ് താൽക്കാലിക പരിഹാരമായത്. രാജ്യസഭാ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും, ഇതിനെച്ചൊല്ലി കോൺഗ്രസിൽ ഇപ്പോഴും വെടിയും പുകയും ഉയരുന്നുണ്ട്.
കോൺഗ്രസിന്റെ അഖിലേന്ത്യാ സംഘടനാ ജനറൽ സിക്രട്ടറിയായ കെ.സി. വേണുഗോപാലിനെതിരെയാണ് സംസ്ഥാനത്ത് നിലവിൽ ഒളിഞ്ഞും, തെളിഞ്ഞും ഗ്രൂപ്പുകൾ രംഗത്തുള്ളത്. അദ്ദേഹത്തിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് ജെബി മേത്തർക്ക് രാജ്യസഭാ സീറ്റ് നൽകിയതെന്നാണ് ആരോപണം. കെ.സി. വേണുഗോപാലിനെതിരെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ദയനീയ പരാജയം പാർട്ടിയുടെ സംഘടനാ ദൗർബ്ബല്യത്തെത്തുടർന്നാണെന്നാണ് ആരോപണം.
കയ്യിലുണ്ടായ പഞ്ചാബ് ഭരണവും ഇല്ലാതായതോടെ, കോൺഗ്രസ് രാജ്യത്ത് ദുർബ്ബലാവസ്ഥയിലാണെന്ന് പാർട്ടി പ്രവർത്തകരുടെ ആരോപണം. സംഘടനാ ദൗർബ്ബല്യത്തിനെതിരെ കോൺഗ്രസിലെ ജി 23 നേതാക്കളും രംഗത്തുണ്ട്. കേരളത്തിലെ പാർട്ടി സംവിധാനങ്ങളിൽ കെ. സി. വേണുഗോപാൽ പിടിമുറുക്കുന്നതിനെതിരെ വിവിധ ഗ്രൂപ്പുകൾക്കുള്ളിൽ അഭിപ്രായ ഭിന്നതകളുണ്ട്. കെ.സി. വേണുഗോപാലിനെതിരെ ഒളിയമ്പുകളെയ്യുന്നതിൽ ഗ്രൂപ്പുകൾ തമ്മിൽ മത്സരവുമാണ്. കോൺഗ്രസിൽ സെമി കേഡർ സംവിധാനം കൊണ്ടുവരുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം വെറും വാക്കാകുകയും, ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധം പഴയപടിയാകുകയും ചെയ്തതോടെ സംസ്ഥാനത്ത് കോൺഗ്രസ് കടുത്ത സംഘടനാ പ്രതിസന്ധിയിലാണ്.
ഡിസിസി ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ പോലുമാകാതെ സങ്കീർണ്ണമായ ഗ്രൂപ്പ് യുദ്ധങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. ഇൗ അമർഷം തണുപ്പിക്കാനുള്ള മറുമരുന്നെന്ന നിലയിലാണ് കോൺഗ്രസ് കെ. റെയിൽ വിരുദ്ധ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. സംഘടനാ ദൗർബ്ബല്യങ്ങളിൽ നിന്ന് അണികളുടെ ശ്രദ്ധ തെറ്റിക്കാനുള്ള സമര നാടകങ്ങളാണ് കെ. റെയിലിന്റെ പേരിൽ സംസ്ഥാനത്തുടനീളം അരങ്ങേറുന്നത്.