ബഹുജനങ്ങളെ വിശ്വാസത്തിലെടുത്ത് നാടിന്റെ വികസനം: സിപിഎം നയരേഖ

കാഞ്ഞങ്ങാട് : ബഹുജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികൾ വിജയകരമായി നടപ്പാക്കാനാവില്ലെന്ന് അതിവേഗ റെയിൽപാതക്കെതിരായ എതിർപ്പിൽ മുന്നറിയിപ്പ് നൽകി സിപിഎം നയരേഖ. സർക്കാർ ജീവനക്കാരെ വകുപ്പ് തലത്തിൽ തുല്യ ജോലി ഭാരം നൽകി വിന്യസിക്കണമെന്ന നിർദ്ദേശവും നയരേഖയിലുണ്ട്. സിൽവർ ലൈൻ പദ്ധതിക്കെതിരായ രാഷ്ട്രീയ കുത്തിത്തിരിപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാനും പദ്ധതി നടപ്പാക്കാനും ബഹുജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമെ സാധ്യമാകുകയുള്ളു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള പാർട്ടി വിദ്യാഭ്യാസവും ജനങ്ങൾ ഏറ്റെടുക്കണം. അതിവേഗ റെയിൽ പദ്ധതിപോലുള്ള വൻകിട പദ്ധതികൾ നടപ്പിലാക്കി അനുഭവമില്ലാത്തത്  കൊണ്ട് പലതരത്തിലുള്ള വിവാദങ്ങൾ ഉയർന്ന് വരാമെന്നും നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന രേഖയിൽ അക്കമിട്ട് പറയുന്നു.

അതിവേഗ റെയിൽ പദ്ധതിയായ കെ.റെയിൽ കേരള വികസനത്തിന് പ്രധാനമാണെന്ന് കണ്ട് വേണം നടപ്പിലാക്കാൻഇക്കാര്യത്തിൽ തെറ്റിദ്ധാരണ നീക്കാനും ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് അവർക്കുണ്ടാവുന്ന നഷ്ടം പരിഹരിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് രേഖയിൽ വ്യക്തമാക്കുന്നു. പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ ഛായ നൽകി സിപിഎം തള്ളുമ്പോൾ തന്നെ രേഖ നിഷ്ക്കർഷിക്കുന്നത് , നവകേരള സൃഷ്ടിക്ക് പശ്ചാത്തലമൊരുക്കുന്നതും  പ്രധാനമാണെന്നാണ്.

ഇത്തരം വിഷയത്തിൽ ഇടപെടുമ്പോൾ സവിശേഷ ശ്രദ്ധ വേണമെന്നും രേഖ നിർദ്ദേശിക്കുന്നുണ്ട്. ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി ആവിഷ്ക്കരിക്കണം. 20 ലക്ഷം പേർക്ക് തൊഴിലെന്ന വാഗ്ദാനം നടപ്പിലാക്കാൻ പ്രത്യേക ഉൗന്നൽ വേണം. എൻ.ആർ ഐ നിക്ഷേപം കേരള ബാങ്കിലേക്ക് സ്വീകരിക്കാനുള്ള അംഗീകാരം റിസർവ്വ് ബാങ്കിൽ നിന്ന് ലഭ്യമാക്കാൻ ഫലപ്രദമായ ഇടപെടൽ വേണ്ടിയിരിക്കുന്നു. തോട്ടഭൂമി തോട്ടമായി സംരക്ഷിക്കാനും പരമ്പരാഗത കൃഷിക്ക് പുറമെ പഴവർഗ്ഗ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും നയരേഖ വ്യക്തമാക്കുന്നു.

LatestDaily

Read Previous

പഠിക്കാൻ പറഞ്ഞതിന് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

Read Next

പതിമൂന്നുകാരിയെ മർദ്ദിച്ചവർക്കെതിരെ കേസ്