ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ജാമ്യമില്ലാ വകുപ്പിൽ 10 പേർക്കെതിരെ കേസ്സ്
കാഞ്ഞങ്ങാട്: സ്ത്രീയും മാതാവും, സ്ത്രീയുടെ സംരക്ഷനായ തൃശ്ശൂർ സ്വദേശിയും താമസിച്ചുവരുന്ന വീട് രാത്രിയിൽ ഏതാനും പേർ സംഘം ചേർന്ന് ആക്രമിച്ചു. തീരദേശമായ ഒഴിഞ്ഞവളപ്പ് അനന്തംപള്ളയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് ആക്രമണം. ചിത്ര എന്ന യുവതിയും 35, മാതാവ് നാരായണിയും ചിത്രയുടെ സംരക്ഷൻ തൃശ്ശൂർ ചാലക്കുടി സ്വദേശി ജിന്റോയും 40, താമസിച്ചുവരുന്ന വീട്ടിൽ അതിക്രമിച്ചു കടന്ന് വാതിലും ജനലും മറ്റും തല്ലിപ്പൊളിച്ചുവെന്നതിന് പ്രകാശൻ, രാഘവൻ, ചിത്രയുടെ ചേച്ചി ലക്ഷ്മി, ചിത്രയുടെ മകൾ ദേവിക 22, എന്നിവരടക്കം കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയാണ് ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്. ഇവരിൽ പ്രതികളായ പ്രകാശൻ, രാഘവൻ എന്നിവരെ ചിത്രയുടെ വീട്ടു പരിസരത്തു നിന്നും പ്രിൻസിപ്പൽ എസ്ഐ, എൻ.പി. രാഘവൻ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. ചിത്രയും മാതാവ് എൻ.വി. നാരായണിയുമാണ് വീട്ടിൽ താമസം. ചിത്രയുടെ സംരക്ഷൻ ചാലക്കുടി സ്വദേശി ജിന്റോയും, കഴിഞ്ഞ പതിനൊന്ന് വർഷമായി ഒരുമിച്ച് കുടുംബജീവിതം നയിച്ചു വരികയാണ്.
ഇടയ്ക്ക് ചാലക്കുടിയിലും അനന്തംപള്ളയിലെ വീട്ടിലും താമസിക്കും. ആദ്യ ഭർത്താവ് കളനാട് സ്വദേശി സുരേഷുമായി ചിത്ര വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് യുവതി ജിന്റോയോടൊപ്പം താമസം തുടങ്ങിയത്. ജിന്റോയെ ഫോൺ സന്ദേശത്തിൽ പരിചയപ്പെട്ടതാണെന്ന് ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ പരിസരത്ത് ചിത്ര ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.
ജിന്റോ കൂലിപ്പണിക്കാരനാണ്. ലോക്ഡൗൺ കാലത്ത് ഇരുവരും ചാലക്കുടിയിലുള്ള ജിന്റോയുടെ വീട്ടിലായിരുന്നു. ഇന്നലെ അനന്തംപള്ളയിലെ വീട്ടിലെത്തിയപ്പോൾ, ചിത്രയുടെ മൂത്തമകൾ ബിരുദ വിദ്യാർത്ഥിനി ദേവികയും, ചിത്രയുടെ ചേച്ചി ലക്ഷ്മിയും, ഭർത്താവും മറ്റും ചിത്രയുടെ വീട്ടിലെത്തുകയും, മകൾ ദേവികയ്ക്ക് അമ്മയോടൊപ്പം ഈ വീട്ടിൽ താമസിക്കണമെന്ന് ആവശ്യമുയർത്തുകയും ചെയ്തു. ദേവിക താമസിക്കണമെങ്കിൽ അമ്മയുടെ സംരക്ഷകനായ ജിന്റോയെ വീട്ടിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു മകൾ ദേവികയുടെയും ചേച്ചി ഉഷയുടെയും ആവശ്യം. പതിനൊന്നു വർഷമായി ആദ്യ ഭർത്താവിനെയും ദേവിക അടക്കമുള്ള രണ്ട് പെൺകുട്ടികളെയും ഒഴിവാക്കി ജിന്റോയോടൊപ്പം ജീവിക്കുന്ന ചിത്ര അതിന് തയ്യാറായില്ല.
പ്രശ്നം വാക്കേറ്റത്തിൽ കലാശിച്ചതോടെ 5 സെന്റ് ഭൂമിയിൽ ചിത്രയുടെ സ്വന്തം പേരിലുള്ള വീട് ആക്രമിക്കപ്പെട്ടു. പുറത്തുള്ള അന്യൻ അമ്മയോടൊപ്പം താമസിക്കുന്ന വീട്ടിൽ തന്റെ താമസം ഒട്ടും സുരക്ഷിതമാവില്ലെന്നാണ് മകൾ ദേവികയുടെ വാദം. തൽസമയം ദേവിക ബിരുദ വിദ്യാർത്ഥിനിയാണെങ്കിലും, വിവാഹിതയാണ്. ഭർത്താവ് പ്രവാസിയാണ്. പോലീസ് സ്ഥലത്തെത്തി വീടാക്രമിച്ച രണ്ടുപേരെ രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു.ഇവർ ഇരുവരും മദ്യപിച്ചിരുന്നതിനാൽ ജില്ലാശുപത്രിയിൽ രാത്രിയിൽ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമായി. ഇവരെ പോലീസ് കൊണ്ടുപോയതിന് പിന്നാലെ ദേവികയും, ഇളയമ്മ സുശീലയും, നഗരസഭ കൗൺസിലർമാരായ എം.എം. നാരായണനും, ഷൈജയും മറ്റു പത്തോളം പരിസരവാസികളും രാത്രി 9 മണിയോടെ പോലീസ് സ്റ്റേഷനിലെത്തി.
സ്ഥലം വാർഡ് കൗൺസിലർമാരായ എം.എം. നാരായണനും, ഷൈജയും പ്രതികളെ ജാമ്യത്തിലെടുക്കാൻ രാത്രി 11 മണിവരെ പോലീസ് സ്റ്റേഷനിൽ കാത്തിരുന്നുവെങ്കിലും, യുവതിയും അവരുടെ സംരക്ഷകനും ഒരുമിച്ചു താമസിക്കുന്ന വീട് രാത്രിയിൽ ആക്രമിച്ച കേസ്സിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നതിനാൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ഇരു കൗൺസിലർമാരെയും ബോധ്യപ്പെടുത്തി. തന്നെയും ചിത്രയേയും കഴിഞ്ഞ വർഷവും ഇതേ വീട്ടിൽ ചിലർ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നുവെന്ന് ജിന്റോ ലേറ്റസ്റ്റിനോട് പറഞ്ഞു.
വിവാഹ ശേഷം ഇന്നുവരെ തന്റെ വീട്ടിൽ വരാത്ത മകൾ ദേവിക ഇപ്പോൾ വീട്ടിലെത്തി താമസ സൗകര്യം ഉന്നയിച്ചതിന് പിന്നിൽ പ്രദേശത്തുള്ള തന്റെ ശത്രുക്കളാണെന്ന് മുപ്പത്തിയഞ്ചുകാരിയായ ചിത്ര പറഞ്ഞു. ദേവികയ്ക്ക് വീട്ടിൽ താമസിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് ജിന്റോ പറയുമ്പോൾ, അമ്മയുടെ സംരക്ഷകനായ അന്യ പുരുഷൻ താമസിക്കുന്ന വീട്ടിൽ താൻ സുരക്ഷിതയല്ലെന്ന് ദേവിക പറയുന്നു.
പരസ്പരം ഇഷ്ടപ്പെട്ട് ഒരുമിച്ചു താമസിക്കുന്ന സ്ത്രീയേയും പുരുഷനേയും സ്വന്തം മകളായാലും, സഹോദരിയായാലും, അക്രമിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് പ്രിൻസിപ്പൽ എസ്ഐ, എൻ.പി. രാഘവൻ ലേറ്റസ്റ്റിനോട് പറഞ്ഞു. ചിത്രയുടെ മകൾക്കും, സഹോദരി ഉഷയ്ക്കും അവരുടെ ഉറ്റവർക്കും പ്രശ്നം ദേവികയെ വീട്ടിൽ താമസിപ്പിക്കലല്ല, മറിച്ച് ‘ ജിന്റോയാണ് ‘ അവരുടെ പ്രശ്നമെന്നും സബ് ഇൻസ്പെക്ടർ പറഞ്ഞു. ചിത്രയുടെ പ്രായമായ മാതാവ് മേക്കമ്മമാർ വീട്ടിൽ നാരായണിയെ രാത്രിയിൽ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം നാരായണിയുടെ പരാതിയിലാണ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.