ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കെ. റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് അപകടകരമായ തീക്കളി. മണ്ണെണ്ണയും, പെട്രോളുമായി അണികളെ തെരുവിലിറക്കി യുഡിഎഫും, ബിജെപിയും നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ നാട്ടിലെ സൈര്യ ജീവിതം തകർക്കുകയും, ക്രമസമാധാന നില വഷളാക്കുകയും ചെയ്യണമെന്ന ഗൂഡലക്ഷ്യങ്ങളുമുണ്ടെന്ന് സൂചനയുണ്ട്.
ശബരിമല പ്രക്ഷോഭകാലത്ത് ഒത്തൊരുമിച്ച് പ്രവർത്തിച്ച രീതിയിൽ കോൺഗ്രസും, ബിജെപിയും സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റക്കെട്ടായാണ് കെ. റെയിൽ വിരുദ്ധ സമരത്തിന് നേതൃത്വം നൽകുന്നത്. എരിതീയിൽ എണ്ണയൊഴിക്കാനെന്ന വിധത്തിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും കെ. റെയിലിനെതിരെ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
സ്ത്രീകളെയും, കുട്ടികളെയും സമര രംഗത്തിറക്കി ആക്രമണോത്സുകത പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിൽ പലയിടത്തും കെ. റെയിൽ വിരുദ്ധ സമരങ്ങൾ നടക്കുന്നത്. കയ്യിൽ മണ്ണെണ്ണക്കുപ്പികളുമായി സമര രംഗത്തിറങ്ങുന്നവർക്ക് പിന്നിൽ കോൺഗ്രസ്സും ബിജെപിയുമാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു തീപ്പൊരി വീണാൽ കൂട്ടമരണങ്ങൾ നടക്കാൻ സാധ്യതയുള്ള തരത്തിലാണ് പ്രക്ഷോഭകർ മണ്ണെണ്ണയും, പെട്രോളുമായി സമരത്തിനിറങ്ങുന്നത്. അപകടരമായ സമര രീതികളിൽ നിന്ന് പിന്തിരിയാൻ അണികളെ ഉപദേശിക്കാൻ ബാധ്യതയുള്ള കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ തികഞ്ഞ മൗനത്തിലുമാണ്.
കെ. റെയിലിനെ എതിർക്കുന്ന മുദ്രാവാക്യങ്ങൾക്ക് പകരം മിക്ക സ്ഥലങ്ങളിലും മുഴങ്ങിക്കേൾക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള വ്യക്തി അധിക്ഷേപങ്ങളാണ്. സ്ത്രീകളാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള തെറിവിളികൾ കേട്ടാസ്വാദിക്കുകയല്ലാതെ അണികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കൾ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കെ. റെയിൽ വിരുദ്ധ സമരങ്ങൾ വഴി ക്രമ സമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ച് ക്രമസമാധാന നില തകരാറിലെന്ന് പറഞ്ഞ് സർക്കാരിനെ അടിക്കുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം.
പ്രതിപക്ഷ നേതാവ് തന്നെ കഴിഞ്ഞ ദിവസം സമരമുഖത്തെത്തിയതിന്റെ ലക്ഷ്യവും ഇതുതന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആസൂത്രണം ചെയ്ത് 2018-ൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയുടെ ബദലെന്ന നിലയ്ക്കാണ് പിണറായി സർക്കാർ കുറച്ച് കൂടി ചെലവ് കുറഞ്ഞ സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചത്.
ഉമ്മൻചാണ്ടി നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ അതിവേഗ റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇ. ശ്രീധരൻ ചെയർമാനായിരുന്ന ഡി.എം.ആർ.സിക്ക് ഇൗ വകയിൽ കോടികൾ കൈമാറിയിരുന്നു. പദ്ധതിയെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുകൂലിച്ചിരുന്ന ഇ. ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് പിണറായി സർക്കാരിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയെ തള്ളിപ്പറഞ്ഞത്. അതിവേഗ റെയിൽ പദ്ധതിയെന്നത് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായിരുന്നുവെന്ന സത്യത്തെ മറച്ചുവെച്ചാണ് യുഡിഎഫ്, എൽഡിഎഫിന്റെ സിൽവർ ലൈൻ പദ്ധതിയെ കണ്ണുമടച്ച് എതിർക്കുന്നത്. ഇത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.