ലഹരിവിപത്തിനെതിരെ ഉണർവ്വ്

മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണത്തിനായി  വിദ്യാർത്ഥികളെ കായിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ആകൃഷ്ടരാക്കാനുള്ള ഉണർവ്വ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിക്കുമെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. വിദ്യാലയങ്ങളിലടക്കം ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ പ്രസ്തുത തീരുമാനം അഭിനന്ദനാർഹവും കൂടിയാണ്.

ലഹരിക്കായി പുത്തൻ മാർഗ്ഗങ്ങൾ തേടുന്ന യുവതലമുറയെ ലക്ഷ്യമാക്കി ലഹരിമാഫിയയുടെ കഴുകൻ കണ്ണുകൾ വിദ്യാലയ പരിസരങ്ങളിൽ പോലും സദാവട്ടമിട്ട് പറക്കുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ ഇടനിലക്കാർ വരെ ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. കൗമാര പ്രായക്കാരായ വിദ്യാർത്ഥികൾ വരെ ലഹരിക്ക് അടിമകളായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഒളിപ്പിച്ച് വെക്കാനും കഴിയില്ല.

ചെറിയ അളവിൽ സൗജന്യമായി ലഹരി വസ്തുക്കൾ നൽകിയാണ് ലഹരി മാഫിയ കൗമാരപ്രായക്കാരെ വലയിൽ വീഴ്ത്തുന്നത്. സൗജന്യമായി ലഭിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം നിത്യ ഉപഭോക്താക്കളാകുന്ന കൗമാര പ്രായക്കാരെ പതിയെ ഏജന്റുമാരാക്കിയാണ് ലഹരിമാഫിയ വിദ്യാലയങ്ങളിൽ വേരുറപ്പിക്കുന്നത്.

ഒരിക്കൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ കഴിയാത്ത വിധത്തിലാണ് ലഹരി മാഫിയകളുടെ കെണി മുറുക്കുന്നത്. രാസലഹരി മരുന്നുകളടക്കം സംസ്ഥാനനത്ത് വ്യാപകമായി ലഭിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണവും കാലഘട്ടത്തിന്റെ ആവശ്യമാണ്.

സർക്കാർ പ്രഖ്യാപിച്ച ഉണർവ്വ് പദ്ധതി ലഹരിക്കടിമയായ പുതുതലമുറയുടെ ബോധമണ്ഡലങ്ങളിൽ വെളിച്ചം വീശുമെങ്കിൽ നന്ന്. ലഹരി വിപത്തുകൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ ബജറ്റിൽ എട്ട് കോടിയിലധികം രൂപ നീക്കിവെച്ചിട്ടുമുണ്ട്. മദ്യത്തെ മഹത്വ വൽക്കരിക്കുന്ന സാമൂഹ്യ ജീവിത ക്രമമാണ് കേരളത്തിലേക്ക് പിറപ്പ് മുതൽ ചാക്കാല വരെയുള്ള ചടങ്ങുകൾക്ക് മദ്യം കേരളത്തിൽ അവശ്യവസ്തുവായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു.

അടുപ്പിൽ നാഴിയരി കൂടുതൽ വേവിക്കുന്ന ചടങ്ങുകൾക്കെല്ലാം മലയാളിക്ക് മദ്യം നിർബ്ബന്ധമാണ്. കുടിൽ മുതൽ കൊട്ടാരം വരെ വലിപ്പച്ചെറുപ്പമില്ലാത്ത വിധത്തിൽ ചടങ്ങുകളിൽ മദ്യസേവ നടക്കുന്ന നാട്ടിൽ മദ്യമെന്നത് മഹത്വമേറിയ വസ്തുവാണെന്നാണ് മുതിർന്ന തലമുറ പുതുതലമുറയെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

അൽപ്പ സ്വൽപ്പം മദ്യസേവയാകുന്നതിൽ തെറ്റില്ലെന്ന സന്ദേശം ലഭിക്കുന്ന കൗമാരപ്രായക്കാർ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ തേടിപ്പോകുന്നതിൽ കുറ്റപ്പെടുത്താൻ കഴിയില്ല. ഓരോ വീടുകളും സമൂഹത്തിന്റെ അടിസ്ഥാന ശിലകളായതിനാൽ ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കുടുംബങ്ങളിൽ നിന്നും തന്നെ ആരംഭിക്കേണ്ടിയിരിക്കുന്ന.

സ്വന്തം മക്കളെ നന്നാക്കേണ്ട ബാധ്യത സർക്കാരിനല്ലെന്ന പ്രാഥമിക ബോധ്യമെങ്കിലും കേരളത്തിലെ രക്ഷിതാക്കൾക്കുണ്ടാകേണ്ടതാണ്. കേരളത്തിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യപ്പെടുന്ന ക്രിമിനൽ കേസ്സുകളിൽ ഭൂരിഭാഗവും ലഹരിയുടെ സ്വാധീനം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങളാണ്. കുറ്റവാസനകളെ പ്രോൽസാഹിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ വിതരണത്തിന്റെ വേരറുക്കുകയെന്നത് തന്നെയാണ് ലഹരിവിപത്ത് തടയാനുള്ള ഒന്നാമത്തെ വഴി.

മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണങ്ങൾ പ്രാഥമിക തലം തൊട്ട് തുടങ്ങുന്നത് തന്നെയാണ് ഉചിതം. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ ആകൃഷ്ടരാക്കാൻ കഴിഞ്ഞാൽ വരുംതലമുറയെങ്കിലും നേർവഴിക്ക് കൊണ്ടുവരാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

LatestDaily

Read Previous

മന്ത്രി ദേവർകോവിൽ വിഭാഗീയ നേതാവെന്ന് വഹാബ്; മാപ്പു പറഞ്ഞാൽ തിരിച്ചെടുക്കാമെന്ന് മന്ത്രി

Read Next

അശോകനെ തെരയാൻ കൂടുതൽ പോലീസ്