ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ: സമസ്തയുടെ തീരുമാനത്തെ ധിക്കരിച്ച് പള്ളിയിൽ പെരുന്നാൾ നമസ്ക്കാരം നടത്താൻ സൗകര്യമൊരുക്കി കൊടുത്ത ജമാഅത്ത് നേതൃത്വത്തിനെതിരെ വിശ്വാസി സമൂഹത്തിനിടയിൽ അമർഷം ശക്തമാകുന്നു. വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ ജമാഅത്ത് കമ്മിറ്റിക്ക് കീഴിലുള്ള ബുസ്താനി പള്ളിയിലാണ് ചെറിയ പെരുന്നാൾ ദിനത്തിൽ വിലക്കുകൾ ലംഘിച്ച് പെരുന്നാൾ നമസ്ക്കാരം നടത്തിയത്. സ്കൂൾ, മദ്രസ്സാ അധ്യാപകനായ ആഷിഖ് നിസാമിയാണ് പെരുന്നാൾ നിസ്ക്കാരത്തിന് നേതൃത്വം നൽകിയത്.
മാടക്കാൽ ജമാഅത്ത് പരിധിയിൽ 300 കുടുംബങ്ങളാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും വീട്ടിലാണ് പെരുന്നാൾ നമസ്ക്കാരം നടത്തിയത്. അതിനിടയിലാണ് 17 പേർ ചേർന്ന് വലിയ പറമ്പിലെ ബുസ്താനി പള്ളിയിൽ സമൂഹ നിസ്ക്കാരം നടത്തിയത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട ബുസ്താനി പള്ളിയുടെ താക്കോൽ മാടക്കാൽ ജമാഅത്ത് കമ്മിറ്റിയുടെ കൈയിൽ ആയതിനാൽ കമ്മിറ്റി അറിയാതെ പള്ളിയിൽ നിസ്ക്കാരം നടക്കില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
സംഭവത്തിന് ഒരു പഞ്ചായത്തംഗം കൂടി ഒത്താശ ചെയ്തിട്ടുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. സമസ്ത തീരുമാനം ലംഘിച്ച് പള്ളിക്കകത്ത് ഒത്തുകൂടി പെരുന്നാൾ നിസ്ക്കാരം നടത്തിയതിനെതിരെ ജമാഅത്ത് കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. സംഭവം കാര്യമാക്കേണ്ടെന്ന നിലപാടാണ് ജമാഅത്ത് കമ്മിറ്റി സ്വീകരിച്ചത്. സമസ്തയുടെയും, മതനേതാക്കൻമാരുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് ഭൂരിപക്ഷം പേരും അവരുടെ വീടുകളിൽ പെരുന്നാൾ നമസ്ക്കാരം നടത്തിയപ്പോൾ ഒരു ന്യൂനപക്ഷം മാത്രം നിർദ്ദേശം ലംഘിച്ചതിനെതിരെയാണ് മാടക്കാൽ ജമാഅത്തിൽ പ്രതിഷേധമുയരുന്നത്.
സമൂഹ നിസ്ക്കാരത്തിനെതിരെ പ്രതിഷേധമുയർത്തിയവർ വിവരം ചന്തേര പോലീസിൽ അറിയിച്ചിരുന്നെങ്കിലും, രേഖാമൂലമായ പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിരുന്നില്ല. റംസാൻ വ്രതാനുഷ്ഠാനങ്ങളുടെ സമാപനമായി ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തുന്ന പെരുന്നാൾ നമസ്ക്കാരം മുസ്്ലീം മത വിശ്വാസികൾ ശ്രേഷ്ഠമായി കരുതുന്നതാണ്. കോവിഡ് ഭീതിയിൽ ഇത്തവണ സമൂഹ നമസ്ക്കാരങ്ങൾ ഒഴിവാക്കണമെന്ന് വിവിധ മതപണ്ഡിതൻമാരും, ഖാസിമാരും, മതനേതാക്കളും അഭ്യർത്ഥിച്ചതിന്റെ ഫലമായി കേരളത്തിലെ ബഹു ഭൂരിപക്ഷം മുസ്്ലീങ്ങളും അത് ഒഴിവാക്കി നമസ്ക്കാരം വീടുകളിൽത്തന്നെ ഒതുക്കുകയായിരുന്നു.