ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മടിക്കൈ: കവർച്ചാ പ്രതി മടിക്കൈയിലെ കറുകവളപ്പിൽ അശോകനെ 34, കണ്ടെത്താൻ മടിക്കൈ കാട്ടിൽ പോലീസിന്റെ വ്യാപക തെരച്ചിൽ. ഇന്നലെ രാത്രിയിൽ ആരംഭിച്ച തെരച്ചിൽ ഇന്ന് നേരം പുലരും വരെ തുടർന്നിട്ടും, അശോകന്റെ രഹസ്യ താവളം കണ്ടെത്താൻ സേനയ്ക്ക് കഴിഞ്ഞില്ല. മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് 500 ഏക്കറിൽ പരന്നുകിടക്കുന്ന കാട്ടിലും കുറ്റിക്കാട്ടിലുമാണ് അശോകന് വേണ്ടി തെരച്ചിൽ വ്യാപകമാക്കിയത്.
കൂലിത്തൊഴിലാളി മടിക്കൈ കറുകവളപ്പിൽ അനിലിന്റെ ഭാര്യ വിജിതയെ കഴിഞ്ഞ ദിവസം രാവിലെ 9.45 മണിയോടെയാണ് വീട്ടിനകത്ത് കയറി അശോകൻ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കാട്ടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി യുവതിയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നത്. തലയ്ക്കടിയേറ്റ് ബോധമറ്റ വിജിതയെ പ്രതി കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ബോധം വീണ്ടുകിട്ടിയ ശേഷം യുവതി കാട്ടിൽ നിന്ന് ഇഴഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് നാട്ടുകാർ സംഭവമറിഞ്ഞത്. അപ്പോഴേയ്ക്കും അശോകൻ കാട്ടിനുള്ളിൽ മറഞ്ഞിരുന്നു.
3 മാസം മുമ്പ് കറുകവളപ്പ് സ്വദേശിയായ കൃഷിക്കാരൻ പ്രഭാകരന്റെ വീട്ടിൽ പുലർകാലം അതിക്രമിച്ചു കയറിയ അശോകൻ ഈ വീട്ടിൽ നിന്ന് രണ്ട് സെൽ ഫോണുകളും, സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന് അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പോലീസ് അശോകന് വേണ്ടി പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് അശോകൻ താമസം കാട്ടിലേക്ക് മാറ്റിയത്. അശോകന്റെ കവർച്ചാ കൂട്ടാളി കാസർകോട് ബേഡഡുക്ക സ്വദേശി മഞ്ചുനാഥിനെ കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത് കാട്ടിൽ നിന്നാണ്.
അന്ന് മഞ്ചുനാഥിനൊപ്പം അശോകനുമുണ്ടായിരുന്നുവെങ്കിലും, പോലീസ് കാട്ടിലിറങ്ങിയ സാഹചര്യം മണത്തറിഞ്ഞ അശോകൻ രക്ഷപ്പെട്ട് വീണ്ടും കാട്ടിലേക്ക് കടക്കുകയായിരുന്നു. അശോകന്റെ അടിയേറ്റ യുവതി വിജിത ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അശോകൻ ക്രൂരമായി തല്ലിയതിനാൽ വിജിതയുടെ കണ്ണുകൾ രണ്ടും ചുവന്നുതുടുത്തിട്ടുണ്ട്. തന്റെ പേര് പോലീസിനോട് പറഞ്ഞാൽ തന്റെ സംഘത്തിൽപ്പെട്ട മറ്റ് മൂന്നുപേർ രാത്രിയിൽ വീട്ടിലെത്തി കൊല നടത്തുമെന്ന് അശോകൻ ഭീഷണിപ്പെടുത്തിയതായി രക്ഷപ്പെട്ട വിജിത പറഞ്ഞു.
മടിക്കൈ കറുകവളപ്പ് പ്രദേശത്ത് ഒറ്റപ്പെട്ട വീടുകളാണ്. അശോകനും സംഘവും രാത്രി വീടുകളിൽ കയറി കവർച്ച നടത്തുമെന്ന ഭയത്തിലാണ് നാട്ടുകാർ. വിജിതയിൽ നിന്ന് അശോകൻ തട്ടിപ്പറിച്ചുകൊണ്ടുപോയ സെൽഫോണിന്റെ ടവർ ലൊക്കേഷൻ സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഈ സെൽഫോൺ വിജിതയുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഓൺലൈനിൽ കിടക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.