ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിവാദങ്ങളുടെ വിള നിലമായ രാഷ്ട്രീയ ഭൂമികയിൽ വിവാദങ്ങളിലൊന്നും അകപ്പെടാതെ ശുഭ്രശോഭ പരത്തിയിരുന്ന നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പാണക്കാട് കുടപ്പനക്കൽ തറവാടിന്റെ ശുദ്ധിയും നൈർമ്മല്യവും യാതൊരു കോട്ടവും കൂടാതെ കാത്തുസൂക്ഷിക്കുന്നതിൽ സദാ ജാഗരൂകനായ നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.
പാണക്കാട് കുടപ്പനക്കൽ തറവാടെന്നത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്്ലീം ജനതയുടെ ആശ്രയ കേന്ദ്രം എന്നതിലുപരി സർവ്വ മതസ്ഥരുടെയും ആശ്രയവും പ്രതീക്ഷയുമായിരുന്നുവെന്നത് നിസ്തർക്കമാണ്. ജാതിമത പരിഗണനകളില്ലാതെ ആർക്കും എപ്പോഴും കടന്നു ചെല്ലാവുന്ന വിധത്തിൽ പാണക്കാട് തറവാടിന്റെ വാതിൽ എപ്പോഴും മലർക്കെ തുറന്നിട്ടിരുന്നത് തന്നെ ഇതിനുദാഹരണമാണ്.
തൊടുന്നതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാക്കളുള്ള കേരളത്തിൽ രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്്ലീം ലീഗ് മുൻ സംസ്ഥാനാധ്യക്ഷനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ അതേപാത തന്നെയാണ് ഹൈദരലി ശിഹാബ് തങ്ങളും പിന്തുടർന്നത്. ബാബറി മസ്ജിദ് തകർത്തതിന്റെ ആഘാതങ്ങൾ മുസ്്ലീം സമുദായത്തിനിടയിൽ ശക്തമായ കാലത്ത് പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽ നിന്നുള്ള ഒരൊറ്റ നിർദ്ദേശം മാത്രമാണ് കേരളത്തിൽ തീപടരാതെ കാത്തത്.
ലീഗിന്റെ സംസ്ഥാനാധ്യക്ഷനായിരുന്നിട്ടും അധികാര രാഷ്ട്രീയത്തോട് ഒട്ടും താൽപ്പര്യം കാണിക്കാത്ത രാഷ്ട്രീയ നേതാവായിരുന്നു ഹൈദരലി തങ്ങൾ. രാഷ്ട്രീയമെന്നാൽ അധികാര രാഷ്ട്രീയമാണെന്ന രാഷ്ട്രീയ അന്ധവിശ്വാസങ്ങളെ പൊഴിച്ചെഴുതിയതിലൂടെയാണ് പാണക്കാട് കുടുംബം രാഷ്ട്രീയത്തിൽ വ്യത്യസ്തമാകുന്നത്. ആത്മീയതയോടൊപ്പം രാഷ്ട്രീയവും കൈകാര്യം ചെയ്യുമ്പോഴും മതവും രാഷ്ട്രീയവും ഒരിക്കലും കൂട്ടി കലർത്താൻ ശ്രമിച്ചിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ സവിശേഷത.
സമൂഹത്തിന്റെ താഴത്തട്ടിലുള്ളവർക്കും ഉന്നത ശ്രേണിയിലുള്ളവർക്കും ഏറെ പ്രിയങ്കരനായ നേതാവായിരുന്നു അടുപ്പമുള്ളവർ ആറ്റപ്പൂ എന്ന് വിളിക്കുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പൂവിന്റെ നൈർമ്മല്യമുള്ള രാഷ്ട്രീയ വിശുദ്ധിയുടെ ഗന്ധം അവശേഷിപ്പിച്ചാണ് അദ്ദേഹം വിട വാങ്ങിയത്.