റിട്ട. എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ കരിന്തളം യുവാവിന്റെ പേരിൽ കേസ്സ്

കാഞ്ഞങ്ങാട്: റിട്ടയേർഡ് പോലീസ് സൂപ്രണ്ട് പടന്നക്കാട്ടെ ടി.വി കുഞ്ഞിക്കണ്ണന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കരിന്തളം യുവാവ് നിധിന്റെ 22, പേരിൽ കാസർകോട് വനിതാ സെൽ കേസ്സ് രജിസ്റ്റർ ചെയ്തു. 2022 മാർച്ച് 2-ന് ഉച്ചയ്ക്ക് ശേഷം 3-30 മണിക്ക് റിട്ട. എസ്പിയുടെ പടന്നക്കാട്ടുള്ള വീടിന്റെ കാളിംഗ്ബെൽ തുരുതുരെ അടിച്ച നിധിൻ എസ്പിയുടെ ഭാര്യ വാതിൽ തുറന്നപ്പോൾ, വീട്ടിനകത്ത് അതിക്രമിച്ചു കയറുകയും, തൽസമയം റിട്ട.എസ്പി, ടി.വി കുഞ്ഞിക്കണ്ണൻ മിഥുനോട് ”എന്തിനാണ് വന്നതെന്ന്” ആരാഞ്ഞപ്പോൾ, ”കാണാനാണെന്ന്”  നിധിൻ മറുപടി പറയുകയും ചെയ്തു.

”കണ്ടില്ലേ- ഇനി പോയ്ക്കൂടേ” എന്ന് പറഞ്ഞപ്പോൾ, ”നിങ്ങൾക്കൊന്നും അധികം ജീവിതമില്ലെന്ന്” പറഞ്ഞ നിധിൻ വീടിന് പുറത്തു പോവുകയും, അൽപ്പം കഴിഞ്ഞ ശേഷം വീണ്ടും തിരിച്ചു വന്ന് ടി.വി കുഞ്ഞിക്കണ്ണനോട് കയർത്തു സംസാരിക്കുകയും , വീട്ടിനുള്ളിൽ കയറി അദ്ദേഹത്തിന്റെ ഭാര്യ സുനന്ദ നാമത്ത് ധരിച്ചിരുന്ന മാക്സി പിടിച്ചു വലിക്കുകയും, ചെയ്തുവെന്നാണ്, അറുപത്തിരണ്ടുകാരിയായ ഭാര്യ സുനന്ദയുടെ പരാതി.

സംഭവത്തിൽ മാനഹാനിയുണ്ടായതായും, നിധിന്റെ കയ്യേറ്റം വീട്ടിലെ പരിചാരക ഷീബ നേരിൽകണ്ടതായും, സുനന്ദ നാമത്തിന്റെ പരാതിയിലുണ്ട്. റിട്ട. എസ്പി, ടി.വി. കുഞ്ഞിക്കണ്ണന്റെ ബംഗളൂരുവിൽ താമസിച്ചു വരുന്ന മകളുടെ മകളെ നിധിന്  കല്ല്യാണം കഴിച്ചു കൊടുക്കാത്തതിലുള്ള വിരോധത്തിലാണ് യുവാവ് വീടുകയറി അതിക്രമം കാണിച്ചതെന്ന് സുനന്ദ പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 452 (വീട്ടിനകത്ത് അതിക്രമിച്ചു കയറൽ) 354 (മാനഹാനി) എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് നിധിന്റെ  പേരിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

പടന്നക്കാട് നെഹ്്റു കോളേജിൽ നിന്ന് റിട്ടയർ ചെയ്ത അധ്യാപകൻ നീലേശ്വരം കരിന്തളത്തെ പി. പ്രഭാകരന്റെ മകനാണ് നെഹ്്റു കോളേജിൽ പി.ജി വിദ്യാർത്ഥിയായ നിധിൻ. പി. പ്രഭാകരൻ മുൻ കാസർകോട് പാർലിമെന്റംഗം പി. കരുണാകരന്റെ സഹോദരനാണ്. റിട്ട. എസ്പി, ടി.വി. കുഞ്ഞിക്കണ്ണന്റെ മൂത്തമകളുടെ മകളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് നിധിൻ, റിട്ട എസ്പിയുടെ കുടുംബത്തിന്  നേരെ പടന്നക്കാട്ടും, പെൺകുട്ടി താമസിച്ചു പഠിക്കുന്ന ബംഗളൂരുവിലും ഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞു.

താനും പെൺകുട്ടിയും പ്രണയത്തിലാണെന്ന് അവകാശപ്പെട്ട് നിധിൻ ഇതിനകം നിരവധി കത്തുകൾ പെൺകുട്ടിക്കും, സൈന്യത്തിൽ കേണലായി റിട്ടയർ ചെയ്ത പെൺകുട്ടിയുടെ തലശ്ശേരി സ്വദേശിയായ പിതാവിനും അയച്ചിരുന്നു.  പെൺകുട്ടിയെ തനിക്ക് വിവാഹം കഴിച്ചു തന്നില്ലെങ്കിൽ അവളെ കൊല്ലുമെന്ന മറയില്ലാത്ത തുറന്ന ഭീഷണിയും നിധിൻഉയർത്തിയിട്ടുണ്ട്. നിധിന്റെ ഭീഷണി അസഹ്യമായതിനാൽ, ഇപ്പോൾ  ബംഗളൂരുവിൽ താമസിക്കുന്ന കേണലും  മറ്റും ഈ വിഷയത്തിൽ ഇടപെടാൻ സിപിഎം നേതാവ് പി. ജയരാജന്റെ സഹായം തേടുകയും, ജയരാജൻ നീലേശ്വരത്തുള്ള പി. കരുണാകരന്റെ വസതിയിലെത്തി, നിധിന്റെ പിതാവ് പി. പ്രഭാകരനുമായും, പിതൃസഹോദരൻ പി. കരുണാകരനുമായും അനുരഞ്ജന ചർച്ച നടത്തിയത് 2021 ഡിസംബറിലാണ്.

ഇപ്പോൾ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചതറിഞ്ഞ നിധിൻ, പെൺകുട്ടിയെ ഒരുതരത്തിലും മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്ന കടുത്ത വാശിയിലാണ്. ഇതിന്റെ ആദ്യപടിയാണ് യുവാവ് പെൺകുട്ടിയുടെ മുത്തച്ഛനായ റിട്ട. എസ്പി, ടി.വി. കുഞ്ഞിക്കണ്ണന്റെ വസതിയിലെത്തി മാർച്ച് 2- ന് അക്രമാസക്തനായത്.

LatestDaily

Read Previous

കോട്ടച്ചേരി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

Read Next

വഹാബ് വിഭാഗം കാഞ്ഞങ്ങാട്ട് കരുത്തു തെളിയിക്കും, കൺവെൻഷൻ മാർച്ച് 11- ന് കാഞ്ഞങ്ങാട്ട് ചേരും