ഡോക്ടറുടെ വീട്ടിൽ കവർച്ച

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സർജന്റെ വീട്ടിൽ കവർച്ച. സർജൻ ഡോ. വിനോദിന്റെ തോയമ്മലിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ ജനൽക്കമ്പികൾ വളച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ നിന്ന് സ്വർണ്ണവും പണവുമടക്കം 2.25 ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങൾ അപഹരിച്ചു. മാർച്ച് 5 ന് കണ്ണൂരിൽ പോയിരുന്ന  ഡോക്ടറും കുടംബവും ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

ജനൽ കമ്പി വളച്ച് അകത്തു കടന്ന മോഷ്ടാക്കൾ രണ്ടുപവന്റെ സ്വർണ്ണാഭരണങ്ങളും അലമാരയിലുണ്ടായിരുന്ന 25,000 രൂപയും 1.25 ലക്ഷം രൂപ വിലമതിക്കുന്ന മറ്റൊരാഭരണവും മോഷ്ടിച്ചു. ജനൽക്കമ്പികൾ വളച്ച് മോഷ്ടാക്കൾ അതുവഴി തന്നെയാണ് തിരിച്ചിറങ്ങിയത്. വീട്ടിൽ ആളില്ലെന്ന് നിരീക്ഷിച്ചറിഞ്ഞ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഡോ. വിനോദ് ഹോസ്ദുർഗ്ഗ് പോലീസിന് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ദരും പോലീസ് നായയും വീട്ടിൽ പരിശോധന നടത്തി.

LatestDaily

Read Previous

പോക്സോ പ്രതികൾ റിമാന്റിൽ

Read Next

കോട്ടച്ചേരി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു