ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊവിഡ് 19ന്റെ കെടുതികളിൽ ലോക ജനത അമ്പരന്നു നിൽക്കുന്ന തക്കം നോക്കി ഇന്ത്യൻ സമ്പദ്ഘടനയുടെ അടിത്തറ തകർക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. സ്വകാര്യവത്കരണത്തിന് ഒരു പുത്തൻ പേര് നൽകിയ കേന്ദ്രമന്ത്രിയുടെ ‘കോർപ്പറേറ്റൈസേഷ”ന് ജി.എസ്. ഗോപാലപിള്ള പുതിയ വ്യാഖ്യാനം നൽകിയത് കൗതുകകരമാണ്. അദ്ദേഹത്തിന്റെ നിഘണ്ടുവിൽ കോർപ്പറേറ്റൈസേഷൻ എന്നാൽ പൊതുമേഖലയെന്നാണ് അർത്ഥമെന്ന് ശക്തിയായി വാദിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതം അംഗീകരിച്ച വ്യവസായ നയത്തിന്റെ കരടു രേഖ 1959-ൽ പാർലമെന്റിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രസ്തുത പ്രഖ്യാപനത്തിന്റെ അടിസ്ഥാനം കോൺഗ്രസ് പാർട്ടിയുടെ കറാച്ചി സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ ഉള്ളടക്കമായിരുന്നു എന്നത് ചരിത്രം. ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ച വ്യവസായ നയത്തിന്റെ മരണമണി മുഴങ്ങുകയാണ്. കറാച്ചി സമ്മേളനത്തിന്റെ നേരവകാശികൾ തന്നെ ഇന്ത്യൻ തൊഴിലാളി വർഗം പടുത്തുയർത്തിയ പൊതുമേഖലയുടെ അന്ത്യംകുറിക്കാൻ ഉദാരവൽക്കരണ നയത്തോടെ തുടക്കം കുറിച്ചു. ഇന്ത്യയുടെ സമ്പത്ത് ഘടനയുടെ അടിസ്ഥാന ശിലയായിത്തീർന്ന നമ്മുടെ ബാങ്കിംഗ് വ്യവസായം കരുത്താർജ്ജിച്ചു വളരാൻ അവസരം ഒരുക്കിയ ഇന്ദിരാഗാന്ധിക്ക് ദശലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാർ പിന്തുണ നൽകി. ബാങ്ക് ദേശസാൽക്കരണം ഇന്ത്യൻ ബാങ്കിംഗ് മേഖലയുടെ മുഖഛായ മാറ്റി.
ഗ്രാമീണ ജനത ബാങ്കുകളിലെത്തി. ബാങ്കുകളുടെ ഗ്രാമീണ ശാഖകൾ ഗ്രാമങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. സമ്പത്ത് ഘടന ചലനാത്മകമായി. ദേശസാൽക്കരിച്ച ബാങ്കുകളുടെ പ്രവർത്തനഫലമായി സാമ്പത്തിക ദുരന്തത്തിൽ നിന്ന് രാജ്യത്തെ കരകയറ്റി. അമേരിക്കയിലെയും ഇതര യൂറോപ്യൻ രാജ്യങ്ങളിലെയും സ്വകാര്യ കുത്തക ബാങ്കുകൾ തകർന്നുവീഴുകയും നിക്ഷേപകർ നിസ്സഹായരായിത്തീരുകയും ചെയ്ത സന്ദർഭത്തിൽ ഇന്ത്യൻ ബാങ്കുകൾ നിക്ഷേപങ്ങൾ സുരക്ഷിതമാക്കി. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന ഭരണകൂടങ്ങൾ സ്വകാര്യ കുത്തകകളുടെ സമ്മർദ്ദത്തിന് കീഴടങ്ങി. പല സന്ദർഭങ്ങളിലായി കോർപ്പറേറ്റ് കമ്പനികളുടെ ബാങ്ക് വായ്പ എഴുതിത്തള്ളി. 12 ലക്ഷം കോടിയാണ് കിട്ടാക്കടം പിരിച്ചെടുക്കാനുള്ളതെന്ന് അന്വേഷണ കമ്മിഷനുകൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
നമ്മുടെ രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യൻ ജനതയുടെ ചോരയും വിയർപ്പുമാണെന്ന വസ്തുത വിസ്മരിക്കാൻ പാടില്ല. ‘സ്വകാര്യവൽക്കരണവും യാഥാർത്ഥ്യവും” എന്ന ലേഖനത്തിൽ ലേഖകനെ ദുഃഖിപ്പിക്കുന്നത് ഇന്ത്യയിലെ പൊതുമേഖലയിൽ 26.35 ലക്ഷം കോടി ധനനിക്ഷേപം ഉണ്ടായിട്ടും കാര്യമായ ലാഭം കൈവരിക്കാൻ കഴിഞ്ഞില്ല എന്നതാണ്. സ്വകാര്യ മേഖലയിൽ ഇത്രയും തുക നിക്ഷേപിച്ചിരുന്നെങ്കിൽ 30 ശതമാനം ലാഭം പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. ”ലാഭം ലാഭം, എല്ലാ ലാഭത്തിൽ. എല്ലാം കമ്മോഡിറ്റിയാക്കണം” എല്ലാം കമ്പോളത്തിലെ ചരക്കുകളാകണം ഇതാണ് കടുത്ത മുതലാളിത്വത്തിന്റെ ചിന്ത. സ്വകാര്യ മേഖലയ്ക്ക് സാമൂഹ്യ ബാദ്ധ്യതകളില്ല. സർക്കാരിന് നൽകേണ്ട നികുതിപ്പണം ദശലക്ഷകോടികൾ വെട്ടിപ്പ് നടത്താം. തൊഴിൽ നിയമങ്ങളും, സാമൂഹ്യ ബാദ്ധ്യതകളും നിരന്തരം ലംഘിക്കപ്പെടാം. ദേശസാൽക്കരിച്ച ബാങ്കുകളിൽ നിന്ന് കോടികൾ വായ്പ എടുത്ത് വ്യവസായ സാമ്രാജ്യങ്ങൾ പടുത്തുയർത്തി രാജ്യത്തെ കബളിപ്പിച്ച് അന്യരാജ്യങ്ങളിൽ പോയി സുഖമായി ജീവിക്കാം. നിരന്തരം ദശലക്ഷം കോടികളുടെ നികുതി വെട്ടിപ്പ് നടത്താം. വിജയ് മല്യമാരും നീരജ് മോഡിമാരുമാണ് കോർപ്പറേറ്റൈസേഷന്റെ പിന്നിൽ നിൽക്കുന്നതെന്ന് വിസ്മരിക്കാൻ പാടില്ല.
ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു നഷ്ടത്തിന്റെ കണക്ക് 1136 പൊതുമേഖലാ സ്ഥാപനങ്ങൾ ചേർന്ന് 4.65 ലക്ഷം കോടി നഷ്ടം വരുത്തി. കാലാകാലങ്ങളിൽ സി ആൻഡ് എ.ജി പുറത്തുവിടുന്ന കണക്കുകളിൽ നിന്ന് ലേഖകൾ ഉദ്ധരിച്ചത് കാരണം നിഷേധിക്കാനാവില്ല. എന്നാൽ നമ്മുടെ രാജ്യത്തിന്റെ ദേശീയ സമ്പത്ത് ഘടനയിൽ കേന്ദ്ര പൊതുമേഖല നിർവ്വഹിച്ചു വരുന്ന പങ്ക് കേവലം ലാഭനഷ്ടങ്ങളുടെ ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് വെറും കച്ചവടത്തിന്റെ കാഴ്ചപ്പാടാണ് എന്ന് പറയാതിരിക്കാനാവില്ല.
ബഹിരാകാശ രംഗത്തും പ്രതിരോധ രംഗത്തും നാം കൈവരിച്ച അസൂയാവഹമായ നേട്ടം കോർപ്പറേറ്റുകളുടെ നേട്ടമല്ല. അതിസമർത്ഥരായ ടെക്നീഷ്യന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും നേട്ടമാണ്.
ലോകത്ത് ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോലും വാർത്താവിനിമയ സൗകര്യങ്ങളും, വൈദ്യുതിയും എത്തിച്ചതിൽ നമ്മുടെ ബി.എസ്.എൻ.എല്ലും വൈദ്യുതി ബോർഡുകളും നിർവഹച്ച പങ്ക് വിസ്മയകരമാണ്. ഇന്ത്യയുടെ എണ്ണ വ്യവസായ മേഖലയെ കൊള്ളയടിച്ച കണക്കുകൾ ലേഖനത്തിൽ വിവരിക്കുന്നത് വളരെ കൗതുകകരമാണ്. ഇവിടെ ലേഖകൻ വല്ലാതെ സ്വകാര്യ കമ്പനികളെയും പ്രത്യേകിച്ച് ബ്രിട്ടനിലെയും ഇന്ത്യയിലെയും ബ്യൂറോക്രാറ്റുകളെയും രാഷ്ട്രീയ ദല്ലാളന്മാരെയും കടന്നാക്രമിക്കുന്നതും നല്ല സമീപനമാണ്. നമ്മുടെ എണ്ണക്കമ്പനികൾ ശതകോടികളാണ് ലാഭം നേടുന്നത്. അവയെല്ലാം പൊതുമേഖലാ കമ്പനികളാണ്. ഈ രംഗത്തും കോർപ്പറേറ്റൈസേഷൻ എന്ന പ്രക്രിയ നടപ്പിലാക്കണമെന്ന വാദം നിലനിൽക്കുന്നതല്ല.