പാലം തുറന്നാലും ഇഖ്ബാൽ റോഡ്, കുശാൽനഗർ ഗേറ്റുകൾ അടച്ചിടില്ല , അടക്കുന്നത് കോട്ടച്ചേരി ഗേറ്റ് മാത്രം

കാഞ്ഞങ്ങാട്: ഏഴിന് തിങ്കളാഴ്ച കോട്ടച്ചേരി മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.ഏ. മുഹമ്മദ് റിയാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ അജാനൂർ ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റും, പുതിയകോട്ട- കുശാൽനഗർ റെയിൽ ഗേറ്റും, അടച്ചിടുമെന്ന പ്രചാരണം തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് അധികൃതർ വ്യക്തമാക്കി.

കാഞ്ഞങ്ങാട് റെയിൽവെ യാർഡിൽ 274-ാം നമ്പർ കോട്ടച്ചേരി റെയിൽവെ ഗേറ്റിന് സമാന്തരമായാണ് കോട്ടച്ചേരി മേൽപ്പാലം പണിതത്. ഇപ്രകാരം കോട്ടച്ചേരി 274-ാം നമ്പർ റെയിൽ ഗേറ്റ് മാത്രമായിരിക്കും പാലം തുറക്കുമ്പോൾ അടച്ചിടുക. ഇഖ്ബാൽ റോഡ് റെയിൽ ഗേറ്റിനുള്ള വാർഷികച്ചെലവ് റെയിൽവേയ്ക്ക്  നൽകുന്നത് അജാനൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയാണ്.

പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗേറ്റ് സ്ഥാപിച്ചതിനാലാണ് പഞ്ചായത്ത് റെയിൽവേയ്ക്ക് പണം നൽകുന്നത്. പഞ്ചായത്ത് റെയിൽവേയ്ക്ക് പണം നൽകുന്നത് നിർത്തിയാൽ മാത്രമേ ഇഖ്ബാൽ റോഡ് ഗേറ്റ് അടച്ചിടുകയുള്ളു. കുശാൽനഗർ ഗേറ്റ് പൂർണ്ണമായും റെയിൽവേ നിയന്ത്രണത്തിലുള്ളതാണ്. കുശാൽ നഗർ ഗേറ്റിന് മേൽപ്പാലം പണിയാനുള്ള എസ്റ്റിമേറ്റുൾപ്പെടെ തയ്യാറായതാണ്.

പുതിയ റെയിൽപാത വരുന്ന പശ്ചാത്തലത്തിൽ രൂപരേഖയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇതോടെ എസ്റ്റിമേറ്റും പുതുക്കും. അതിന് ശേഷം മാത്രമേ കുശാൽ നഗർ  ഗേറ്റിന് കുറുകെയുള്ള മേൽപ്പാലം പണിയുകയുള്ളു. കുശാൽനഗർ ഗേറ്റിന് മേൽപ്പാലം വരുന്നതോടെ മാത്രമേ ഗേറ്റ് അടച്ചിടുകയുള്ളു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, കോട്ടച്ചേരി മേൽപ്പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതിൽ പരിഹാരമുണ്ടാവുമെന്നുമാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ.

LatestDaily

Read Previous

പൊട്ടിപ്പൊളിഞ്ഞ ടൗൺ ബസ് സ്റ്റാന്റ് നന്നാക്കാൻ ലക്ഷങ്ങൾ തുലയ്ക്കുന്നു

Read Next

ചിട്ടിത്തട്ടിപ്പ്: 2 പേർക്കെതിരെ വഞ്ചനാക്കേസ്സ്