സ്കൂൾ കേന്ദ്രീകരിച്ച് തകർപ്പൻ ലഹരിക്കച്ചവടം

തൃക്കരിപ്പൂർ : സ്കൂൾ കുട്ടികളുടെ കൈയ്യിൽ നിന്നും ലഹരി വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, കാസർകോട് ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി. പൊതുപ്രവർത്തകനായ കൈക്കോട്ട് കടവ് കടവത്ത് വീട്ടിൽ അബ്ദുള്ളയാണ് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയത്.

തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ കൈയ്യിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. വിദ്യാർത്ഥിനികളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പരാതിക്കാരൻ പറയുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ അധീനതയിലുള്ള സ്കൂളിലെ 17 വിദ്യാർത്ഥികളിൽ നിന്നാണ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയത്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന ലഹരി മാഫിയാ സംഘങ്ങൾക്കെതിരെ കർശ്ശന നടപടിയാവശ്യപ്പെട്ടാണ് അബ്ദുള്ള കടവത്ത് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് പരാതി നൽകിയത്.

സ്കൂൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നവരെക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് സമഹമാധ്യമങ്ങൾ വഴി ആരോപണങ്ങളുയർന്നിരുന്നു. സ്കൂൾ പിടിഏ കമ്മിറ്റി ഇൗ വിഷയം ഗൗരവതരമായി കൈകാര്യം ചെയ്തില്ലെന്നും, നാട്ടുകാർ ആരോപിച്ചു. സ്കൂളിലെ ലഹരി വസ്തു കച്ചവടവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ദിവസങ്ങൾക്ക് മുമ്പ് നാട്ടുകാർ തമ്മിൽ സംഘർഷവും നടന്നു. ലഹരി വസ്തു കച്ചവടവുമായി ബന്ധപ്പെട്ട വിഷയത്തിൽ വനിതാ ലീഗും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്,

ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് കച്ചവടമുണ്ടെന്നത് രഹസ്യമല്ല. സ്കൂൾ പരിസരങ്ങളിലെ കടകളിൽ വിറ്റഴിക്കുന്ന മിഠായികളിൽപ്പോലും ലഹരി വസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജില്ലയിലെ പല സ്കൂളുകളിലും, കഞ്ചാവ് മാഫിയ വിദ്യാർത്ഥികളെ ഇടനിലക്കാരാക്കി മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ട്.

അടുത്തകാലത്തായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ ഭൂരിഭാഗവും കൗമാരക്കാരാണ്. തൃക്കരിപ്പൂർ പഞ്ചായത്തിലെ സ്വകാര്യ മാനേജ്മെന്റ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തു കച്ചവടത്തിനെതി രെ പരാതി ലഭിച്ച സാഹചര്യത്തിൽ ചന്തേര പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

ഗൃഹനാഥനെ മുൻഭാര്യയും മകനും ചെരിപ്പു കൊണ്ടടിച്ചു

Read Next

റോഡ് നിർമ്മാണത്തിന്റെ മറവിൽ മണൽക്കടത്ത്