ആരാധനാലയങ്ങൾ തുറക്കുന്നതിൽ ജാഗ്രത വേണം

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനിടയിലും ആരാധനാലയങ്ങൾ തുറക്കുന്നമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ നേതാവടക്കമുള്ള ചില കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് വിവേകപൂർവ്വമായ ആവശ്യമാണെന്ന് പറയുക വയ്യ. ജൂൺ 8 മുതൽ രാജ്യത്തെ ആരാധനാലയങ്ങൾ തുറക്കാമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ചുവടുവെച്ചാണ് കേരളത്തിൽ പ്രതിപക്ഷ നേതാവടക്കം രംഗത്തു വന്നിരിക്കുന്നത്. രോഗവ്യാപനം നാൾക്കുനാൾ വർധിക്കുന്നത് കേരളത്തിൽ സ്ഥിതി വഷളാക്കാൻ മാത്രമേ ഉപകരിക്കൂ. സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഒറ്റയടിക്ക് തുറന്ന് ഭക്തർക്ക് പ്രവേശനം നൽകുന്നത് ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലും, പള്ളികളിലും, മോസ്കുകളിലും, പോയി പ്രാർത്ഥിച്ചിരുന്ന വിശ്വാസികൾ കോവിഡ് കാലത്തെ ഗൗരവം  മനസ്സിലാക്കി വീട്ടിലിരുന്ന് പ്രാർത്ഥിക്കാൻ ശീലിച്ചിട്ടുണ്ട്.  ഈസ്റ്റർ, വിഷു, പെരുന്നാൾ എന്നീ ആഘോഷങ്ങളാണ് ഇത്തവണ കടന്നു പോയത്. ആരാധനാലയങ്ങൾ ഉടനടി തുറക്കണമെന്ന ആവശ്യമൊന്നും മതനേതാക്കന്മാർ ഇതുവരെ മുന്നോട്ട് വെച്ചിട്ടുമില്ല. കോവിഡ് രോഗഭീതിയുടെ കാലത്ത് മതനേതാക്കൾ കാണിച്ച ആത്മനിയന്ത്രണത്തിന് കൈയ്യടി നൽകാതെ വയ്യ. സർക്കാറിന്റെ പെരുമാറ്റച്ചട്ടങ്ങൾ അതേപടി പാലിച്ചാണ് ഇക്കാലത്ത് എല്ലാ മതസ്ഥരുടെയും ആഘോഷങ്ങൾ നടന്നത്. ജൂൺ 8 ന് ആരാധനാലയങ്ങൾ തുറക്കുന്നത് കൃത്യമായ നിബന്ധനകളോടെയല്ലെങ്കിൽ അത് ആരാധനാലയങ്ങളിൽ ആൾക്കൂട്ടത്തിരക്ക് ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.

ഗുരുവായൂർ ക്ഷേത്രം പോലെയുള്ള മഹാക്ഷേത്രങ്ങളിൽ ദിനം പ്രതി ആരാധനയ്ക്കെത്തുന്നത് ആയിരക്കണക്കിന് ആൾക്കാരാണ്. ശബരിമല, ഗുരുവായൂർ മുതലായ ക്ഷേത്രങ്ങൾ ആരാധനയ്ക്കായി സാതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമ്പോൾ എല്ലാവിധ മുൻകരുതലുകളും ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയായിരിക്കും. ഇതുതന്നെയാണ്  ക്രിസ്തീയ, മുസ്്ലീം തീർത്ഥാടന കേന്ദ്രങ്ങളിലെയും അവസ്ഥ. കോവിഡ് രോഗ വ്യാപനഭീതിയിൽ മാനസിക സമ്മർദ്ദമനുഭവിക്കുന്നവർക്ക് പ്രാർത്ഥന കൗൺസിലിങ്ങിന്റെ ഫലം നൽകുമെങ്കിലും, ദേവാലയങ്ങൾ ഒറ്റയടിക്ക് തുറക്കുന്നത് ആശ്വാസമായ നടപടിയല്ലെന്ന് ഭക്തരും, വിശ്വാസികളും തിരിച്ചറിയേണ്ടതുണ്ട്. രോഗഭീതി അകലുന്നതുവരെയെങ്കിലും, പ്രാർത്ഥനകൾ വീട്ടിൽ നിന്നുതന്നെയാക്കുന്നതായിരിക്കും ഉചിതം. ദൈവം മനുഷ്യനിൽ തന്നെയുണ്ടെന്നാണ് ഓരോ മതങ്ങളും ഉദ്ബോധിപ്പിക്കുന്നത്. തത്വമസി എന്ന സങ്കൽപ്പം തന്നെ ഈ ആശയത്തിൽ അധിഷ്ഠിതമാണ്. ആരാധനാലയങ്ങൾ തുറക്കാൻ തിരക്കിടുന്ന രാഷ്ട്രീയ നേതാക്കൾ വിവേകപൂർണ്ണമായ നിലപാട് സ്വീകരിക്കുന്നതാണ് അഭികാമ്യം.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭ ആഘോഷങ്ങളില്ലാതെ 36 വയസ്സിലേക്ക്

Read Next

പെണ്ണിന്റെ ജീവന് സ്ത്രീധനത്തേക്കാൾ അർത്ഥവും മൂല്യവും ഉണ്ട്