ബിജെപിയിൽ ആഭ്യന്തര പ്രതിസന്ധി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ബിജെപി ഘടകം നേരിടുന്നത് ഗുരുതരമായ ആഭ്യന്തര പ്രതിസന്ധി. പാർട്ടി ജില്ലാക്കമ്മിറ്റി ഒാഫീസ് പൂട്ടിയിടുന്നതിന് പാർട്ടി പ്രവർത്തകരെ പ്രേരിപ്പിച്ചത് ആഭ്യന്തര പ്രതിസന്ധി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കറന്തക്കാട്ടെ ബിജെപി ഒാഫീസ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ  പാർട്ടി പരിപാടികൾക്കായി ജില്ലയിലെത്തേണ്ടിയിരുന്നുവെങ്കിലും കാസർകോട്ടെ പ്രശ്നം മൂലം പരിപാടികൾക്കെത്തിയില്ല.

കെ.സുരേന്ദ്രൻ നേരിട്ട് വന്ന് ചർച്ച നടത്തണമെന്നായിരുന്നു അണികളുടെ ആവശ്യം. കാസർകോട്ടെ പാർട്ടി ഒാഫീസ് പ്രവർത്തകർ പൂട്ടിയിട്ടത് കുമ്പള പഞ്ചായത്തിലെ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളെച്ചൊല്ലിയാണെന്നാണ് ബിജെപി വിശദീകരണമെങ്കിലും യഥാർത്ഥ വസ്തുതകൾ അതല്ലെന്നാണ് വിലയിരുത്തൽ. കാസർകോട് ജെപി കോളനിയിലെ ആർ എസ് എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ആത്മഹത്യയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് പ്രവർത്തകർ പാർട്ടി ഒാഫീസ് പൂട്ടിയിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.

ബിജെപിക്ക് വേണ്ടി ചാവേറായി പ്രവർത്തിച്ചിരുന്ന ജ്യോതിഷ് അന്ത്യഘട്ടത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തിന ടിമയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ജ്യോതിഷിനെ അലട്ടി. ആർ എസ് എസിന്റെയും  ബിജെപിയുടെയും ഉറച്ച പ്രവർത്തകനായിരുന്ന  ജ്യോതിഷിന്റെ പ്രശ്നങ്ങൾ പാർട്ടി  നേതാക്കളാരും തന്നെ പരിഗണിക്കാത്തത് ബിജെപി പ്രവർത്തകരെ പാർട്ടിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതായും കരുതുന്നു.

കഴിഞ്ഞ ദിവസം കാസർകോട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ നടത്തിയ വാർത്ത സമ്മേളനത്തിൽ ഒാഫീസ് പൂട്ടിയിട്ട സംഭവം പ്രവർത്തകരുടെ വികാരപ്രകടനമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. അണികളെ അവഗണിച്ചുകൊണ്ടുള്ള നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തന ശൈലിക്കെതിരെയാണ് പാർട്ടി പ്രവർത്തകർ പൊട്ടിത്തെറിച്ചത്. പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് പി.രമേശനടക്കം കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിരവധി ബിജെപി യുവമോർച്ചാ നേതാക്കൾ  സ്ഥാനമാനങ്ങൾ രാജിവെച്ചിരുന്നു. ബിജെപിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്നവരുടെ വിധി ജ്യോതിഷിന്റേത് പോലെയായിരിക്കുമെന്ന തിരിച്ചറിവാണ് പാർട്ടി പ്രവർത്തകരെ കലാപത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഒളിഞ്ഞും തെളിഞ്ഞും പാർട്ടി നേതാക്കൾക്കെതിരെയും നേതൃത്വത്തിനെതിരെയും ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയരുന്നുണ്ട്. നവമാധ്യമ ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകളും പ്രതികരണങ്ങളും നേതൃത്വത്തിനെതിരെയുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബിജെപിയിൽ നിന്നും മറ്റ് പാർട്ടികളിലേക്കുള്ള ഒഴുക്ക് തുടരുന്നുമുണ്ട്. കാസർകോട് ജില്ലയിലുള്ളത് ബിജെപിയുടെ ഉറച്ച അനുയായികളാണ്.  അവർ പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറാൻ സാധ്യതയില്ലെങ്കിലും അണികളെ മറന്ന നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തന ശൈലി ജില്ലയിൽ പാർട്ടിയുടെ അടിത്തറയിളക്കുമെന്നാണ് ബിജെപി പ്രവർത്തകർ തന്നെ മുന്നറിയിപ്പ് നൽകുന്നത്.

LatestDaily

Read Previous

പാലക്കുന്ന് ഭരണികുറിക്കൽ നാളെ, ഭരണിക്കുഞ്ഞിയാവാൻ വൈഗക്ക് രണ്ടാമൂഴം

Read Next

എം.ടി.മുഹമ്മദ് കുഞ്ഞിഹാജിക്ക് ജന്മനാട് വിട നൽകി