കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവെ മേല്‍പ്പാലം ഉദ്ഘാടനം നിശ്ചയിച്ചതോടെ തീരദേശം ആഹ്ലാദത്തിമിർപ്പിൽ. മാര്‍ച്ച് 7ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടെ കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്ര വികസനത്തിന് വേഗതയേറും. ജില്ലയിലെ അഞ്ചാമത്തെ റെയിൽവെ മേല്‍പ്പാലം നിലവില്‍ വന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയ്ക്കായിരിക്കും ഏറെ പ്രയോജനം. ലെവല്‍ ക്രോസില്‍ സമയം നഷ്ടപ്പെടാതെ എളുപ്പത്തില്‍ ഇനി യാത്ര സുഗമമാക്കാം.
15 കോടി രൂപ ചെലവില്‍ നിർമ്മിച്ച പാലം തുറന്നാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് തീരദേശ മേഖലയിലേക്കുള്ള യാത്ര എളുപ്പമാവും. . കാഞ്ഞങ്ങാട് ട്രാഫിക് സിഗ്നലിന് സമീപത്ത് നിന്ന് തുടങ്ങി ആവിക്കരയില്‍ അവസാനിക്കുന്ന മേല്‍പ്പാലത്തിലൂടെ രണ്ട് വരി ഗതാഗതമാണ് ക്രമീകരിച്ചിരിക്കുന്നത്. 730 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുമുള്ള പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത ഒരുക്കിയിട്ടുണ്ട്. റെയിൽവെ സ്പാന്‍ നിർമ്മാണമുള്‍പ്പെടെ നിർമ്മാണ ചെലവ് 15 കോടിയാണ്. ഒപ്പം ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 21.71 കോടി രൂപ അനുവദിച്ചിരുന്നു.
2018 സെപ്തംബറിലാണ് പാലം നിര്‍മാണം ആരംഭിച്ചത്. കോവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ പാലം നിർമ്മാണ പ്രവൃത്തികള്‍ നീളാന്‍ കാരണമായി. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള സംസ്ഥാനത്ത് നിർമ്മാണം പൂര്‍ത്തിയാക്കുന്ന 42-ാമത്തെ റെയിൽവെ മേല്‍പ്പാലമാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവെ മേല്‍പ്പാലം.