ഹരിദാസ് വധക്കേസ്സിൽ 4 ബിജെപി പ്രവർത്തകർ അറസ്റ്റില്‍

രവി പാലയാട്

തലശ്ശേരി : തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.  ഇവര്‍ക്കെതിരെ പോലീസ് ഗൂഢാലോചനാക്കുറ്റം ചുമത്തി. ബി.ജെ.പി നഗരസഭ കൗണ്‍സിലര്‍ ലിജീഷ് അടക്കമുള്ള പ്രതികളാണ്  അറസ്റ്റിലായത്. ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തരായ വിമിന്‍, അമല്‍മ നോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്. അറസ്റ്റിലായപ്രതികൾ വധ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് വെളിപ്പെടുത്തി. നേരത്തെ ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തില്‍ പങ്കുള്ളവരും ഇതിലുള്‍പ്പെടും.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്  കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.

ഹരിദാസന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 120 ബി-  ഐപിസി  ഗൂഡാലോചനാക്കുറ്റമാണ്  പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാരെയും  ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് പുന്നോല്‍ താഴെ വയലിലെ മത്സ്യത്തൊഴിലാളിയായ ഹരിദാസിനെ ഒരു സംഘം ആൾക്കാർ വെട്ടിക്കൊന്നത്. പുന്നോല്‍ കൂലോത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം നേതൃത്വം  ആരോപിച്ചിരുന്നു.

ഹരിദാസിന്റെ മരണകാരണം അമിത രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതു കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റി. വലതുകാലില്‍ മാരകമായ വെട്ടുകളുണ്ടായിരുന്നു. കൈകളിലും വെട്ടുകളുണ്ട്. ശരീരത്തിലും  മുറിവുകളുണ്ട്. മരണമുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ചു പേരാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി   വ്യാപക തിരച്ചില്‍ തുടരുകയാണ്.

ഉത്തരമേഖലാ ഡി.ഐ.ജി.രാഹുൽ ആർ.നായർ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, തലശ്ശേരി എ.സി.പി, ടി. കെ.  വിഷ്ണുപ്രദീപ്, എ.സി.പി. പ്രിൻസ് എബ്രഹാം, തലശ്ശേരിക്ക് സമീപത്തെ പോലിസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ ,എസ്.ഐ.മാർ എന്നിവർ തലശ്ശേരിയിലും ന്യൂമാഹിയിലുമായി ക്രമസമാധാന ചുമതല നിർവ്വഹിച്ചു വരികയാണ്.

LatestDaily

Read Previous

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി

Read Next

കരിഷ്മ ജീവിതം തീർത്തത് പ്രതിശ്രുത വരൻ വിവാഹം നിരസിച്ചത് മൂലം