റഫിയാത്തിന് ഭർതൃഗൃഹത്തിൽ ക്രൂരമർദ്ദനമേറ്റു

കലഹം ഭർത്താവിന്റെ കാമുകിയായ കുടകു യുവതിയെച്ചൊല്ലി

കാഞ്ഞങ്ങാട്: കുടുംബസമേതം താമസിച്ചുവരുന്ന വാടകവീട്ടിൽ ഇക്കഴിഞ്ഞ നോമ്പുകാലത്ത് കെട്ടിത്തൂങ്ങി ജീവിതമവസാനിപ്പിച്ച യുവ ഭർതൃമതി സൗത്ത് ചിത്താരിയിലെ റഫിയാത്തിന്റെ ആത്മഹത്യയുടെ ചുരുൾ പതുക്കെ നിവർന്നു തുടങ്ങി.

മരിക്കുമ്പോൾ റഫിയാത്തിന് പ്രായം ഇരുപത്തിമൂന്ന്. സൗത്ത് ചിത്താരി കെഎസ്ഇബി ഓഫീസിന് പിറകിലുള്ള കൊവ്വൽ ക്വാർട്ടേഴ്സിൽ കഴിഞ്ഞ 15 വർഷക്കാലമായി താമസിച്ചുവരുന്ന എൻ.കെ. റഫീഖിന്റെയും ഫാത്തിമയുടെയും നാലു മക്കളിൽ ഇളയവളാണ് റഫിയാത്ത്. തലശ്ശേരി കതിരൂരിൽ നിന്ന് 15  വർഷം മുമ്പാണ് റഫീക്കും കുടുംബവും ചിത്താരിയിലെത്തിയത്.  ഭാര്യ ഫാത്തിമയും തലശ്ശേരി സ്വദേശിനിയാണ്.

റഫിയാത്ത് ഏഴാംതരം വരെ തലശ്ശേരി കൊടുവള്ളി യുപിഎസ് സ്കൂളിലാണ് പഠിച്ചത്. കുടുംബം ചിത്താരിയിലേക്ക് മാറിയപ്പോൾ റഫിയാത്തിനെ 8-ാം തരംതൊട്ട് പത്താംതരം വരെ  പഠിപ്പിച്ചത് പള്ളിക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിലാണ്. റഫിയാത്ത് പത്താം തരത്തിൽ സാമാന്യം നല്ല മാർക്കോടെ പാസ്സായെങ്കിലും, പ്ലസ്ടുവിന് ചേർത്ത് പഠിപ്പിക്കാൻ രക്ഷിതാക്കളുടെ സാമ്പത്തിക നില അനുവദിച്ചില്ല.

കാഞ്ഞങ്ങാട്ടെ മലബാർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം യുവതി അക്കൗണ്ടൻസി പഠിച്ചപ്പോൾ, അടുത്ത കൂട്ടുകാരിയായിരുന്നു ചിത്താരി പൊയ്യക്കരയിലെ ആതിര. പിന്നീട് റഫിയാത്ത് അജാനൂർ മഡിയൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റീഗൽ ഫാൻസി ഷോപ്പിൽ സെയിൽസ് ഗേളായി ജോലിക്ക് ചേർന്നു. കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ പരിസരത്ത് താമസിക്കുന്ന പ്രവാസി യുവാവ് ജംഷീർ റഫിയാത്ത് ജോലി ചെയ്തിരുന്ന ഷോപ്പിലാണ് യുവതിയെ കണ്ടുമുട്ടിയത്.

വിവാഹം കഴിക്കാനുള്ള താൽപ്പര്യമറിയിച്ചതിനെ തുടർന്ന് ജംഷീറും സഹോദരി റഷീദയും റീഗൽ ഷോപ്പിലെത്തി തവണകളായി റഫിയാത്തിനെ കണ്ട് ബോധ്യപ്പെട്ട ശേഷം സമ്മതം തേടിയ ശേഷമാണ് യുവതിയുടെ വീട്ടുകാരുമായി വിവാഹ താൽപ്പര്യം പങ്കുവെച്ചത്. നവവരൻ ഗൾഫിലാണെന്നും, ചുരുങ്ങിയത് 90 പവൻ സ്വർണ്ണമെങ്കിലും സ്ത്രീധനമായി കിട്ടാതെ യുവതിയെ കല്ല്യാണം കഴിക്കാൻ കഴിയില്ലെന്ന് ജംഷീറിന്റെ രക്ഷിതാക്കൾ തീർത്തു പറഞ്ഞതിനാലാണ് ജംഷീറുമായുള്ള മകളുടെ വിവാഹത്തിൽ നിന്ന് യുവതിയുടെ കുടുംബം പിന്നോട്ടുപോയത്.

റഫിയാത്തിന്റെ പിതാവ് കഴിഞ്ഞ 12 വർഷമായി കാഞ്ഞങ്ങാട്ട്  ഓട്ടോ ഓടിച്ചാണ് മൂന്ന് ആൺമക്കളും, ഏക മകളുമുള്ള കുടുംബം പോറ്റിയിരുന്നത്. ജംഷീർ വിവാഹത്തിൽ നിന്ന് പിൻമാറിയതിന് ശേഷം 2017 ഏപ്രിൽ 27-നാണ് യുവതിയെ അജാനൂർ മുക്കൂട് സ്വദേശി ഇസ്്മായിൽ നിക്കാഹ് കഴിച്ചത്.

സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള ഇസ്മായിലിന്റെ കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയായിരുന്നു ഈ വിവാഹം. റഫിയാത്തിനെ വിവാഹം കഴിക്കുമ്പോൾ ഇസ്മായിലിന് അയൽപക്ക വീട്ടിൽ ഈറ്റെടുക്കാൻ വന്നു താമസിച്ച കുടകു സ്വദേശിനിയുമായി  രഹസ്യ ബന്ധമുണ്ടായിരുന്നു. സ്ത്രീ ഗർഭിണിയാവുകയും,  കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത നടുക്കുന്ന സംഭവങ്ങൾ റഫിയാത്തും വീട്ടുകാരും അറിയുന്നത് 9 മാസം മുമ്പാണ്. പിന്നീട് കാഞ്ഞങ്ങാട് വിട്ടുപോയ കുടകു സ്ത്രീ ഇപ്പോഴും രഹസ്യമായി ഇസ്മായിലിനെ വിളിക്കാറും സന്ധിക്കാറുമുള്ള കാര്യമറിഞ്ഞ റഫിയാത്ത് ഈ രഹസ്യ ബന്ധത്തെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് ഇരുവരുടെയും ദാമ്പത്യത്തിൽ ഒരു വർഷം മുമ്പ് വിള്ളൽ വീണത്.

കുടകു സ്ത്രീയുടെ ഫോൺകോൾ പിന്നീടും  ഇസ്മായിലിനെ തേടിയെത്തുമ്പോഴെല്ലാം റഫിയാത്ത് ഭർത്താവിനെ ചോദ്യം ചെയ്യുമായിരുന്നു. അതോടെ ഇസ്മായിൽ ഭാര്യയെ മർദ്ദിക്കാനും തുടങ്ങി. ഈ രീതിയിൽ ഭർതൃഗൃഹത്തിൽ ഒരുനാൾ ക്രൂരമർദ്ദനമേറ്റാണ് റഫിയാത്ത് സ്വന്തം സഹോദരനെ വിളിച്ചുവരുത്തി ഭർതൃഗൃഹത്തിൽ നിന്ന് ലോക്ഡൗണിന് ഒരാഴ്ച മുമ്പ് ചിത്താരി ക്വാർട്ടേഴ്സിലെത്തിയത്.

ഈ സംഭവത്തിന് മാസങ്ങൾക്ക് മുമ്പ് ഒരു ദിവസം റഫിയാത്തിനൊപ്പം ഭാര്യാഗൃഹത്തിൽ താമസിച്ച  ഇസ്മായിലിന്റെ ഫോണിലേക്ക് കുടകു യുവതി ഏറെ ആകർഷകമായ  സ്വന്തം പടം അയച്ചു കൊടുത്തത് റഫിയാത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാമുകിയുടെ പടം വന്നിട്ടുണ്ടെന്ന് റഫിയാത്ത് ഭർത്താവിനോട് പറഞ്ഞ ഉടൻ ഇസ്മായിൽ സ്വന്തം സെൽഫോൺ ഭാര്യയുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കുകയും.

നിലത്തെറിഞ്ഞ് പൊട്ടിക്കുകയും, സമനില തെറ്റിയ നിലയിൽ  ഭാര്യയെ കണക്കിന് മർദ്ദിക്കുകയും ചെയ്തു. യുവതിയുടെ മാതാവ് സി.ബി. ഫാത്തിമ തടുക്കാൻ ചെന്നപ്പോൾ, മരുമകൻ ഇസ്മായിൽ  ഫാത്തിമയെ മർദ്ദിച്ചശേഷം, മുടിപിടിച്ച് വാതിലിനിടിച്ചു.

മുഖത്ത് പരിക്കേറ്റ ഫാത്തിമ അന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മർദ്ദനത്തിന് ശേഷം ക്വാർട്ടേഴ്സിൽ നിന്ന് ഉടൻ ഓടിപ്പോയ ഇസ്മായിലിന്റെ പിറകെ  വീട്ടിലെത്തിയ റഫിയാത്തിന്റെ സഹോദരങ്ങൾ റയിസും, റിയാസും ഉമ്മയെ മർദ്ദിച്ച കാര്യത്തെക്കുറിച്ച് ഇസ്മായിലുമായി ഉടക്കിയിരുന്നുവെങ്കിലും, ഇസ്മായിലിന്റെ വീട്ടുകാർ ഇടപെട്ട് സംഭവം രമ്യമായി പരിഹരിച്ചതിന് ശേഷമാണ് റഫിയാത്ത് വീണ്ടും മുക്കൂടിലുള്ള ഭർതൃഗൃഹത്തിലേക്ക്പോയത്. ഭർത്താവിന്റെ കാമുകിയെചൊല്ലി വീണ്ടും രണ്ടുമാസം മുമ്പ് ഉടക്കിയതിനാലാണ് ലോക്ഡൗണിന് ഒരാഴ്ച മുമ്പ് റഫിയാത്ത് സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങിയതും വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ ഷാൾ കെട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തത്.

LatestDaily

Read Previous

നവമാധ്യമങ്ങളില്‍ വാര്‍റൂം തുറന്ന് സി.പി.എം.

Read Next

ജംഷി റഫിയാത്തിന് സമ്മാനിച്ചത് കാൽലക്ഷത്തിന്റെ ഐഫോൺ