ലണ്ടനിൽ നിന്നും കോവിഡ് അതിജീവനത്തിന്റെ കഥയുമായി കൊവ്വൽപ്പള്ളി സ്വദേശി

കാഞ്ഞങ്ങാട്: ഇംഗ്ലണ്ടിൽ  സ്പെഷ്യലിസ്റ്റ് ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന കൊവ്വൽപ്പള്ളി സ്വദേശിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഇംഗ്ലണ്ടിലെ ജോലിക്കിടെ കോവിഡ് ബാധിച്ച യുവാവിന്റെ അതിജീവനത്തിന്റെ അനുഭവങ്ങളാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. റോയൽ ലണ്ടൻ ആശുപത്രിയിലെ ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്ന കൊവ്വൽപ്പള്ളി സ്വദേശിയായ മുഹമ്മദ് ഷറഫുദ്ദീനാണ് താൻ കോവിഡിനെ  അതിജീവിച്ചത് എങ്ങിനെയെന്ന് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിച്ചത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ യു.കെ. ഗവൺമെന്റിനൊപ്പം പ്രവർത്തിച്ച യുവാവിന് തന്റെ ജോലിക്കിടെയാണ് കോവിഡ്-19 രോഗം ബാധിച്ചത്. ഏപ്രിൽ 8-നാണ് മുഹമ്മദ് ഷറഫുദ്ദീന് കോവിഡ് സ്ഥിരീകരിച്ചത്. കുടുംബസമേതം ലണ്ടനിലെ സ്റ്റാറ്റ് ഫോർഡിൽ താമസിക്കുന്ന യുവാവിനെ രോഗബാധയെത്തുടർന്ന് സർക്കാർ ചെലവിൽ മറ്റൊരിടത്ത് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി, ശരീരവേദന, തലവേദന, കൈകാൽ തളർച്ച മുതലായ ലക്ഷണങ്ങളാണ് ആദ്യ ദിവസങ്ങളിൽ അനുഭവപ്പെട്ടതെന്ന് യുവാവ് പറയുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ചുമ, ശ്വാസതടസ്സം, ചർദ്ദിക്കാൻ തോന്നൽ മുതലായവയാണ് രോഗ ലക്ഷണങ്ങളെന്നും ഇദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22-ന് വന്ന പരിശോധനാ ഫലത്തിലാണ് മുഹമ്മദ് ഷറഫുദ്ദീൻ രോഗമുക്തനാണ്. ഏപ്രിൽ 27-ന് തന്നെ ഇദ്ദേഹം വീണ്ടും ജോലിക്ക് കയറി. കൈവിടാത്ത മനോധൈര്യവും, ചിട്ടയായ ചികിത്സയുമാണ് രോഗമുക്തിക്ക് കാരണമെന്നാണ് യുവാവിന്റെ അനുഭവം. രോഗ മുക്തനായതോടെ ഇദ്ദേഹം വീണ്ടും ഭാര്യ ജാഷിദയോടും, മക്കളായ അയാൻ ആദം ഷറഫുദ്ദീൻ, അമാൽ മറിയം ഷറഫുദ്ദീൻ എന്നിവരോടൊപ്പമാണ് താമസം.ഇംഗ്ലണ്ടിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണെന്ന് മുഹമ്മദ് ഷറഫുദ്ദീൻ വ്യക്തമാക്കി. രോഗ വ്യാപന തോതും, മരണ നിരക്കും കുറഞ്ഞതായും ഇദ്ദേഹം പറഞ്ഞു. 

ജൂൺ 15 മുതൽ ഇംഗ്ലണ്ടിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുമെന്നാണ് പ്രതീക്ഷയെന്നും യുവാവ് വ്യക്തമാക്കി. കേരളം വളരെ മുമ്പേ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയതിനാലാണ് രോഗ വ്യാപനവും  മരണനിരക്കും കുറഞ്ഞതെന്ന് മുഹമ്മദ് ഷറഫുദ്ദീൻ അഭിപ്രായപ്പെട്ടു.  ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയും, പഠിക്കുകയും ചെയ്യുന്ന മലയാളികളുടെ കുടുംബങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.  കോവിഡ് ബാധിതരായവർക്ക് സർക്കാർ സൗജന്യ ചികിത്സയാണ് നൽകുന്നതെന്നും, ഇദ്ദേഹം പറഞ്ഞു. കൊവ്വൽപ്പള്ളിയിലെ ആമുഹാജിയുടെയും, പി.കെ. ആയിഷയുടെയും മകനാണ് മുഹമ്മദ് ഷറഫുദ്ദീൻ.

LatestDaily

Read Previous

ഭാര്യ പിണങ്ങി; ഭർത്താവ് ജീവനൊടുക്കി

Read Next

നവമാധ്യമങ്ങളില്‍ വാര്‍റൂം തുറന്ന് സി.പി.എം.