പിളർപ്പ് ഔദ്യോഗിക ഐഎൻഎല്ലിനെ ബാധിക്കില്ല

കാഞ്ഞങ്ങാട് : ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കൗൺസിലിന്റെ പേരിൽ സമാന്തര യോഗം  വിളിച്ച പ്രഫ.  ഏ. പി. അബ്ദുൾ വഹാബ്  പക്ഷത്തിന്റെ  രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ദിവസമാണ് ഏ. പി. അബ്ദുൾ വഹാബ് ദേശീയ നേതൃത്വത്തെ മാറ്റി നിർത്തി  കോഴിക്കോട്ട്  സമാന്തര യോഗം വിളിച്ചത്. ഇതോടെ ഫലത്തിൽ ഐഎൻഎൽ പിളർന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട്  വിളിച്ചു ചേർത്ത  സമാന്തര യോഗത്തിൽ അബ്ദുൾ വഹാബ് വിഭാഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഇതോടെ  സമാന്തര  പാർട്ടി രൂപീകരിച്ചവരെ ഐഎൻഎല്ലിൽ  നിന്നും പുറത്താക്കണമെന്ന് സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി  ദേശീയ നേതൃത്വത്തിന് ശിപാർശ നൽകിയിട്ടുണ്ട്.

ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കൗൺസിലിന്റെ യോഗം വിളിക്കാൻ സംസ്ഥാന പ്രസിഡണ്ടിന്  അധികാരമില്ലെന്നിരിക്കെ,  അഡ്ഹോക്ക്  കമ്മിറ്റി  അംഗം കൂടിയായ ഏ. പി. അബ്ദുൾ വഹാബ്  നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ വിലയിരുത്തൽ.

ഏ. പി. അബ്ദുൾ വഹാബ്  ഇരിക്കുന്ന കൊമ്പ്  മുറിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ്  ഐഎൻഎൽ ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. പാർട്ടിയിൽ ഉരുണ്ടു കൂടിയ  ഭിന്നിപ്പുകൾ പരസ്യമായി  തെരുവിൽ  തല്ലിത്തീർക്കുന്ന അവസ്ഥയുണ്ടായതോടെ,  കാന്തപുരം ഏ. പി. അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിൽ മാധ്യസ്ഥ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.

പാർട്ടിയിൽ താൽക്കാലികമായുണ്ടായ വെടി നിർത്തലിന് ശേഷമാണ് അബ്ദുൾ  വഹാബ്  വിഭാഗം  ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച്  രംഗത്തെത്തിയത്. 120 അംഗ സംസ്ഥാന കൗൺസിലിൽ 24 കൗൺസിൽ അംഗങ്ങൾ  മാത്രമാണ് ഇന്നലെ  നടന്ന സമാന്ത കൗൺസിൽ യോഗത്തിൽ  പങ്കെടുത്തതെന്ന് ഐഎൻഎൽ ഔദ്യോഗിക വിഭാഗം അവകാശപ്പെട്ടു. യോഗത്തിൽ പങ്കെടുത്ത ബാക്കിയുള്ളവർ സംസ്ഥാന കൗൺസിൽ അംഗങ്ങളല്ല.

ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് ഐഎൻഎല്ലിന് ഇടതുമുന്നണി അനുവദിച്ച സ്ഥാനങ്ങളിൽ വഹാബ്  പക്ഷം അവകാശവാദമുന്നയിച്ചതും,  വിമത നീക്കത്തിന് കാരണമായി ഉന്നയിക്കപ്പെട്ടിരിക്കുന്നു. ഇടതുമുന്നണിയിൽ നിലവിലുള്ള ഏക ഐഎൻഎൽ, എംഎൽഏ സ്ഥാനവും മന്ത്രി സ്ഥാനവും  ഔദ്യോഗിക വിഭാഗത്തിനാണ്. ദേശീയ നേതൃത്വത്തെ ധിക്കരിച്ച്  സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയ ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ടിനെ ഇടതുമുന്നണി അംഗീകരിക്കാൻ സാധ്യതയില്ല.

ഐഎൻഎല്ലിലെ തമ്മിലടിക്കെതിരെ  ഇടതുമുന്നണി നേരത്തെ ശക്തമായ താക്കീതും നൽകിയിരുന്നു. പാർട്ടി വിട്ട് സമാന്തര ഗ്രൂപ്പുണ്ടാക്കിയ ഏ. പി. അബ്ദുൾ വഹാബിന്റെ രാഷ്ട്രീയ അസ്ഥിത്വം കയ്യാലപ്പുറത്തെ തേങ്ങ പോലെയായെന്നാണ്  രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വഹാബിന്റെ  ഐഎൻഎല്ലിനെ ഇടതുമുന്നണിയിലെടുത്തില്ലെങ്കിൽ,  അവരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.

LatestDaily

Read Previous

കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം കിണറിൽ

Read Next

എംഡിഎംഏയുമായി യുവാക്കൾ പിടിയിൽ