ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ബോട്ടുടമ കോട്ടിക്കുളത്തെ ചിമ്മിനി ഹനീഫയെ 48, വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മുഖ്യപ്രതി ഭീമനടി കാലിക്കടവിലെ സമീർ എന്ന ആട്സമീർ കേസ്സന്വേഷണസംഘത്തിന്റെ കൈയ്യിൽ നിന്ന് തലനാരിഴയ്ക്ക് വഴുതി. സെൽഫോൺ ഉപയോഗിക്കാത്ത ആളാണ് വെസ്റ്റ് എളേരി കാലിക്കടവ് സ്വദേശിയായ സമീർ.
സ്വർണ്ണം തട്ടിപ്പറിക്കൽ, കുഴൽപ്പണം തട്ടൽ തുടങ്ങിയ കേസ്സുകളിൽ പ്രതിയായ സമീർ ഇപ്പോൾ കോഴിക്കോടിന്റെ ഉൾമേഖലയിലുള്ള ഏതോ രഹസ്യകേന്ദ്രത്തിൽ ഒരു യുവതിയോടൊപ്പം താമസിക്കുകയാണ്. യുവതി സമീറിന്റെ ഭാര്യയുമല്ല. ചിമ്മിനി ഹനീഫ വധശ്രമക്കേസ്സിൽ ബേക്കൽ പോലീസാണ് സമീറിന് വേണ്ടി വ്യാപകമായി വല വിരിച്ചത്.
കഴിഞ്ഞ ദിവസം പ്രതി തമ്പടിച്ച ഒരു രഹസ്യകേന്ദ്രത്തിൽ പോലീസ് സംഘം പാഞ്ഞെത്തിയെങ്കിലും, തലനാരിഴയ്ക്ക് സമീർ രക്ഷപ്പെടുകയായിരുന്നു. പിന്നീട്, പ്രതി ഊട്ടിയിലെത്തി. പോലീസ് ഊട്ടിയിൽ വലവിരിച്ച കാര്യം മണത്തറിഞ്ഞ പ്രതി അവിടുന്ന് മലപ്പുറത്തേക്കും, പിന്നീട് കോഴിക്കോട്ടേക്കും, ബംഗ്ലൂരുവിലേക്കും കടന്നു. ബോട്ടുടമകൾ തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് ചിമ്മിനി ഹനീഫയെ വധിക്കാനുള്ള ക്വട്ടേഷനിൽ കലാശിച്ചത്.
കോഴിക്കോട്ടുകാരായ ബോട്ടുടമകൾ ഹനീഫയെ വെടിവെച്ചുകൊല്ലാനാണ് കാസർകോട്ടെ മറ്റൊരു അധോലോക നേതാവ് നുപ്പട്ട റഫീഖിന് ക്വട്ടേഷൻ നൽകിയത്. റഫീഖ് ഈ ക്വട്ടേഷൻ ഏറ്റെടുക്കുകയും , നടപ്പിലാക്കാൻ സമീറിനെ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ മൊത്തം പത്തോളം പ്രതികൾ ഉൾപ്പെടും. ഇവരിൽ ക്വട്ടേഷൻ നൽകിയവരും വധശ്രമം ആസൂത്രണം ചെയ്തവരുമുണ്ട്. ഹനീഫയെ വധിക്കാൻ തന്നെയാണ് ക്വട്ടേഷൻ സംഘത്തിന് കൈത്തോക്ക് നൽകിയത്.
സംഭവദിവസം കോട്ടിക്കുളം പാലക്കുന്നിൽ മറ്റൊരാൾക്കൊപ്പം കാറിനകത്തിരിക്കുകയായിരുന്ന ഹനീഫയെ ആദ്യം കാറിൽ നിന്ന് പുറത്ത് വലിച്ചിട്ട് കാൽ വെട്ടി മാറ്റാനായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ലക്ഷ്യം. ഹനീഫ കാറിൽ നിന്ന് തീരെ പുറത്തിറങ്ങാത്തതിനാൽ പടക്കം കത്തിച്ച് കാറിന് നേരെ എറിയുകയും, ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം, കാറിന്റെ ഡോർ തുറന്ന് ഹനീഫയ്ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. ഹനീഫയുടെ ഉദരത്തിലാണ് വെടിയേറ്റത്.
ആദ്യം പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹനീഫയുടെ ഉദരത്തിൽ കുടുങ്ങിയ വെടിയുണ്ട മേജർ ശസ്ത്രക്രിയയിൽ ഡോക്ടർമാർ പിന്നീട് പുറത്തെടുത്തത് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലാണ്. ഈ വധശ്രമക്കേസ്സിൽ ഇനി ഒന്നാം പ്രതി ഭീമനടി കാലിക്കടവ് ഒറ്റത്തെയിലെ സി. എച്ച്. മുസ്തഫയുടെ മകൻ ഒ. ടി. സമീർ എന്ന ആട് സമീറടക്കം നാലുപേർ പിടിയിലാകാൻ ബാക്കിയുണ്ട്. ഗൂഢാലോചന പ്രതികളിൽ ചിലർ തൃശൂർ സ്വദേശികളാണ്. ഹനീഫയെ ആക്രമിച്ച സംഘത്തിൽ അഞ്ചുപേരുണ്ടായിരുന്നു. 3 പേരെ ഇനി തിരിച്ചറിയാനുണ്ട്. ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഈ വധശ്രമക്കേസ്സിന്റെ അന്വേഷണം ധൃതഗതിയിൽ മുന്നോട്ടു പോകുന്നത്.