ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എല്ല് സംബന്ധമായ രോഗവുമായെത്തുന്ന രോഗികൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ വിയർക്കണം. ജില്ലാ ആശുപത്രിയിൽ നിലവിൽ മൂന്ന് എല്ല് രോഗ വിദഗ്ധരുടെ സേവനം ലഭ്യമാണെങ്കിലും, ഒപിയിൽ ആദ്യമെത്തുന്ന അറുപത് പേർക്ക് മാത്രമെ ഒരു ദിവസം ചികിത്സ ലഭ്യമാകൂ.
50 ഉം 100 കിലോ മീറ്ററുകൾ താണ്ടി സർക്കാർ ആതുരാലയത്തിലെത്തുന്ന നിരവധി പേരാണ് ദിനംപ്രതി ആദ്യ അറുപതിൽ ടോക്കൺ ലഭിക്കാതെ തിരിച്ച് പോകേണ്ടി വരുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെയാണ് എല്ല് വിദഗ്ധന്റെ സേവനം ഒപിയിലുണ്ടാവുന്നത്. അറുപത് പേരെ പരിശോധിക്കുമ്പോഴേക്കും ഡോക്ടറുടെ ഡ്യൂട്ടി സമയം കഴിയും.
ഉച്ചയ്ക്ക് ആശുപത്രി വിടുന്ന ഡോക്ടർക്ക് പിന്നീട് സ്വന്തം ക്ലിനിക്കിൽ ക്യൂ നിൽക്കുന്ന നൂറ് കണക്കിന് രോഗികളെ പരിശോധിക്കേണ്ടതുണ്ട്. പണം കൊടുത്ത് സർക്കാർ ഡോക്ടർമാരുടെ ക്ലിനിക്കിൽ പരിശോധനക്കെത്തിയാലും ഇവിടെയും വലിയ തിരക്ക് കാണാം . അപകടത്തിൽപ്പെട്ടവരുൾപ്പെടെ നിത്യവും നിരവധി പേർക്ക് എല്ല് രോഗ വിദഗ്ധരുടെ സേവനം എല്ലാ സമയത്തും ആവശ്യമാണ്.
വലിയ ശസ്ത്രക്രിയക്ക് വരെ ജില്ലാ ആശുപത്രിയിൽ യന്ത്ര സാമഗ്രികളും, സംവിധാനങ്ങളുമുണ്ടെന്നിരിക്കെ നിസ്സാര കേസ്സുകളിൽ പോലും രോഗികളെ പരിയാരം മെഡിക്കൽ കോളേജിലേക്കും മംഗളൂരു ആശുപത്രിയിലേക്കും പറഞ്ഞയക്കുന്ന പ്രവണത ജില്ലാ ആശുപത്രിയിൽ വർദ്ധിച്ചു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ സാഹചര്യവും ദയനീയമാണ്. ഇവിടെയെത്തുന്ന രോഗികളെയും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞ് വിടുന്നു. ജില്ലയിലെ ഏറ്റവും വലിയ ആതുരാലയത്തിലെ അത്യാഹിത വിഭാഗത്തിൽ സേവനത്തിനുള്ളത് ഏക ഡോക്ടറാണ്.