മടിക്കൈയിൽ സമൂഹ മാധ്യമത്തിൽ വ്യാജ പ്രചാരണം

കവർച്ചക്കേസ്സിലെ പ്രതിക്ക് പകരം കൂലിത്തൊഴിലാളിയുടെ പടം പ്രചരിപ്പിച്ചു∙ കുടുംബം ആത്മഹത്യാമുനമ്പിൽ

നീലേശ്വരം : കവർച്ചാ പ്രതി മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കറുകവളപ്പിൽ അശോകന് പകരം സമൂഹ മാധ്യമത്തിൽ നിരപരാധിയായ കൂലിത്തൊഴിലാളി പുതിനടുക്കം തങ്കന്റെ പടം ചേർത്ത് നടത്തിയ വ്യാജ പ്രചാരണം മടിക്കൈ പാർട്ടി ഗ്രാമത്തിൽ ജനങ്ങളിൽ കാട്ടുതീയായി പടർന്നു. തായന്നൂർ കറുകവളപ്പിൽ അശ്വതി നിവാസിൽ ടി.വി. പ്രഭാകരന്റെ വീട്ടിൽ ഫിബ്രവരി 9-ന് ബുധനാഴ്ച പുലർച്ചെ കവർച്ച നടന്നിരുന്നു. സെൽഫോണും, സ്വർണ്ണാഭരണങ്ങളും, പണവും ഇൗ വീട്ടിൽ നിന്ന് കവർച്ച ചെയ്ത പ്രതി, കറുകവളപ്പിൽ അശോകനാണെന്ന് 30, അമ്പലത്തറ പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

അശോകൻ കുറ്റവാസനയുള്ള ആളാണ്. പ്രഭാകരൻ പുലർകാലം 3 മണിക്ക് കൃഷിയിടത്തിൽ വെള്ളമൊഴിക്കാൻ പോകുന്ന വിവരം മനസ്സിലാക്കിയാണ് പ്രതി അശോകൻ പുലർച്ചെ വീട്ടിൽ കയറി കവർച്ച നടത്തിയത്. ഇൗ കേസ്സിൽ പ്രതി അശോകനെ പിടികൂടാൻ അമ്പലത്തറ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.  ഇൗ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവന്നതിന് ശേഷം അശോകന്റെ മാതൃ സഹോദരീ പുത്രനും, മടിക്കൈ ബാങ്കിന്റെ കീഴിൽ ചുമട്ടുതൊഴിലാളിയുമായ കറുക വളപ്പിൽ അനിലാണ് സമൂഹ മാധ്യമത്തിൽ പ്രതി അശോകന്റെ പടത്തിന് പകരം കൂലിത്തൊഴിലാളിയായ പുതിനടുക്കം തങ്കന്റെ പടം ചേർത്ത് മടിക്കൈയിലെ വിവിധ ഗ്രൂപ്പുകളിൽ  വ്യാപകമായി പ്രചരിപ്പിച്ചത്.

തങ്കന്റെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയ അനിലിനെതിരെ പ്രതിഷേധം ശക്തമായപ്പോൾ, വ്യാജ പോസ്റ്റ് പെട്ടെന്ന് പിൻവലിച്ചുവെങ്കിലും, അപ്പോഴേയ്ക്ക് തായന്നൂർ ടി.വി. പ്രഭാകരന്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതി തങ്കനാണെന്ന് ജനങ്ങൾക്കിടയിൽ വൻ പ്രചാരണം പടർന്നു പിടിക്കുകയും ചെയ്തു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന പുതിനടുക്കം തങ്കന്റേത് പാർട്ടി കുടുംബമാണ്. ഇൗ കുടുംബം പാർട്ടി വിടാനൊരുങ്ങുന്നതായുള്ള പുതിയ പ്രചാരണവും സോഷ്യൽ മീഡിയയിൽ പിന്നാലെ വന്നു.

വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ചുമട്ടുതൊഴിലാളി അനിൽ പോസ്റ്റ് പിൻവലിച്ച് പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും, പുതിനടുക്കം തങ്കന്റെ ബന്ധുവായ അക്ഷയ കേന്ദ്രത്തിൽ ജോലി നോക്കുന്ന യുവതി നമിതയുടെ പ്രതിഷേധ ശബ്ദരേഖയും ഒട്ടും വൈകാതെ പുറത്തുവന്നു.

വിഷയത്തിൽ പാർട്ടി ഇടപെടണമെന്നും, നിരപരാധിയായ കുടുംബനാഥനെ കവർച്ചക്കാരനാക്കി ചിത്രീകരിച്ച അനിലിനെതിരെ പാർട്ടി ഇടപെട്ട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നമിത നിരവധി ശബ്ദ സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തത് മടിക്കൈ പാർട്ടിക്ക് കടുത്ത തലവേദനയായി മാറുകയും ചെയ്തു. മടിക്കൈ ഗ്രാമത്തിന്റെ കിഴക്കൻ അതിർത്തിയിലാണ് കവർച്ച നടന്ന കാഞ്ഞിരപ്പൊയിൽ കറുകവളപ്പ്. ഇൗ പ്രദേശം അമ്പലത്തറ പോലീസ് പരിധിയിലാണ്.

LatestDaily

Read Previous

തായന്നൂർ കവർച്ച പ്രതികൾക്ക് വേണ്ടി അന്വേഷണം ഉൗർജ്ജിതം

Read Next

ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യ സാമ്പത്തിക പരാധീനത മൂലം