വീരനെന്നും വീരോചിത പോരാളി

പിതാവിന്റെ പാതയിലൂടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് പോരാടിയ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്രകുമാറിന്റേത്. വെറുമൊരു രാഷ്ട്രീയക്കാരനില്‍ ഒതുങ്ങുന്നതല്ല വീരേന്ദ്രകുമാര്‍ എന്ന വ്യക്തിത്വം. സാഹിത്യകാരന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പരിസ്ഥിതിവാദി, സാമൂഹ്യ സേവകന്‍ എന്നിങ്ങനെ വീരേന്ദ്രകുമാറിന് ധാരാളം പട്ടങ്ങള്‍ കേരളം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

ജനനംകൊണ്ടുതന്നെ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവും ആയിരുന്ന എന്‍ കെ പത്മപ്രഭാ ഗൗഡരുടെ പാത വീരന്റെ ഉള്ളിലെ രാഷ്ട്രീയ നേതാവിനെ പാകപ്പെടുത്തി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണന്‍ കണ്ടെത്തിയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍. ജയപ്രകാശ് ആയിരുന്നു എന്നും വീരന്റെ മാതൃക.

മതേതരത്വവും സോഷ്യലിസവും സമം ചേര്‍ന്ന രാഷ്ട്രീയ പ്രക്രിയയിലൂടെ സംസ്ഥാന രാഷ്ട്രീയത്തിലും വലിയൊരളവുവരെ ദേശീയ രാഷ്ട്രീയത്തിലും പ്രതിഛായ സൃഷ്ടിച്ച നേതാവായിരുന്നു വീരേന്ദ്രകുമാര്‍.

കേരളത്തില്‍ ഉടനീളവും രാജ്യത്തിനകത്ത് പലയിടത്തും വിവിധ ലോകരാജ്യങ്ങളിലും വീരേന്ദ്രകുമാര്‍ നടത്തിയ പ്രസംഗങ്ങള്‍ നവോത്ഥാനത്തിന്റെ മൗലികത മുറുകെപ്പിടിച്ചായിരുന്നു.

ഉറച്ച ദൈവവിശ്വാസി ആയിരിക്കുമ്പോള്‍തന്നെ അന്ധ വിശ്വാസങ്ങളോടും വര്‍ഗീയതയോടും മതമൗലികവാദത്തോടും സന്ധി ചെയ്യാന്‍ വീരന്‍ ഒരുക്കമായിരുന്നില്ല. ജലം, മണ്ണ്, വായു എന്നിവയ്ക്കായി മാറ്റിവെച്ചതായിരുന്നു വീരേന്ദ്രകുമാറിന്റെ ജീവിതം.

പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് സുസ്ഥിര വികസനം സാധ്യമാകില്ലെന്ന് വീരേന്ദ്രകുമാര്‍ ഉറച്ച് വിശ്വസിച്ചു. സുസ്ഥിര വികസനത്തെ കുറിച്ചുള്ള അറിവ് എല്ലാവരിലും എത്തിക്കാനും അത് പങ്കിടാനും അദ്ദേഹം മുന്‍നിന്ന് പ്രവര്‍ത്തിച്ചു. കേവലം എഴുത്തുകൊണ്ട് മാത്രമല്ല, പരിസ്ഥിതി നശീകരണത്തിനെതിരായ ജനകീയ പ്രസ്ഥാനങ്ങളുടെ നായകനായിട്ടാണ് വീരേന്ദ്രകുമാര്‍ അറിയപ്പെടുക. ഇ എം എസ്, എ കെ ജി, സി അച്യുതമേനോന്‍, കെ വി സുരേന്ദനാഥ്, ശര്‍മ്മാജി, സി ഉണ്ണിരാജ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധമാണ് വീരേന്ദ്രകുമാറിന് ഉണ്ടായിരുന്നത്.

തന്റെ രചനകളിലെല്ലാം പ്രകൃതിയോടുള്ള ഐക്യദാര്‍ഢ്യം അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ കൃതികളിലൂടെ വീരേന്ദ്രകുമാര്‍ വെളിപ്പെടുത്തിയത് മനുഷ്യന്‍ പ്രകൃതിയോട് താദാത്മ്യം പ്രാപിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു. ആണവ യുദ്ധത്തിനെതിരായി, ലോക സമാധാനത്തിനായി അദ്ദേഹം നിലയുറപ്പിച്ചു. ‘ബുദ്ധന്റെ ചിരി’ എന്ന അദ്ദേഹത്തിന്റെ ലേഖന സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സഞ്ചാരം അദ്ദേഹത്തിന്റെ ഒരിഷ്ട വിനോദമായിരുന്നു. കുത്തകകള്‍ക്ക് എതിരായ പോരാട്ടത്തിലെ മുന്‍നിരക്കാരനായിരുന്നു വീരേന്ദ്രകുമാര്‍.

ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ മലയാളി സമൂഹത്തിന് മനസ്സിലാക്കിക്കൊടുത്തത് അദ്ദേഹത്തിന്റെ രചനകളാണ്. സാമ്രാജ്യത്വ വാദത്തിനെതിരെ അദ്ദേഹം നടത്തിയ രചനകള്‍ വീരേന്ദ്രകുമാറിനെ സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരനായി അടയാളപ്പെടുത്തി. 1987‑ല്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് വീരേന്ദ്രകുമാര്‍ നിയമസഭയിലെത്തുന്നത്.

അന്ന് ഈ ലേഖകനും നിയമസഭാംഗമായിരുന്നു. സഭയിലെ കന്നിക്കാരനെങ്കിലും രാഷ്ട്രീയ രംഗത്ത് തനിക്കുള്ള അനുഭവ ജ്ഞാനം ഞങ്ങളെപ്പോലുള്ളവര്‍ക്ക് പകര്‍ന്നുതരാന്‍ വീരേന്ദ്രകുമാര്‍ ഒരു മടിയും കാണിച്ചില്ല. ഒരു പത്രം എങ്ങനെ ജനകീയമാക്കാം എന്ന് മാതൃഭൂമിയുടെ സാരഥിയായി അദ്ദേഹം തെളിയിച്ചു. പത്രവ്യവസായവും പത്രപ്രവര്‍ത്തന മേഖലയും കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയത്താണ് വീരേന്ദ്രകുമാര്‍ വിടവാങ്ങുന്നത്.   വര്‍ഗീയതക്കും മതമൗലികവാദത്തിനും കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനും എതിരായ പോരാട്ടത്തിന് ശക്തി പകരാന്‍ വീരേന്ദ്രകുമാറിന്റെ സ്മരണ നമുക്ക് കരുത്ത് പകരും.

കാനം രാജേന്ദ്രൻ

LatestDaily

Read Previous

കൊവിഡ്സമേത ജീവിതത്തിലേക്ക്

Read Next

റഫിയത്ത് കൂട്ടുകാരി; ജംഷിയെ കണ്ടിട്ടില്ല: ആതിര