ഐഎൻഎൽ അകത്തും പുറത്തും

കാഞ്ഞങ്ങാട്: നാഷണൽ ലീഗിലെ  ഗ്രൂപ്പ് വഴക്കുകൾ അവരുടെ രാഷ്ട്രീയ അസ്ഥിത്വത്തെത്തന്നെ തകർക്കാൻ തുടങ്ങി. ഐഎൻഎൽ സംസ്ഥാന സമിതി പിരിച്ചുവിടുന്നതിന് കാരണമായ ഗ്രൂപ്പ്  യുദ്ധം പാർട്ടി കേരള ഘടകത്തിന്റെ  നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് പാർട്ടി സംസ്ഥാന സിക്രട്ടറിയേറ്റ്, സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി, സംസ്ഥാന കൗൺസിൽ എന്നിവ പിരിച്ചുവിട്ട് ഒരാഴ്ച മുമ്പ് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.

സംസ്ഥാന സമിതി പിരിച്ചുവിട്ടതിനെതിരെ സംസ്ഥാന പ്രസിഡണ്ട് തന്നെ  ആദ്യവെടി പൊട്ടിച്ചു. പിരിച്ചുവിട്ട നടപടി  തള്ളിക്കളയുന്നുവെന്നാണ് ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട്  ഏ. പി. അബ്ദുൾ വഹാബ് പുറത്തുവിട്ടത്. ഐഎൻഎൽ സംസ്ഥാന ഘടകത്തെ പിളർപ്പിലേക്ക് നയിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ്  പാർട്ടിയിലെ ഇരു  വിഭാഗങ്ങളും നടത്തിയത്. 25 വർഷത്തിലധികം  കാത്തിരുന്നാണ് ഐഎൻഎല്ലിന്  ഇടതുമുന്നണിയിൽ പ്രവേശനം  ലഭിച്ചത്.

മന്ത്രിസ്ഥാനമടക്കം  നൽകി ഇടതുമുന്നണി ഐഎൻഎല്ലിന് മതിയായ പരിഗണന നൽകിയെങ്കിലും, പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് മുന്നണി പ്രവേശനത്തിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. കാന്തപുരം ഏ. പി. അബൂബക്കർ മുസ്ലിയാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ പാർട്ടിക്കകത്തെ ഭിന്നതകൾ തൽക്കാലം കെട്ടടങ്ങിയിരുന്നുവെങ്കിലും, ഗ്രൂപ്പ് യുദ്ധം വീണ്ടും തലപൊക്കി കഴിഞ്ഞു. പത്തു ദിവസത്തിനകം  സംസ്ഥാന കൗൺസിൽ വിളിച്ചു ചേർക്കുമെന്നും ഇടതുമുന്നണിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അബ്ദുൾ വഹാബ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐഎൻഎല്ലിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് പാർട്ടിക്കനുവദിച്ച ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങൾ ഏറ്റെടുക്കാനായിട്ടില്ല. അഖിലേന്ത്യോ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്  ഐഎൻഎൽ സംസ്ഥാന സമിതി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. ഇതിനെതിരെയാണ്  സംസ്ഥാന പ്രസിഡണ്ട്  ഏ. പി. അബ്ദുൾ വഹാബ് രംഗത്തുവന്നിരിക്കുന്നത്. ഐഎൻഎല്ലിലെ ഗ്രൂപ്പ് വഴക്കിനെതിരെ ഇടതുമുന്നണി ശക്തമായ താക്കീത് നൽകിയിരുന്നുവെങ്കിലും,  അതൊന്നും ഫലം കണ്ടില്ല.

രണ്ടര വർഷമാണ് ഐഎൻഎല്ലിന്  മന്ത്രി സ്ഥാനം.  പാർട്ടിയിലെ ഗ്രൂപ്പ് യുദ്ധം ഇനിയും തുടർന്നാൽ മന്ത്രിസഭയുടെ  പ്രവർത്തനത്തെത്തന്നെ അത് ബാധിക്കും. ഒന്നുകിൽ  ഇടതുമുന്നണിയിൽ  ഒറ്റക്കെട്ടായി തുടരുക, അല്ലെങ്കിൽ മുന്നണി വിട്ട് പുറത്തിറങ്ങി പരസ്പരം അങ്കം വെട്ടുക എന്നതാണ് ഐഎൻഎല്ലിന് മുന്നിലുള്ള വഴികൾ.

ഈ രണ്ട്  വഴികളിൽ  ഐഎൻഎൽ ഏതുവഴി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. എൽഡിഎഫിന്റെ രണ്ടാം ഭരണത്തിൽ ഇടതുമുന്നണിക്കകത്തുണ്ടായ  അസ്വാരസ്യങ്ങൾ  മുന്നണിയുടെ പ്രതിഛായയെ ബാധിച്ചു. തമ്മിലടിക്കുന്ന  ഐഎൻഎല്ലിനോട് ഇടതുമുന്നണിയിൽ  നിന്ന് പുറത്ത് പോകാൻ ഇടതു നേതൃത്വം  ആവശ്യപ്പെട്ടാലും,  അതിശയിക്കാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 

LatestDaily

Read Previous

ശിവസേനയുടെ പേരിൽ പണപ്പിരിവ്

Read Next

സർക്കാർ ഒാഫീസുകളിൽ നിന്ന് മുങ്ങുന്നവർക്കെതിരെ അന്വേഷണം