ശിവസേനയുടെ പേരിൽ പണപ്പിരിവ്

കാഞ്ഞങ്ങാട് : ശിവസേനയുടെ ആളാണെന്ന് വ്യാപാരികളെയും, ആശുപത്രി ഉടമകളെയും വിളിച്ച് പണത്തിന് വേണ്ടി ഭീഷണി. കാഞ്ഞങ്ങാട്ടെയും, ചെറുവത്തൂരിലേയും, സ്വകാര്യാശുപത്രികളിലെ ഡോക്ടർമാരെ വിളിച്ച് ശിവസേനയുടെ സമ്മേളനത്തിന് 5000 രൂപ സംഭാവന ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ഒരു ഡോക്ടറെ വിളിച്ചു.

അരമണിക്കൂറിനകം മറ്റൊരാൾ ആശുപത്രിയിലെത്തി. ശിവസേന നേതാവ് അയച്ചതാണെന്നും, അയ്യായിരം തരണമെന്നും ആശുപത്രി മാനേജരോട് ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ നോട്ടീസ്സും, റസീറ്റും ആവശ്യപ്പെട്ടപ്പോൾ, അതൊക്കെ പിന്നീട് എത്തിക്കാമെന്നാണ് വന്നയാൾ പറഞ്ഞത്. റസീറ്റ് പുസ്തകമില്ലാത്തതും, പണമാവശ്യപ്പെട്ട് വന്നയാളുടെ പെരുമാറ്റരീതിയിൽ സംശയം തോന്നിയതിനാലും, ആശുപത്രി മാനേജർ പണം നൽകിയില്ല. ശിവസേനയുടെ പേരിൽ നീലേശ്വരവും, പയ്യന്നൂരും കേന്ദ്രീകരിച്ച് ആശുപത്രി ഉടമകളേയും, ഡോക്ടർമാരേയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഒരു സംഘം നേരത്തെ പ്രവർത്തിച്ചിരുന്നു.

പിന്നീട് ഇൗ സംഘത്തെക്കുറിച്ചുള്ള പത്രവാർത്തകൾ ലേറ്റസ്റ്റ് അന്ന് പുറത്തുവിട്ടതോടെ ഉൾവലിഞ്ഞ സംഘം ഇപ്പോൾ വീണ്ടും ശിവസേനയുടെ പേരിൽ പണപ്പിരിവ് തുടങ്ങിയിരിക്കയാണ്. പെട്ടെന്ന് ഫോണിൽ വിളിച്ച് ശിവസേന പ്രവർത്തകനാണെന്നും, സേനയുടെ സമ്മേളനത്തിന് പണം വേണമെന്നും, ആവശ്യപ്പെടുകയും, പിന്നീട് സ്ഥാപനത്തിലേക്ക് ആളെ അയച്ച് നേരിട്ട് പണം വാങ്ങുന്ന രീതിയുമാണ് ഇൗ സംഘത്തിന്റേത്.

കാസർകോട് ജില്ലയിൽ ഒരിടത്തും ശിവസേന പാർട്ടിയും, സംഘടനയും നിലവിൽ പ്രവർത്തിക്കുന്നില്ല. നീലേശ്വരം കേന്ദ്രീകരിച്ച് 4 വർഷം മുമ്പ് ശിവസേനയുടെ പേരിൽ രംഗത്തുണ്ടായിരുന്ന ചിലർ തന്നെയാണ് കോവിഡിന് ശേഷം ഇപ്പോൾ വീണ്ടും ശിവസേനയുടെ പേരിൽ പണപ്പിരിവിനിറങ്ങിയതെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

നീലേശ്വരം വിദ്യാർത്ഥിനിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

Read Next

ഐഎൻഎൽ അകത്തും പുറത്തും