ഫാഷൻ ഗോൾഡ് തട്ടിപ്പ് , പൂക്കോയുടെ വീട്ടിലടക്കം നാലിടങ്ങളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്

തൃക്കരിപ്പൂർ: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സിൽ പ്രതികളായ ലീഗ് നേതാക്കളുടെ വീട്ടിലടക്കം നാലിടങ്ങളിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ക്രൈം ബ്രാഞ്ച്  കണ്ണൂർ, കാസർകോട് യൂണിറ്റ്  ഡിവൈഎസ്പിമാരുടെ  നേതൃത്വത്തിലാണ് ഇന്ന് ഒരേസമയം പരിശോധന നടന്നത്.

നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രധാന പ്രതിയും മുൻ മുസ്ലീം ലീഗ്  എംഎൽഏയുമായ എം. സി. ഖമറുദ്ദീന്റെ പടന്ന  എടച്ചാക്കൈയിലെ വീട്ടിലും, അദ്ദേഹത്തിന്റെ പത്നി  റംലയുടെ  വീട്ടിലും,  നിക്ഷേപത്തട്ടിപ്പ്  കേസ്സിലെ പ്രതികളായ  ടി. കെ. പൂക്കോയയുടെയും, ജ്വല്ലറി മാനേജർ സൈനുൽ  ആബിദിന്റെയും, അക്കൗണ്ടന്റ്  സാദിഖിന്റെയും ചന്തേരയിലുള്ള  വീടുകളിലാണ് ക്രൈം ബ്രാഞ്ച്  ഇന്ന് രാവിലെ പരിശോധനയ്ക്കെത്തിച്ചത്.

കോടതിയുടെ അനുമതി വാങ്ങിയാണ് ക്രൈംബ്രാഞ്ച് നിക്ഷേപത്തട്ടിപ്പ് കേസ്സിലെ പ്രതികളുടെ വീടുകളിൽ റെയ്ഡിനെത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു.  കണ്ണൂർ ക്രൈം ബ്രാഞ്ച്  യൂണിറ്റ് ഡിവൈഎസ്പിമാരായ,  എം. വി. അനിൽ കുമാർ, എം. രമേശ് കുമാർ, കാസർകോട് ക്രൈം ബ്രാഞ്ച്  ഡിവൈഎസ്പി, എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ജ്വല്ലറിത്തട്ടിപ്പ് കേസ്സിൽ  മുഖ്യ പ്രതിയായ എം. സി. ഖമറുദ്ദീൻ ജയിൽ  മോചിതനായിട്ട് ഒരു വർഷം കഴിഞ്ഞു. മറ്റൊരു പ്രതിയായ ടി. കെ. പൂക്കോയ റിമാന്റ് കാലാവധി കഴിഞ്ഞ് ജയിൽ മോചിതനായിട്ട്  മാസങ്ങൾ പിന്നിട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ  ചെയ്യപ്പെട്ട നൂറ്റമ്പതിലധികം വഞ്ചനാക്കേസ്സുകളിൽ ഇതുവരെ കോടതിയിൽ കുറ്റപത്രമെത്തിയിട്ടില്ല.

ഫാഷൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് 150 കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതുവരെ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. വിഷയം പിഡിപി ഏറ്റെടുത്തിരുന്നുവെങ്കിലും അവരും  ഇപ്പോൾ ഫാഷൻ ഗോൾഡ് നിക്ഷേപകരെ ഉപേക്ഷിച്ച നിലയിലാണ്.

LatestDaily

Read Previous

മെമുവിൽ തിരക്കേറിയപ്പോൾ ബോഗികൾ കുറച്ചു

Read Next

നീലേശ്വരം വിദ്യാർത്ഥിനിക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം