ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ക്വാറി ഉടമയോട് പഞ്ചായത്ത് പ്രസിഡണ്ട് 25 ലക്ഷം രൂപ ആവശ്യപ്പെട്ട ശബ്ദരേഖ പുറത്ത്
കാഞ്ഞങ്ങാട്: ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയവും സെക്രട്ടറി മിഥുൻ കൈലാസും തമ്മിലുള്ള പോര് തുറന്ന യുദ്ധത്തിലേക്ക്. ക്വാറി അനുമതിക്കായി ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് 25 ലക്ഷം രൂപ ചോദിച്ചുവെന്നതിന്റെ ടെലിഫോൺ സംഭാഷണ രേഖകൾ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരുടെ ഭവന പുനഃരുദ്ധാരണത്തിന് എസ്ടി വകുപ്പ് അനുവദിച്ച 76.5 ലക്ഷം രൂപയുടെ പദ്ധതിയിൽ 51 പേർക്ക് തുക അനുവദിക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളക്കടലാസിൽ ലിസ്റ്റെഴുതി തയ്യാറാക്കിയിരുന്നു. പ്രസ്തുത ലിസ്റ്റിൽ ഒപ്പിടാൻ വിസ്സമ്മതിച്ചതിനാണ് പഞ്ചായത്ത് സെക്രട്ടറിയെ രാജു കട്ടക്കയവും സംഘവും ഓഫീസിൽ ബന്ദിയാക്കി ഭീഷണിപ്പെടുത്തിയത്.
പട്ടികജാതിക്കാരുടെ ഭവന പുനഃരുദ്ധാരണ പദ്ധതിയിൽ വീടൊന്നിന് ഒന്നര ലക്ഷം രൂപ വീതമാണ് അനുവദിച്ചിരുന്നത്. പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അംഗമായ രണ്ടംഗ കമ്മിറ്റിക്കാണ് അധികാരം. ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ച് മുൻഗണനാ പട്ടിക തയ്യാറാക്കിയശേഷം പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റിക്കയക്കണം.
സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗീകരിച്ച ലിസ്റ്റ് പഞ്ചായത്ത് ഭരണസമിതിക്കയക്കുകയും തുടർനടപടികൾക്കായി സെക്രട്ടറിക്ക് കൈമാറുകയും വേണം. ഈ നടപടി ക്രമങ്ങളൊന്നും പാലിക്കാതെ പഞ്ചായത്ത് പ്രസിഡണ്ട് വെള്ളക്കടലാസിൽ 51 പേരുടെ ലിസ്റ്റ് തയ്യാറാക്കി സെക്രട്ടറിയോട് അംഗീകരിക്കാനാവശ്യപ്പെടുകയായിരുന്നു.
നിയമ വിരുദ്ധമായി തയ്യാറാക്കിയ ലിസ്റ്റിൽ ഒപ്പിട്ട് അംഗീകാരം നൽകാൻ വിസ്സമ്മതിച്ചതിനാലാണ് ബളാൽ പഞ്ചായത്ത് സെക്രട്ടറിയും തിരുവനന്തപുരം സ്വദേശിയുമായ മിഥുൻ കൈലാസിനെ പഞ്ചാത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, പഞ്ചായത്തംഗം, വിനു, ബ്ലോക്ക് പഞ്ചായത്തംഗം എന്നിവർ ചേർന്ന് ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയത്. പ്രസിഡണ്ടിന്റെ താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തതിന് പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റുെമന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ക്വാറി അനുമതിക്കായി രാജു കട്ടക്കയം ക്വാറി ഉടമയോട് 25 ലക്ഷം രൂപ ചോദിച്ചുവെന്ന ഗുരുതരമായ ആരോപണമുള്ള ശബ്ദസന്ദേശം പഞ്ചായത്ത് സെക്രട്ടറി പുറത്തുവിട്ടത്. മിഥുൻ കൈലാസിനെ ഫോണിൽ വിളിച്ച ക്വാറി ഉടമയാണ് രാജു കട്ടക്കയം വൻതുക കൈക്കൂലിയാവശ്യപ്പെട്ട വിവരം പുറത്തുവിട്ടത്.