രൂപശ്രീ കൊലക്കേസ്സ് വിചാരണ ഉടൻ

കാഞ്ഞങ്ങാട്: മിയാപ്പദവ് സ്കൂൾ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തി കടലിലെറിഞ്ഞ കേസിലെ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികൾ ജൂൺ 6-ന് ആരംഭിക്കും. ജനുവരി 18-നാണ് പെർവാഡ് കടപ്പുറത്ത് രൂപശ്രീയുടെ നഗ്നമായ മൃതദേഹം  കണ്ടെത്തിയത്. ജനുവരി 16-ന് സ്കൂളിലേക്ക് പുറപ്പെട്ട അധ്യാപികയെ കാണാതായതിനെത്തുടർന്ന് ഭർത്താവ് മഞ്ചേശ്വരം പോലീസിൽ പരാതി കൊടുത്തിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തിയത്. രൂപശ്രീ കടലിൽ വീണ് മരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് തുടരന്വേഷണം  ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് രൂപശ്രീയെ സഹപ്രവർത്തകനും, അധ്യാപകനുമായ വെങ്കിട്ടമരണ കരന്തരയും 40, കൂട്ടാളിയായ നിരഞ്ജനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

സഹപ്രവർത്തകരായ വെങ്കിട്ട രമണയും, രൂപശ്രീയും തമ്മിൽ അടുപ്പത്തിലായിരുന്നു. തന്നെക്കൂടാതെ മറ്റൊരാളുമായി രൂപശ്രീക്ക് അടുപ്പമുണ്ടെന്ന സംശയമാണ് വെങ്കിട്ട രമണയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അധ്യാപികയെ സ്നേഹം നടിച്ച് സ്വന്തം വീട്ടിൽ വിളിച്ചു വരുത്തി കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിൽ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി മഞ്ചേശ്വരത്ത് കടലിൽ വലിച്ചെറിയുകയായിരുന്നു. മൃതദേഹം മംഗളൂരുവിലെ നേത്രാവതിപ്പുഴയിൽ ഉപേക്ഷിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നടന്നില്ല. കൂട്ടാളിയായ നിരഞ്ജനോടൊപ്പമെത്തിയാണ് വെങ്കിട്ട രമണ മൃതദേഹം കടലിൽ വലിച്ചെറിഞ്ഞത്.

ചിത്രകലാധ്യാപകനായ വെങ്കിട്ട രമണ കാരന്തര പൂജാരിയും, ആഭിചാര കർമ്മങ്ങൾ ചെയ്യുന്നയാളുമാണ്. രൂപശ്രീ തന്നിൽ നിന്നും അകലുന്നതിലുള്ള വൈരാഗ്യത്തെത്തുടർന്നാണ് കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  രൂപശ്രീ കൊലക്കേസ്സ് അന്വേഷിച്ചത്. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തോടെയാണ് അന്വേഷണോദ്യോഗസ്ഥൻ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ രൂപശ്രീ കൊലക്കേസ്സിലെ പ്രതികൾ ഇപ്പോഴും റിമാന്റിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് വിചാരണയ്ക്ക് മുന്നോടിയായി നടക്കേണ്ടത്.

ലോക്ഡൗണിന് ശേഷം കോടതികൾ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുകയാണെങ്കിൽ ജൂൺ 6-ന് തന്നെ കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കും.

LatestDaily

Read Previous

അഞ്ജന: സത്യം മറയ്ക്കുള്ളിൽ

Read Next

അസിസ്റ്റന്റ് എൻജിനീയറുടെ പിടിവാശി പിടിഏ കമ്മിറ്റിക്ക് ലക്ഷങ്ങളുടെ നഷ്ടം