അഞ്ജന: സത്യം മറയ്ക്കുള്ളിൽ

കാഞ്ഞങ്ങാട്: ലെസ്ബിയൻസ്, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡേഴ്സ് എന്നിവരടങ്ങുന്ന ക്വീർ കമ്മ്യൂണിറ്റിയിൽ അഞ്ജന ഹരീഷ് അംഗമായത് താൻ ബൈ സെക്ഷ്വലാണെന്ന തിരിച്ചറിവിലൂടെയാണ്. ഈ സ്വയം തിരിച്ചറിയലാണ് അഞ്ജന കുടുംബവുമായി അകലാൻ കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു. സ്ത്രീകൾ തമ്മിലുള്ള സ്വവർഗ്ഗാനുരാഗത്തെയും പ്രണയത്തെയുമാണ്  ലെസ്ബിയനിസം എന്നറിയപ്പെടുന്നത്.

പുരുഷ സ്വവർഗ്ഗാനുരാഗികളെ ഗേ എന്ന പേരിലും അറിയപ്പെടുന്നു. പുരുഷനെയും, സ്ത്രീയെയും ഒരേ സമയം സ്നേഹിക്കാനും, പ്രണയിക്കാനും കഴിയുന്നവരെയാണ് ബൈ സെക്ഷ്വൽസ് എന്നറിയപ്പെടുന്നത്. ഇക്കൂട്ടത്തിൽ ബൈസെക്ഷ്വൽ ഗണത്തിൽപ്പെട്ടയാളാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചാണ് അഞ്ജന ഹരീഷ് ക്വീർ കമ്മ്യൂണിറ്റിയിൽ ചേർന്നത്. ഈ പ്രഖ്യാപനം അഞ്ജനയുടെ കുടുംബത്തെ വല്ലാതെ ഉലച്ചിരുന്നു.

നന്നേ ചെറുപ്പത്തിൽ വിധവയാകേണ്ടി വന്ന അഞ്ജനയുടെ മാതാവ് വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത്. 11 വർഷം മുമ്പാണ് അഞ്ജനയുടെ പിതാവ് ഹരീഷ് അപകടത്തിൽ മരിച്ചത്. അന്ന് അഞ്ജനയുടെ പ്രായം 10 വയസ്സ്. മകളെ  പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന ആഗ്രഹത്തോടെ ജീവിച്ച മിനി അഞ്ജന വീട്ടിൽ നിന്നും അകന്നതോടെ ഏറെ പ്രയാസമനുഭവിച്ചിരുന്നു.

ജനിതകപരമായ പ്രശ്നങ്ങളാൽ വ്യത്യസ്ത ലൈംഗികബോധങ്ങൾ പ്രതിനിധാനം ചെയ്യുന്ന എൽ.ജി.ബി.ടി സമൂഹത്തെ പൊതുസമൂഹം ഇതുവരെ അംഗീകരിക്കാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ തയ്യാറായിട്ടില്ല. ഇത്തരത്തിൽപ്പെട്ടവരെ തിരിച്ചറിയാൻ പോലീസിനുപോലും കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ ക്വീർ കമ്മ്യൂണിറ്റിയിൽപ്പെട്ട അഞ്ജന ഹരീഷ് അടക്കമുള്ളവർ പോക്ക് കേസുകളാണെന്നാണ് പോലീസ് പോലും വിശ്വസിക്കുന്നത്.

പുരുഷ കേന്ദ്രീകൃതമായ സമൂഹം ഉണ്ടാക്കിയ ജീവിതത്തിന്റെ വാർപ്പുമാതൃകകളെ തിരസ്ക്കരിച്ച് ലിംഗ സ്വത്വത്തിനുവേണ്ടി പോരാടുന്ന ക്വീർ കമ്മ്യൂണിറ്റിയിൽപ്പെട്ടവരെ മയക്കുമരുന്നിന്റെ അടിമകളായി ചിത്രീകരിച്ച് ലഹരി മോചന ചികിത്സയ്ക്ക് അടിമകളാക്കി പീഡിപ്പിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലാണ് അഞ്ജന ഹരീഷിനെയും മാതാവ് ഹിന്ദു ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെ സഹായത്തോടെ ലഹരി മോചന ചികിത്സയ്ക്ക് വിധേയയാക്കിയത്.

ലഹരി മോചന കേന്ദ്രത്തിൽ അഞ്ജനയ്ക്ക് നൽകിയിരുന്നത് അമിത അളവിലുള്ള അപസ്മാരത്തിനുള്ള  മരുന്നാണെന്നാണ്  അഞ്ജനയുടെ ലീഗൽ കസ്റ്റോഡിയനായിരുന്ന എച്ച്.ഗാർഗി ആരോപിച്ചിട്ടുണ്ട്. ഇതിന്റെ പാർശ്വഫലങ്ങളാൽ അഞ്ജന അവശയായിത്തീർന്നെന്നും ഇവർ ആരോപിക്കുന്നു.

അഞ്ജന ഹരീഷിന് ഒരേസമയം ഒരാൺകുട്ടിയും, പെൺകുട്ടിയുമായും പ്രണയബന്ധമുണ്ടായിരുന്നെന്ന് ഗാർഗി ഒരു ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ അരക്ഷിതയായതിനാലാണ് അഞ്ജന തന്നെ തേടിവന്നതെന്നും ഇവർ പറയുന്നു.

അഞ്ജനയ്ക്കെതിരെ ഗോവയിൽ ബലാത്സംഗ ശ്രമമുണ്ടായ വിവരം സൂഹൃത്തുക്കളോ, കുടുംബാംഗങ്ങളോ ഗോവ പോലീസിനെ അറിയിച്ചിട്ടില്ലെന്ന് വ്യക്തമാണ്. മകളുടെ മരണം കൊലപാതകമാണെന്ന് മാതാവ് മിനി ആവർത്തിക്കുമ്പോഴും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇത് സ്ഥിരീകരിച്ചിട്ടില്ല.

അഞ്ജനയുടേത് തൂങ്ങി മരണമാണെന്ന് തന്നെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യനിഗമനം. അഞ്ജന ലൈംഗിക പീഡനത്തിനിരയായി എന്ന തരത്തിൽ ഊഹാപോഹ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, ഇവയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. അഞ്ജനയുടെ മരണത്തിൽ ഊഹാപോഹങ്ങളും, വാദപ്രതിവാദങ്ങളും, ഫേസ്ബുക്കിലെ തുറന്ന യുദ്ധങ്ങളും കൊഴുക്കുമ്പോഴും യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ ഇപ്പോഴും പുകമറ യ്ക്കുള്ളിലാണ്.

LatestDaily

Read Previous

വിദ്യാസാഗർ വീണിടത്ത് നിന്ന് ഉരുളുന്നു

Read Next

രൂപശ്രീ കൊലക്കേസ്സ് വിചാരണ ഉടൻ