കേന്ദ്ര മത്സ്യബന്ധന നയവും തട്ടിപ്പ് പാക്കേജും

കോവിഡ് മറയാക്കി തൊഴിൽനിയമങ്ങൾ അട്ടിമറിക്കുകയും ഭൂമിയും ആകാശവും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് തീറെഴുതുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ കടലും കുത്തകവൽക്കരിക്കുകയാണ്.

ലോക്ഡൗണിൽ ദുരിതം പേറുന്ന മത്സ്യ തൊഴിലാളികളെ മറന്നവർ മത്സ്യ ബന്ധന നയത്തിന്റെ കരട് പ്രസിദ്ധീകരിക്കുവാൻ മറന്നില്ല.

കടലിലും ഉൾനാടൻ മേഖലയിലും ഒന്നാമത്തെ അവകാശം മത്സ്യ തൊഴിലാളികൾക്ക് നൽകുന്ന പുതിയ നിയമം വനാവകാശ നിയമത്തിന്റെ മാതൃകയിൽ വേണമെന്നാണ് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ പുതിയ നയത്തിൽ കുത്തകവൽക്കരണത്തിനാണ് പ്രഥമ പരിഗണന. ഭാവിയിൽ കടലിൽ നിന്നും മത്സ്യ തൊഴിലാളികളും ആട്ടിപ്പായിക്കപ്പെടും.

ബ്ലൂ റവല്യൂഷൻ എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഏകീകൃത മത്സ്യബന്ധന നയത്തിന്റെ കരട് എല്ലാ തീരദേശ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ലോക്ഡൗൺ നാളുകളിൽ തന്നെ ചർച്ചയ്ക്കായി അയച്ചു കൊടുത്തു.

ദേശീയതലത്തിൽ നിലവിലുള്ള സമുദ്ര മത്സ്യബന്ധന നയം, ഉൾനാടൻ മത്സ്യബന്ധന നയം, കടൽ മത്സ്യകൃഷി നയം, മത്സ്യോല്പന്നങ്ങളുടെ സംസ്കരണ വിപണന നയം തുടങ്ങിയവ സംയോജിപ്പിച്ചാണ് ഏകീകൃത നയം.

മത്സ്യ മേഖലയുമായി ബന്ധപ്പെടുന്ന സംഘടനകളുമായി യാതൊരു ചർച്ചയും ഇതിന്മേൽ നടത്തിയിട്ടില്ല.

മേൽപറഞ്ഞ വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത താൽപ്പര്യങ്ങളാണുള്ളതെന്നിരിക്കെ ഏകീകൃത നിയമത്തിന്റെ ഗുണം ഭരണവർഗ്ഗത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്ന കുത്തകകൾക്ക് മാത്രമായിരിക്കും. പ്രകൃതി സമ്പത്ത് എല്ലാവർക്കും തുല്യമായിട്ടുള്ളതാണ്.

കടൽ സമ്പത്തും അങ്ങനെ തന്നെയാണ്. എന്നാൽ മത്സ്യ പ്രജനനം ഉൾപ്പെടെ നടത്തുന്ന കേന്ദ്രങ്ങൾ മത്സ്യ കൃഷിക്ക് വേണ്ടി മാറ്റിവയ്ക്കുവാനും അവിടെ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് നിരോധനം ഏർപ്പെടുത്തുവാനുമാണ് കേന്ദ്ര സർക്കാർ നീക്കം.

കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്നത് പ്രത്യേക ബജറ്റ് വിഹിതത്തിനു വേണ്ടിയായിരുന്നു. പുതിയ നയം പ്രസിദ്ധീകരിച്ചിരിക്കുന്നത് മത്സ്യ, മൃഗ സംരക്ഷണ, ക്ഷീര മന്ത്രാലയമാണ്. ഫിഷറീസ് മന്ത്രാലയം എന്നത് മരീചികയാകുന്നു.

പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവരും പുറന്തള്ളപ്പെടുകയും മത്സ്യ കൃഷി നടത്തുന്നവർ ബജറ്റ് വിഹിതം കൈക്കലാക്കുകയും ചെയ്യുന്ന സ്ഥതിയാണുണ്ടാകുവാൻ പോകുന്നത്.

കുത്തകവൽക്കരണത്തിന്റെ മുന്നോടിയായിട്ടാണ് പിപിപി മാതൃകയെക്കുറിച്ച് പുതിയ നയത്തിൽ പ്രതിപാദിക്കുന്നത്. മറ്റെല്ലാ മേഖലകളിലും കണ്ടതുപോലെ ഇവിടെ പറയുന്ന പിപിപിയും ലക്ഷ്യം വയ്ക്കുന്നത് കടലിന്റെ കുത്തകവൽക്കരണം തന്നെയാണ്.

കേന്ദ്ര പാക്കേജ് മത്സ്യമേഖലയെ സംബന്ധിച്ച് നിരാശാജനകമാണ്.

തുറമുഖ വികസനത്തിനും വൻകിട മത്സ്യക്കൃഷിക്കും വേണ്ടി മാറ്റിവച്ച ബജറ്റ് വിഹിതമാണ് പുതിയ പാക്കേജിനുള്ള തുകയായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചത്. അതല്ലാതെ പ്രത്യേക തുക നീക്കിവച്ചിട്ടില്ല.

ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ, അനുബന്ധ മേഖലകളിൽ പണിയെടുക്കുന്നവർ, മത്സ്യ വില്പനക്കാർ എന്നിങ്ങനെയുള്ളവരുടെ കൈകളിൽ മൺസൂൺ കഴിയുന്നത് വരെ പണവും ഭക്ഷ്യധാന്യവും എത്തുന്നതിനുള്ള നടപടികളാണ് കേന്ദ്ര പാക്കേജിൽ ഉൾപ്പെടുത്തേണ്ടിയിരുന്നത്.

കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടാകുന്ന ചുഴലി കൊടുങ്കാറ്റുകൾ, രൂക്ഷമായ കടലാക്രമണം എന്നിവമൂലം വീടും ഭൂമിയും തൊഴിലുപകരണങ്ങളും നഷ്ടമായവരുടെ പുനരധിവാസവും പാക്കേജിൽ പരിഗണിക്കപ്പെട്ടിട്ടില്ല.

തീരദേശത്ത് ജനസാന്ദ്രത കൂടുതലായതിനാൽ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ആശുപത്രികൾക്കായി കേന്ദ്രഫണ്ട് വേണമെന്ന ആവശ്യവും പാക്കേജിൽ നിരാകരിക്കപ്പെട്ടു.

പ്രതികൂല കാലാവസ്ഥയിൽ ജീവൻ പണയംവച്ച് പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ അവർക്കായി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുകയോ ചെയ്യണം.

LatestDaily

Read Previous

കമ്മ്യൂണിസ്റ്റ് ചെറുപ്പക്കാരും കരുണയും

Read Next

യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ വില്ലനും വില്ലത്തിയും