കഞ്ചാവ് മൊത്തവിതരണക്കാരൻ ആന്ധ്രയിൽ പിടിയിൽ

കാസർകോട് :കാസർകോട് ജില്ലയിലെ കഞ്ചാവ് മൊത്തവിതരണക്കാരനെ ആന്ധ്രയിൽ പിടികൂടി. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വഷണത്തിന്റെ അടിസ്ഥാനത്തിലാണ്  ജില്ലയിലേക്ക് കഞ്ചാവെത്തിക്കുന്നയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആന്ധ്ര പോലീസിന്റെ സഹായത്തോടെ കഞ്ചാവ്  മൊത്തവിതരണക്കാരനെ   ആന്ധ്രയിൽ പിടികൂടിയത്. കാസർകോട് ആലമ്പാടി റോഡ് ശരീഫ മൻസിലിൽ ഇബ്രാഹിമിന്റെ മകൻ ആലമ്പാടി കബീറെന്ന എൻ.എം. മുഹമ്മദ് കബീറിനെയാണ് 38, ആന്ധ്രയിൽ നിന്നും പിടികൂടിയത്.

പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ മഞ്ചേശ്വരം  കുഞ്ചത്തൂരിൽ നിന്നും 3.6 കിലോ കഞ്ചാവ് കണ്ടെത്തി. ആന്ധ്രയിൽ നിന്നും കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് എൻ.എം.മുഹമ്മദ് കബീർ. ആന്ധ്രാപ്രദേശിൽ കഞ്ചാവ് കൃഷി വ്യാപകമായതിനാൽ കാസർകോട് ജില്ലയിലേക്ക് ആന്ധ്രയിൽ നിന്നാണ് കഞ്ചാവെത്തിക്കുന്നത്.

ലഹരി മാഫിയയ്ക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി കർശനമാക്കിയതിന്റെ ഭാഗമായാണ് കാസർകോട് ജില്ലയിൽ മയക്കുമരുന്ന് റെയ്ഡ് ശക്തമാക്കിയത്. കാസർകോട് പോലീസ് സബ്ബ്ഡിവിഷനിൽ നിന്നും അടുത്തകാലത്തായി വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ മറ്റ് പോലീസ് സബ്ബ് ഡിവിഷനുകളിലും  മയക്കുമരുന്ന് വേട്ട സജീവമാണ്. കാസർകോട് ജില്ലയിൽ ശക്തമായ വേരുകളുള്ള മയക്കുമരുന്ന് മാഫിയയ്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

കാസർകോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനെ പിടികൂടിയ സംഘത്തിൽ ജില്ലാപോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പുറമെ, കാസർകോട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർ, മഞ്ചശ്വരം പോലീസ് ഇൻസ്പെക്ടർ വി.വി.മനോജ്, എസ്ഐ, ബാലകൃഷ്ണൻ സി.കെ , സീനിയർ സിവിൽ പോലീസ് ഒാഫീസർ ശിവകുമാർ, സിവിൽ പോലീസ് ഒാഫീസർമാരായ ഗോകുല എസ്, ഷജീജ്, പോലീസ് ഡ്രൈവർ രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു. പിടിയിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

യുവാവ് എംഡിഎം ഏയുമായി പിടിയിൽ

Read Next

മംഗളൂരു–കോഴിക്കോട്, ചെറുവത്തൂർ–മംഗളൂരു ട്രെയിനുകൾ നാളെ മുതൽ