പ്രമാണിക്ക് വേണ്ടി വഴിയോര വിശ്രമ കേന്ദ്രം മാറ്റി, പള്ളിക്കര ഗ്രാമപഞ്ചായത്തിനെതിരെ അഴിമതി ആരോപണം

പള്ളിക്കര :  കെഎസ്ടിപി റോഡിൽ ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷൻ റോഡിന് തൊട്ട് തെക്കുഭാഗത്തുള്ള പ്രമാണിയുടെ വീടിന് മുന്നിൽ സ്ഥാപിക്കാൻ നിർമ്മാണമാരംഭിച്ച കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കേന്ദ്ര സർക്കാർ പദ്ധതിയായ വഴിയോര വിശ്രമ കേന്ദ്രം, പ്രമാണിക്ക് വേണ്ടി സ്ഥലത്ത് നിന്ന് മാറ്റി. കുഞ്ഞുമുഹമ്മദ് ഹാജിയെന്ന പ്രവാസി ധനാഢ്യന്റെ അഞ്ചു നില കെട്ടിടത്തിന് മുന്നിലുള്ള റവന്യൂ പുറമ്പോക്കിൽ പണിയാൻ കുഴികുത്തി കല്ലുകൾ നിരത്തിയ വിശ്രമ കേന്ദ്രമാണ് ഇപ്പോൾ സിപിഎമ്മിലെ ഒരു പ്രത്യേക ലോബി ഇടപെട്ട് സ്ഥലത്ത് നിന്ന് മാറ്റിയത്.

റെയിൽവെ സ്റ്റേഷൻ റോഡ് ജംഗ്ഷനിൽ കെഎസ്ടിപി റോഡിന് തൊട്ടുകിഴക്ക് ഭാഗത്താണ് പള്ളിക്കര ഗ്രാമപഞ്ചായത്തും, ബ്ലോക്കുപഞ്ചായത്തും, ആദ്യം ഇൗ വഴിയോര വിശ്രമ കേന്ദ്രത്തിന് പുറമ്പോക്ക് ഭൂമി കണ്ടെത്തിയത്. ബസ്സ്സ്റ്റാന്റ്നിലവിലില്ലാത്ത പഞ്ചായത്തിൽ 35 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയിൽ പണിയാനുദ്ദേശിക്കുന്ന വിശ്രമ കേന്ദ്രത്തിൽ അഞ്ചു ശുചിമുറിയും, യാത്രക്കാർക്ക് ചായ അടക്കമുള്ള പാനീയങ്ങൾ ലഭിക്കുന്ന കാന്റീനുമാണ് നിർമ്മാണ പദ്ധതി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മുഖാന്തിരമാണ് ഫണ്ട് അനുവദിക്കുന്നത്

റെയിൽവെ സ്റ്റേഷൻ റോഡ് ജംഗ്ഷന് കിഴക്കുഭാഗത്തുള്ള ബസ്സ് സ്റ്റോപ്പ് പുറമ്പോക്കിൽ ആദ്യം കണ്ടെത്തിയ സ്ഥലം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് എഞ്ചിനീയർമാരടക്കം പരിശോധിച്ചപ്പോൾ, സ്ഥലത്ത് ഭൂമിക്കടിയിലൂടെ കുടിവെള്ള പൈപ്പുകളടക്കമുള്ള എട്ടോളം കാബിളുകൾ കടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ, പ്രസ്തുത സ്ഥലം വിശ്രമ കേന്ദ്രത്തിന് പറ്റില്ലെന്ന് തീരുമാനിച്ചതിന് ശേഷമാണ്, ഇൗ വിശ്രമ കേന്ദ്രം കെഎസ്ടിപി റോഡിന് പടിഞ്ഞാറുഭാഗത്തുള്ള കുഞ്ഞുമുഹമ്മദ് ഹാജിയുടെ അഞ്ചുനില ക്കെട്ടിടത്തിന്റെ മുന്നിലുള്ള പുറമ്പോക്കിലേക്ക് മാറ്റിയത്. ഇൗ സ്ഥലത്ത് വിശ്രമ കേന്ദ്രം പണിയാൻ കല്ലിറക്കുകയും, കുഴികുത്തുകയും ചെയ്ത ശേഷമാണ് ഗ്രാമപഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത് ഭരണാധികാരികൾ ഇടപെട്ട് വീണ്ടും വിശ്രമകേന്ദ്രം ആദ്യം അനുയോജ്യമല്ലെന്ന് എഞ്ചിനീയർമാരടക്കം തീർത്തുപറഞ്ഞ സ്ഥലത്തേക്ക് തന്നെ മാറ്റിയത്.

കുഞ്ഞുമുഹമ്മദ് ഹാജിയുടെ കെട്ടിടത്തിന് മുന്നിലുള്ള സ്ഥലത്ത് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പൊടുന്നനെ നിർത്തിവെച്ചതിന് പിന്നിൽ അഴിമതി നടന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. കെഎസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗത്ത് വിശ്രമ കേന്ദ്രം നിർമ്മാണമാരംഭിച്ച സ്ഥലത്തിന് പിന്നിലുള്ള വീട്ടുടമ കുഞ്ഞുമുഹമ്മദ് ഹാജി സജീവ മുസ്്ലിം ലീഗ് അനുഭാവിയാണ്.

ഹാജിയുടെ താൽപ്പര്യം സംരക്ഷിക്കാൻ സിപിഎം ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണാധികൾ മുന്നിട്ടിറങ്ങിയതാണ് പള്ളിക്കര സിപിഎമ്മിൽ ഇപ്പോൾ ഉയർന്നിട്ടുള്ള മുഖ്യചർച്ച. 35 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയാണെങ്കിലും, നിലവിലുള്ള പ്ലാനനുസരിച്ച് 15 ലക്ഷം  രൂപയ്ക്ക് വിശ്രമ കേന്ദ്രം പൂർത്തീകരിക്കാൻ കഴിയുമെന്ന ആരോപണം മറ്റൊരു ഭാഗത്തും ഉയർന്നിട്ടുണ്ട്.

LatestDaily

Read Previous

വിവാഹപൂർവ്വ കൗൺസിലിങ്ങ്

Read Next

പള്ളിക്കര ഹൈസ്കൂൾ പരിസരത്ത് തീ അഗ്നി രക്ഷാസേനയെത്തി അണച്ചു